ബാലചന്ദ്രന്‍ ചുള്ളിക്കാട് …

മലയാള കവിതയിലെ ‘ക്ഷുഭിതയൗവനം’ ബാലചന്ദ്രൻ ചുള്ളിക്കാടിന് ഇന്ന് 66-ാം പിറന്നാൾ ….

“ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ….” തുടങ്ങി എന്നുമെന്നെന്നും ഓർത്തു വയ്ക്കാൻ ഒരുപിടി പ്രണയ കവിതകൾ കുറിച്ചിട്ട,
ഒരു കാലത്ത് കലാലയ മനസുകളുടെ ആരാധനാ മൂർത്തിയായിരുന്ന കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട്.

സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി.
മലയാള കവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി
ജോലിയിൽ പ്രവേശിച്ചു. 1999 ൽ ബുദ്ധമതം സ്വീകരിച്ചു. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.

ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശ ഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു.
പ്രധാന കൃതികള്‍ : 18 കവിതകള്‍, അമാവാസി, ഗസല്‍, ഡ്രാക്കുള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാ പരിഭാഷകള്‍, പ്രതിനായകന്‍,
,ചിദംബരസ്മരണ, ഹിരണ്യം….

1990 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്കൃതി അവാർഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരിൽ ഒരവാർഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2001 ൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചെങ്കിലും ബാലചന്ദ്രൻ സ്വീകരിച്ചില്ല. തന്‍റെ വായനക്കാരേയോ , സമൂഹത്തേയോ
സ്വാധീനിക്കാനായി ബോധപൂര്‍വ്വമായ യാതൊരു ശ്രമങ്ങളും നടത്താത്ത , ഇന്നും മലയാള കവിതയിലെ ജ്വലിക്കുന്ന ക്ഷുഭിതയൗവനവും , ധിക്കാരിയുമായ ചുള്ളിക്കാടിന് ഹൃദയം
നിറഞ്ഞ ജന്മദിനാശംസകള്‍ …….

“ചില കവികള്‍ ഇന്നത്തെ
മന്ത്രിമാരെപ്പലെയാണ്.
അവര്‍ക്ക് ഗണ്‍മാന്‍മാരുണ്ട്
അവരെ ആരെങ്കിലും കൂവിയാല്‍
ഗണ്‍മാന്‍മാര്‍ വെടിവെച്ച് കൊല്ലും
ഒരു ദിവസം ഭ്രാന്തിളകിയ
സ്വന്തം ഗണ്‍മാന്റെ വെടിയേറ്റ്
അവര്‍ മരിച്ചുവീഴാനും മതി.

ചില കവികള്‍
എല്‍ .ഐ .സി ഏജന്റുമാരെപ്പോലെയാണ്
അവരെ കാണുമ്പോള്‍
മരണത്തെക്കുറിച്ചോര്‍ത്ത്
മറ്റുള്ളവര്‍ മുങ്ങിക്കളയും…”

Posted in movie | ഒരു അഭിപ്രായം ഇടൂ

ഉമ്മന്‍ ചാണ്ടി …..

ഉമ്മൻ ചാണ്ടി നാടിന് നല്കിയ ഏറ്റവും വലിയ സംഭാവന വിയോജിപ്പുകളോടും വിമർശനങ്ങളോടുമുള്ള ഉന്നതമായ ജനാധിപത്യ ബോധത്തിലധിഷ്ഠിതമായ സമീപനമാണ്.
നിരന്തരം വിമർശിച്ച മാധ്യമ പ്രവർത്തകർ ആരോടും അദ്ദേഹം മുഖം തിരിച്ചില്ല.
അണികളെക്കൊണ്ട് തെറി വിളിപ്പിക്കലും നുണപ്രചാരണവും നടത്തിയില്ല.
മറിച്ചദ്ദേഹം മനുഷ്യരുടെ വിയോജിക്കാനുള്ള അവകാശത്തിൻ്റെ സംരക്ഷകനായി.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പല വികസന പ്രവര്‍ത്തനങ്ങളോടും നമ്മള്‍ വിയോജിച്ചു , ഇപ്പോഴും വിയോജിപ്പ് തുടരുന്നു .
എന്നാലും ആരോടും പകയില്ലാതെ അദ്ദേഹം ജീവിച്ചു. വിയോജിച്ചവരേയും ചേര്‍ത്ത് നിര്‍ത്തി .ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരുന്നിരുന്നെങ്കിൽ ആദ്യം ഡിജിപിയെ വിളിച്ച് വിനായകനെതിരായ കേസ് പിൻവലിക്കാനാവശ്യപ്പെടുമായിരുന്നു.
ലിബറലുകളും വിപ്ളവകാരികളും പോലും സമഗ്രാധിപത്യ പ്രവണതകൾ കാണിക്കുന്ന ഒരു കെട്ടകാലത്തിലാണ് ചേർത്ത് പിടിക്കലിൻ്റെ ആ വിശാല മനുഷ്യത്വം മാഞ്ഞ് പോകുന്നത്.
ഭരണാധികാരിയെന്ന നിലയിൽ വിയോജിപ്പുകൾ ഒരുപാട് ബാക്കിയുണ്ട്. പക്ഷെ ഒരു മനുഷ്യനും ജനാധിപത്യവാദിയുമെന്ന നിലയിൽ ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത വ്യക്തിത്വമാണ്.
ബഹുഭൂരിപക്ഷം ജനങ്ങളും നിസ്വരും ആവലാതിക്കാരും നീതി നിഷേധിക്കപ്പെടുന്നവരുമായി തുടരുന്ന ഒരു നാട്ടിൽ ഒരു മുഖ്യമന്ത്രി വില്ലേജോഫീസറുടെ അത്രയെങ്കിലും ഉയരത്തിൽ പ്രവർത്തിക്കണമെന്നദ്ദേഹം ബോധ്യപ്പെടുത്തി.
വൻ പദ്ധതികളും , അദാനിയുമല്ല ഉമ്മൻ ചാണ്ടിയ്ക്ക് ആദരമർപ്പിക്കാൻ മണിക്കൂറുകൾ കാത്തു നിന്നത്.
തങ്ങളുടെ ആവലാതികൾ കേൾക്കാൻ തയ്യാറായ നേതാവിനോട് നന്ദിയുള്ള സാധു മനുഷ്യരായിരുന്നു.

Posted in movie | ഒരു അഭിപ്രായം ഇടൂ

ഓപ്പെന്‍ഹെയ്മര്‍ ….

ക്രിസ്റ്റഫര്‍ നോളന്‍ സിനിമകള്‍ എന്നും നമ്മെ ആകര്‍ഷിച്ചത് പ്രമേയത്തിലെയും , അവതരണത്തിലെയും സങ്കീര്‍ണ്ണതകള്‍ കൊണ്ടായിരുന്നു .
ചിത്രങ്ങള്‍ കണ്ട് മാസങ്ങളും , വര്‍ഷങ്ങളുമായി നാമത് ചര്‍ച്ച ചെയ്യുന്നു , അതിനോട് കലഹിച്ചു കൊണ്ടിരിക്കുന്നു .
ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നു . മറ്റൊന്ന് ഗ്രാഫിക്സ് വര്‍ക്കുകളെ അധികം ആശ്രയിക്കാത്ത യഥാതഥമായ രംഗങ്ങളായിരുന്നു .
എന്നാല്‍ ഓപ്പെന്‍ഹെയ്മറില്‍ വരുമ്പോള്‍ ഇതിനെല്ലാമുള്ള സാധ്യതകള്‍ നാമ മാത്രമാണ് .

ഹിരോഷിമയെയും നാഗസാക്കിയെയും ചാമ്പലാക്കിയ ആറ്റം ബോംബിന്‍റെ പിതാവായ ഓപ്പെന്‍ഹെയ്മറുടെ ഒരു ബയോപ്പിക് ആയാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത് . പുലിസ്റ്റര്‍
സമ്മാനം നേടിയ “അമേരിക്കന്‍ പ്രൊമിത്യൂസ് ” എന്ന ബുക്കാണ് ചിത്രത്തിന് ആധാരം .
വളരെ ഗഹനമായ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഡ്രാമയാണ് ഓപ്പെന്‍ഹെയ്മര്‍ . മറ്റ് നോളന്‍ സിനിമകളിലുള്ള അനേകം സാധ്യതകള്‍ ഈ പ്രമേയത്തിനവകാശപ്പെടാനാകില്ല .
ഓപ്പെന്‍ഹെയ്മറുടെ പ്രശ്നകലുഷിതമായ ബാല്യ കൗമാര യൌവ്വനങ്ങളും , അദ്ദേഹത്തിന്‍റെ ഉയര്‍ച്ച താഴ്ചകളും
ചിത്രം ചര്‍ച്ച ചെയ്യുന്നു . അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് (Cillian Murphy, Matt Damon, Emily Blunt, Robert Downey Jr. and Florence Pugh) ചിത്രത്തെ
വേറിട്ട്‌ നിര്‍ത്തുന്നത് . വളരെ സമ്പന്നമായ പ്രൊഡക്ഷന്‍ അന്തരീക്ഷവും , കൊളുത്തി വലിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന് മിഴിവേകുന്നുണ്ട് .
എങ്കിലും ആറ്റം ബോംബിന്‍റെ പിതാവിന്‍റെ കഥ പറയുമ്പോള്‍… പ്രത്യേകിച്ച് പിന്നീട് അയാളെ വേട്ടയാടിയ കുറ്റബോധത്തിന്‍റെ
കഥ പറയുമ്പോള്‍ അത് എഫക്ടീവ് ആകണമെങ്കില്‍ ആ ദുരന്തപ്രദേശത്തിന്‍റെ ദൃശ്യങ്ങള്‍ കൂടി ആകാമായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.
ജീവിതകഥ ആണെന്ന് അറിയാമായിരുന്നു എങ്കിലും CGI near to zero എന്ന പ്രഖ്യാപനം നല്‍കിയ ” സ്ഫോടനങ്ങളുടെ സൂപ്പര്‍ തിയേറ്റര്‍ എക്സ്പീരിയന്‍സ് ”
എന്ന പ്രതീക്ഷയും അസ്ഥാനത്തായി. മൂന്നേകാല്‍ മണിക്കൂര്‍ നീളുന്ന ഒരു ഇന്റന്‍സ് ഡ്രാമ കാണാം എന്നതൊഴിച്ചാല്‍
നോളന്‍റെ മുന്‍കാല ചിത്രങ്ങളുടെ അയലത്ത് പോലും എത്താത്ത ഈ ചിത്രം എന്നെ നേരിയതയായി നിരാശപ്പെട്ടുത്തി എന്നതാണ് സത്യം .

Oppenheimer

Oppenheimerreview

ഓപ്പെന്‍ഹെയ്മര്‍

ഓപ്പെന്‍ഹെയ്മര്‍ റിവ്യൂ

Posted in movie | ഒരു അഭിപ്രായം ഇടൂ

റെയ്ഹാന ജബ്ബാരി(Reyhaneh Jabbari)യുടെ കത്ത് ….

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം.

പ്രിയപ്പെട്ട ഉമ്മയ്‍ക്ക്,
നമ്മുടെ രാജ്യത്തിന്റെ ‘നിയമം’ (ഖിസാസ്- law of retribution) അനുസരിക്കേണ്ട സമയം വന്നിരിക്കുന്നു. ജീവിതത്തിന്റെ അന്ത്യനിമിഷത്തിലാണ് ഞാന്‍. അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയാം. എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനെത്താത്? എന്തുകൊണ്ടാണ് ഉപ്പയും ഉമ്മയും എനിക്ക് പണ്ട് നല്‍കിയ പോലത്തെ ഉമ്മകള്‍ നല്‍കാനെത്താതിരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിതായിരുന്നു. എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും അഴുക്കു ചാലില്‍ വലിച്ചെറിയപ്പെടേണ്ടതായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ദ്രവിച്ചു പഴകിയ മൃതദേഹം തിരിച്ചറിയാന്‍വേണ്ടി ഉമ്മയെയും കൂട്ടി അവര്‍ പോകുമായിരുന്നു. ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതാണെന്ന് അന്ന് ഉമ്മ കേള്‍ക്കുമായിരുന്നു.
ധനികനും അധികാരമുള്ളവനുമായ കൊലപാതകിയെ ആരും അന്വേഷിച്ച് ചെല്ലുകയില്ല. അപമാനവും വേദനയും സഹിച്ച് ഉമ്മ പിന്നീട് ജീവിക്കേണ്ടി വരുമായിരുന്നു. കുറച്ചുകഴിയുമ്പോള്‍ ആ വേദനയാല്‍ നിങ്ങളും മരണപ്പെടും, അത്രമാത്രം.
പക്ഷെ കഥ മാറ്റിയെഴുതപ്പെട്ടല്ലോ. തെരുവില്‍ കീറിവലിച്ചെറിയപ്പെടാഞ്ഞതിനു പകരമായി അവരെന്നെ ഏകാന്ത തടവറകളിലേക്ക് തള്ളി. എല്ലാം വിധിയാണെന്ന് കരുതാം. ഒരിക്കലും പരാതിപ്പെടരുത്. കാരണം മരണം ഒരിക്കലും ജീവിതത്തിന്റെ അവസാനമേ അല്ല.
ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ, ഓരോരുത്തരും ഈ ലോകത്തേക്ക് കടന്നുവരുന്നത് അനുഭവങ്ങള്‍ നേടാനാണെന്ന്, പാഠങ്ങള്‍ പഠിക്കാനാണെന്ന്, ഓരോരുത്തര്‍ക്കും അര്‍പ്പിതമായ കടമകള്‍ നിറവേറ്റാനാണെന്ന് നിങ്ങള്‍ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്.ഓരോ ജന്മത്തിലും ഓരോ ഉത്തരവാദിത്തം നാം ഏല്‍ക്കേണ്ടിവരുന്നു. ചിലപ്പോള്‍ പോരാടേണ്ടിവരുന്നു. സ്‌കൂളില്‍ പോയാല്‍ വഴക്കും വക്കാണവുമുണ്ടാക്കാതെ മാന്യമായി പെരുമാറണമെന്ന് ഉമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലേ. പക്ഷേ ഇവരുടെ കോടതിയില്‍ ഞാന്‍ ക്രൂരയായ ഒരു കൊലപാതകിയാണ്. ഞാന്‍ കണ്ണീര്‍ വീഴ്ത്തില്ല.
ജീവനുവേണ്ടി ആരോടും കെഞ്ചുകയുമില്ല. നിയമത്തെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറയാതിരുന്നു. എങ്കിലും അവരെന്നെ കുറ്റവാളിയാക്കി. ഉമ്മയ്ക്ക് അറിയാമല്ലോ, ഞാന്‍ കൊതുകുകളെ പോലും കൊല്ലാറല്ലെന്ന്. പാറ്റകളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാല്‍ കൊമ്പില്‍ തൂക്കിയെടുത്ത് കളയാറല്ലായിരുന്നോ ഞാന്‍. പക്ഷെ ഇവരുടെ മുമ്പില്‍ ഞാന്‍ വലിയ കുറ്റവാളിയാണ്.
മൃദുലമായ എന്റെ കൈകള്‍ ഒരു കൊലപാതകിയുടേതെന്ന് ജഡ്ജി മനസിലാക്കിയെതെന്താവാം? നമ്മള്‍ സ്‌നേഹിച്ചിരുന്ന ഈ ദേശത്തിന് എന്നെ വേണ്ടായിരുന്നോ? എന്നെ ചോദ്യം ചെയ്തയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഞാന്‍ വാവിട്ട് കരഞ്ഞപ്പോള്‍ ആരും കാണാനുണ്ടായിരുന്നില്ല. എത്ര അശ്ലീലമായ ഭാഷയാണ് അയാള്‍ എനിക്കു നേരെ പ്രയോഗിച്ചതെന്നറിയുമോ? എന്റെ സൗന്ദര്യത്തിനെ നശിപ്പിക്കാനെന്ന വണ്ണം മുടി മുഴുവന്‍ അവര്‍ മുറിച്ചുകളഞ്ഞു. പിന്നെ 11 ദിവസം ഏകാന്ത തടവറയിലിട്ടു.
ആദ്യ ദിവസം തന്നെ പോലീസുകാരിലൊരാള്‍ എന്റെ നഖം പിഴുതെടുത്തു. കാഴ്ചയിലും ചിന്തയിലും ശബ്ദത്തിലും കണ്ണിലും കൈയെഴുത്തിലുമൊന്നും അവര്‍ നല്ലതൊന്നും കണ്ടില്ല. എന്റെ പ്രിയപ്പെട്ട ഉമ്മ മനസിലാക്കണം, എന്റെ ആദര്‍ശങ്ങളെല്ലാം മാറിപ്പോയെന്ന്. ഉമ്മയല്ല അതിന് ഉത്തരവാദി. എനിക്ക് വാക്കുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. എല്ലാം ഞാന്‍ ഒരാളിന് കൊടുത്തിട്ടുണ്ട്. ഉമ്മയെ അറിയിക്കാതെയോ ഉമ്മയുടെ സാന്നിദ്ധ്യത്തിലല്ലാതെയോ ഞാന്‍ വധിക്കപ്പെട്ടാല്‍ അതെല്ലാം ഉമ്മയ്ക്ക് നല്‍കും. ഒരുപാട് കാര്യങ്ങളാണ് ഞാന്‍ എഴുതിയിരിക്കുന്നത്. എന്റെ ഉമ്മ ഒരിക്കലും കരയരുത്.
മരിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ ഉമ്മ എനിക്ക് ചെയ്തുതരണം. ഉമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് അത് ചെയ്യണം. ഉമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം നിറവേറ്റാന്‍ ഉമ്മയ്ക്ക് സമയം വേണമെന്നറിയാം. എന്റെ വില്‍പത്രത്തിന്റെ ഒരു ഭാഗം ഉമ്മയെ അറിയിക്കും. അത് കണ്ട് കരയരുത്. ശ്രദ്ധിച്ച് മനസിലാക്കണം. പിന്നീട് കോടതിയില്‍ പോയി എന്റെ അപേക്ഷ അവരെ ബോധിപ്പിക്കണം. ജയിലിനകത്തുനിന്ന് ഒരു കത്തെഴുതി ഉമ്മയെ അറിയിക്കാന്‍ എന്നെ ജയില്‍മേധാവി അനുവദിക്കുകയില്ല. ഇക്കാര്യത്തിനുവേണ്ടി ഉമ്മ അവരോട് യാചിച്ചാലും കുഴപ്പമില്ല. പക്ഷേ ഒരിക്കലും എന്റെ ജീവനുവേണ്ടി യാചിക്കരുത്.
എന്റെ പ്രിയപ്പെട്ട ഉമ്മ ചെയ്യേണ്ടത് ഇതാണ്. എന്റെ ശരീരം മണ്ണില്‍ കിടന്ന് ജീര്‍ണിക്കാന്‍ അനുവദിക്കരുത്. എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും എല്ലുകളും എന്നു മാത്രമല്ല, എന്തൊക്കെ മാറ്റിവയ്ക്കാമോ അതെല്ലാം ദാനം ചെയ്യണം ഞാനാണ് അത് ദാനം ചെയ്തതെന്ന് സ്വീകരിക്കുന്നവര്‍ അറിയരുത്. അവര്‍ എനിക്കുവേണ്ടി പൂച്ചെണ്ടുകള്‍ അര്‍പ്പിക്കരുത്, പ്രാര്‍ത്ഥിക്കുകപോലും ചെയ്യരുത്. എന്റെ ഹൃദയത്തില്‍ തട്ടി ഞാന്‍ പറയുകയാണ്, ഉമ്മയ്ക്ക് വന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കരയാനോ ഒരു കല്ലറ എനിക്കുവേണ്ടി കരുതരുത്. ഉമ്മ കറുത്ത വസ്ത്രം പോലും ധരിക്കരുത്. എന്റെ ദുരിതദിനങ്ങള്‍ മറക്കാന്‍ ഉമ്മ ആവുന്നതെല്ലാം ചെയ്യണം. കാറ്റില്‍ അലിയാനാണ് എനിക്കിഷ്ടം.
ഈ ലോകം നമ്മളെ സ്‌നേഹിച്ചില്ല. എന്റെ ജീവിതം ഈ ലോകത്തിന് വേണ്ടായിരുന്നു. അത് ഞാന്‍ ത്യജിച്ച് മരണത്തെ പുല്‍കുന്നു. ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ ഈ പൊലീസുകാരെയും ജഡ്ജിമാരെയുമെല്ലാം പ്രതികളാക്കും. എന്നെ പീഡിപ്പിക്കാന്‍ മടിക്കാതിരുന്ന, എന്നെ മര്‍ദ്ദിച്ച എല്ലാ അധികാരികളെയും ഞാന്‍ ദൈവത്തിന്റെ കോടതിയില്‍ പ്രതികളാക്കും. എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതിനും എന്നെ കുറ്റക്കാരിയാക്കിയതിനും അവര്‍ ദൈവത്തിന്റെ കോടതിയില്‍ വിസ്തരിക്കപ്പെടും.
ആ ലോകത്ത് വിധി പറയുന്നവര്‍ എന്റെ ഹൃദയാലുവായ അമ്മയും ഞാനുമായിരിക്കും. തീര്‍ച്ച, അവര്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തന്നെയായിരിക്കും. എല്ലാം ദൈവം നിശ്ചയിക്കട്ടെ. മരിക്കുന്നതുവരെ ഉമ്മയെ കെട്ടിപ്പിടിച്ചിരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോവുന്നു. എന്റെ ഉമ്മയെ ഞാന്‍ അത്രയ്‍ക്ക് ഇഷ്ടപ്പെടുന്നു……

ടെക്സ്റ്റ് റഫീഖ് ആറളം

#റെയ്ഹാനജബ്ബാരി

#Reyhaneh Jabbari

Posted in movie | ഒരു അഭിപ്രായം ഇടൂ

മിലന്‍ കുന്ദേര ..

Czech author Milan Kundera on September 17, 1982 in Paris, France. (Photo by Francois LOCHON/Gamma-Rapho via Getty Images)

വിശ്വപ്രസിദ്ധ എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ചെക് പബ്ലിക് ബ്രോഡ്കാസ്റ്റ് ടെലിവിഷനാണ് മരണവിവരം അറിയിച്ചത്. ചെക്കോസ്ലാവാക്യയിൽ ജനിച്ച കുന്ദേര, നാട്ടിലെ പൗരത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഫ്രാൻ‌സിലാണ് ജീവിച്ചിരുന്നത്. ചൊവ്വാഴ്ച പാരിസിലായിരുന്നു അന്ത്യം. മനുഷ്യത്വ വിരുദ്ധമാകുന്ന അധികാരത്തിനും ഭരണകൂടത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത കുന്ദേരയുടെ പ്രശസ്ത കൃതികൾ ദ് അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ് ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്, ദ് ജോക്ക്, ഇമ്മോർട്ടാലിറ്റി, ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻ‌‌സ് തുടങ്ങിയവയാണ്.

1929 ഏപ്രിൽ 1ന് ചെക്കോസ്ലോവാക്യയിലെ ബർണോ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. പിയാനിസ്റ്റും സംഗീതപണ്ഡിതനുമായിരുന്ന ലുഡ്‌വിക് കുന്ദേരയായിരുന്നു പിതാവ്. കുട്ടിക്കാലത്ത് മിലൻ കുന്ദേര പിയാനോ പഠിച്ചിരുന്നു. പിന്നീട് മ്യൂസിക്കോളജിയും പഠിച്ചു. കൗമാരത്തിൽ അദ്ദേഹം ചെക്കോസ്ലോവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1948 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷം കുന്ദേര പ്രാഗിലെ ചാൾസ് സർ‌വകലാശാലയിൽ സാഹിത്യവും ലാവണ്യശാസ്ത്രവും പഠിക്കാൻ ചേർന്നു. പിന്നീട് അക്കാദമി ഓഫ് പെർഫോമിങ് ആർട്സിൽ വിദ്യാർഥിയായി. പാർട്ടി വിരുദ്ധ നിലപാടെടുത്തു എന്ന പേരിൽ 1950 ൽ അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കി. 1967 ൽ എഴുതിയ ദ് ജോക്ക് എന്ന നോവലിൽ അതിനെപ്പറ്റി സൂചനകളുണ്ട്.

ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ എടുത്ത നിലപാടുകളാണ് കുന്ദേരയെ ഭരണകൂടത്തിന് അനഭിമതനാക്കിയത്. 1956 ൽ പാർട്ടി അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും 1970 ൽ വീണ്ടും പുറത്താക്കി.

അലക്സാണ്ടർ ഡ്യൂബ്ചെക്ക് നേതൃത്വം നൽകിയ, പ്രാഗ് വസന്തം എന്നറിയപ്പെടുന്ന രാഷ്ട്രീയ നീക്കത്തിൽ‌ കുന്ദേരയും പങ്കാളിയായിരുന്നു. അതാണ് കുന്ദേരയെ വീണ്ടും പുറത്താക്കിയതിൽ കലാശിച്ചത്. കമ്യൂണിസ്റ്റ് സർക്കാർ കുന്ദേരയുടെ കൃതികൾ നിരോധിച്ചു. 1979 ൽ കുന്ദേരയുടെ ചെക്കോസ്ലോവാക്യൻ പൗരത്വം സർക്കാർ റദ്ദാക്കി. അതിനുമുൻപ്വ1975 ൽത്തന്നെ അദ്ദേഹം ഭാര്യയ്ക്കൊപ്പം ഫ്രാൻസിലെത്തിയിരുന്നു. ഫ്രഞ്ച് സർക്കാർ 1981 ൽ അവർക്കു ഫ്രഞ്ച് പൗരത്വം നൽകി. പിന്നീട് 2019 ലാണ് ചെക്ക് റിപ്പബ്ലിക് കുന്ദേരയ്ക്ക് തങ്ങളുടെ രാജ്യത്തിന്റെ പൗരത്വം തിരികെ നൽകിയത്.

#മിലന്‍കുന്ദേര

#milankundera

Posted in movie | ഒരു അഭിപ്രായം ഇടൂ

ന്യൂ ജെനറേഷന്‍ മിനി കഥ ….

ഓഫീസിലെ താങ്ങാനാവാത്ത വര്‍ക്ക്‌ പ്രെഷറില്‍ ഒരു ആശ്വാസമായിരുന്നു പ്രീതിയുമായുള്ള സൗഹൃദം . പരസ്പരം താങ്ങായും ,
തണലായും പതിയെ വളര്‍ന്ന സൗഹൃദം അവരറിയാതെ പ്രണയമായി മാറി . വീട്ടില്‍ ഭാര്യയുടെ മുഖം കാണുമ്പോള്‍
അതയാളില്‍ കുറ്റബോധം നിറച്ചു . രണ്ട് മക്കളുടെ പിതാവായ തന്‍റെ പ്രണയം പ്രീതിയുടെ വീട്ടുകാര്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന്
അയാള്‍ക്കറിയാമായിരുന്നു . പതിയെ പതിയെ അയാള്‍ കുടുംബത്തിനായി അഹോരാത്രം പണിയെടുക്കുന്ന ഭാര്യയെ മറന്നു , രണ്ട് മക്കളെ മറന്നു .
ഒടുവില്‍ അയാള്‍ പ്രീതിയുമായി ഒളിച്ചോടാന്‍ തീരുമാനിച്ചു . സര്‍ക്കാര്‍ ജോലിയുള്ള ഭാര്യക്ക് മക്കളെ വളര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന്
അയാള്‍ സ്വയം സമാധാനിച്ചു . രാത്രി ഉറങ്ങാന്‍ നേരം അയാള്‍ പതിവിലധികം ഭാര്യയേയും , മക്കളേയും പുന്നാരിച്ചു . പിറ്റേന്ന് വെളുപ്പിന്
പ്രീതിയെ ബസ് സ്റ്റാന്റില്‍ നിന്നും പിക്ക് ചെയ്യാമെന്നാണയാള്‍ ഏറ്റിരുന്നത് . ഭാര്യക്കായി മാപ്പെഴുതിയ ഒരു കത്തും അയാള്‍ തയ്യാര്‍ ചെയ്തിരുന്നു .
അന്ന് രാത്രി അയാള്‍ മക്കളുടെ കൂടെയാണ് കിടന്നത് . വെളുപ്പിന് ഒച്ചയുണ്ടാക്കാതെ അയാള്‍ എഴുന്നേറ്റ് പതുക്കെ റെഡിയായി . പോകാന്‍ നേരം
ഭാര്യക്ക്‌ വായിക്കാനായി അവളുടെ മുന്നില്‍ കത്ത് വയ്ക്കാന്‍ ചെന്നപ്പോള്‍ ഭാര്യയെ കണ്ടില്ല . അവിടെ അയാളെ കാത്ത് മറ്റൊരു കത്ത്
ഇരിപ്പുണ്ടായിരുന്നു ….

“പ്രിയപ്പെട്ട രഘു അണ്ണന് …. ഞാനും , അപ്പുറത്തെ സുകു അണ്ണനുമായി പിരിയാന്‍ ആകാത്ത വിധം അടുത്തുപോയി .
ഇനിയും എനിക്ക് വഞ്ചിക്കാന്‍ വയ്യ . അതിനാല്‍ ഞാന്‍ സുകുവണ്ണനൊപ്പം പോകുന്നു . എന്നെ വെറുക്കരുത് .
മക്കളെ അണ്ണന്‍ പൊന്നുപോലെ നോക്കണം ….. അണ്ണന് എന്‍റെ നൂറുമ്മകള്‍ …. “

Posted in movie | ഒരു അഭിപ്രായം ഇടൂ

വിക്ടര്‍ ജോര്‍ജ്ജ് …

ഓരോ തവണ മഴയുടെ ചിത്രങ്ങള്‍ എടുക്കുമ്പോഴും ഞാന്‍ വിക്ടര്‍ ജോര്‍ജ്ജിനെ ഓര്‍ക്കും .
പെയ്തുതോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവച്ച്, മഴയോടലിഞ്ഞു ചേര്‍ന്ന മഴയുടെ സ്വന്തം കൂട്ടുകാരന്‍….. ആ മഴ തന്നെ ചിതയോരുക്കിയ അതുല്യ കലാകാരന്‍ ….
ഇന്ന് ഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്റെ 22-ാം ഓർമ്മദിനം 📸
മലയാളികൾക്ക് അത്രമേൽ ദൃശ്യ ഭംഗി സമ്മാനിച്ച വിക്ടർ ജോർജ്ജ് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്‍റെ ചിത്രങ്ങൾ എടുക്കവേ
മണ്ണിടിച്ചിലിൽ ആകസ്മികമായി കാണാതായി . മലയാളിയുടെ ഓരോ മഴ ഓർമകളിലും വിക്ടർ ഇന്നും ഒരു നനുത്ത നൊമ്പരമായി തുടരുകയാണ്.
മഴയെ ഇത്രയധികം സ്‌നേഹിച്ച വിക്ടറിന്‍റെ ക്യാമറയിൽ അവസാനം പകർത്തിയതും മഴയുടെ കോപം നിറഞ്ഞ മുഖങ്ങളായിരുന്നു.

2001 ജൂലൈ 9 ന് ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിന്‍റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ കുത്തൊഴുക്കിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽപെട്ടാണ് വിക്ടറിനെ കാണാതാകുന്നത് .
ജീവിതത്തിന്റെ അവസാന ഫ്രെയിമിൽ നിന്ന് കുടയും ചൂടി വിക്ടർ ജോർജ് കാണാമറയത്തേക്ക് നടന്നുപോയത് 23 വർഷം മുമ്പാണ്. വെള്ളിയാനിയിലുണ്ടായ ഉരുൾപൊട്ടലിന്‍റെ
ചിത്രമെടുക്കാനാണ് മലയാള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജ്ജ് പോയത്. തോരാതെ പെയ്ത മഴയും ഉരുൾപൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്‍റെ ക്യാമറയിൽ
പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങൾ കൂടുതലായി പകർത്താൻ ഉരുൾ പൊട്ടി വന്ന വഴിയിലൂടെ വിക്ടർ നടന്നു.
പൊട്ടി വരുന്ന ഉരുൾ വിക്ടർ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തിൽ വിക്ടർ അലിഞ്ഞു ചേര്‍ന്നു .

മരണശേഷം വിക്ടറിന്‍റെ മഴചിത്രങ്ങളുടെ ആൽബം പുറത്തിറക്കി മനോരമ ആ അതുല്യ ഫോട്ടോഗ്രാഫർക്ക്
സ്മാരകം ഒരുക്കി. 1955 ഏപ്രിൽ 10 ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടർ ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്.
ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവൻ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു. 1981-ൽ മലയാള മനോരമയിൽ ചേർന്നു. 1985 മുതൽ 1990 വരെ മനോരമയുടെ ഡെൽഹി ബ്യൂറോയിൽ പ്രവർത്തിച്ചു.
1986-ലെ ദേശീയ ഗെയിംസിന്‍റെ ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.

അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തൽക്കാരികളുടെ അമ്മ വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ഗാലറിയിൽ നിന്ന് അവരെ പ്രോൽസാഹിപ്പിക്കുന്നതിന്‍റെ
ചിത്രങ്ങൾ വിക്ടറിന് ഏറെ പ്രശസ്തി നൽകി. 1990 മുതൽ വിക്ടർ മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു.
കോട്ടയം ജില്ലാ ആശുപത്രിയിൽ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞ് അച്ഛന്റെ കൈയിൽ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രം— കുഞ്ഞിന്റെ മുഖവും സം‌രക്ഷിക്കുവാനായി
നീണ്ട പിതാവിന്‍റെ കരവും മാത്രമേ ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.

മലയാളമനോരമയുടെ ഭാഷാസാഹിത്യമാസികയായ ഭാഷാപോഷിണിക്കുവേണ്ടി വിക്ടർ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങൾ
തന്‍റെ ചിത്രങ്ങളുടെ വിഷയമായ കലാകാരനുമായി ഒരേ ഈണത്തിൽ സ്പന്ദിക്കുവാനുള്ള വിക്ടറിന്‍റെ കഴിവിന് മകുടോദാഹരണമാണ്.

കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്‍റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്‍റെ ദുരയും
വിക്ടറിന്‍റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ
പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്‍റെ പ്രിയപ്പെട്ട വിഷയങ്ങളായി.

രണ്ടുവർഷത്തോളം വിക്ടർ റെയിൻ ബുക്ക് എന്ന തന്‍റെ പദ്ധതിയിൽ പ്രവർത്തിച്ചു. കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങൾ‍ എന്നിവിടങ്ങളിലെല്ലാം‍
മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടർ സഞ്ചരിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി.
ക്യാമറ കൊണ്ട് കഥപറയാനുള്ള കഴിവുണ്ടായിരുന്നതുകൊണ്ടായിരിക്കാം അക്ഷരങ്ങളേക്കാള്‍ ചിത്രങ്ങളില്‍ കണ്ണുകളുടക്കുന്ന കാലത്ത് പലരുടെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ പേര് വിക്ടര്‍ ജോര്‍ജ് എന്നാവുന്നത്.
എല്ലാം വളരെ പെട്ടെന്നായിരുന്നു. വളരെ ഭംഗിയായി കുറെ കാര്യങ്ങള്‍ ചെയ്ത് ചില ജീവനുള്ള ചിത്രങ്ങള്‍ മാത്രം ബാക്കിവെച്ച് വിക്ടര്‍ കടന്നുപോയി. ഒരോ മൺസൂൺ വന്നുപോകുമ്പോഴും മലയാളികൾ ഓർക്കും വിക്ടർ ജോർജ്
എന്ന ഫോട്ടോ ജേർണലിസ്റ്റിനെ. ഒരിക്കൽ കൂടി ഓർത്തെടുക്കും അദ്ദേഹം സമ്മാനിച്ച അപൂർവങ്ങളും അനശ്വരവുമായ ദൃശ്യങ്ങളെ.

#വിക്ടര്‍ജോര്‍ജ്ജ്

#victorgeorge

#rainphotography

Posted in movie | ഒരു അഭിപ്രായം ഇടൂ

രക്തസാക്ഷി ….

രാഷ്ട്രീയ കൊലപാതങ്ങള്‍ അണികളെക്കാള്‍ ബന്ധുക്കള്‍ക്ക് നല്‍കുന്ന ആഘാതം വളരെ വലുതാണ്‌ . പലപ്പോഴും സ്വന്തം ഭാര്യയുടേയും , കുഞ്ഞുങ്ങളുടെയും ,
മാതാപിതാക്കളുടേയും കണ്മുന്നിലാണ് ഇത്തരം കൊലപാതങ്ങള്‍ അരങ്ങേറുക . അത് കണ്ടുനില്‍ക്കുന്ന അവരുടെ മനസ്സില്‍ തീര്‍ക്കുന്ന മുറിപ്പാടുകള്‍
ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടും . കുഞ്ഞുങ്ങളുടെ മാനസിക നില തന്നെ തകരാറിലാക്കും . അത്തരമൊരു വാര്‍ത്ത ഇന്ന് കണ്ടു . വര്‍ഷങ്ങള്‍ക്ക്‌
മുന്‍പ് കേരളമാനസ്സാക്ഷിയെ നടുക്കിയ കൊലപാതകമാണ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെത് . അതിലെ രാഷ്ട്രീയം എന്ത് തന്നെയായാലും പഠിക്കുന്ന
കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ മുന്‍പില്‍ അരങ്ങേറിയ ആ കൊലപാതകം അവരില്‍ തീര്‍ത്ത മാനസിക ആഘാതം വളരെ വലുതായിരുന്നു . പലര്‍ക്കും
ജീവിതകാലം മുഴുവന്‍ മുഖത്ത് തെറിച്ച ആ രക്തത്തുള്ളികള്‍ എന്നന്നേയ്ക്കുമായി തുടച്ചു കളയാനായില്ല .

കണ്ണൂരിൽ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ വെ ട്ടിക്കൊല്ലുന്നത് കണ്ടു നിന്ന വിദ്യാർത്ഥിനി ഷെസീന ജീവനൊടുക്കി.
1999ൽ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ മൊകേരി യു.പി. സ്‌കൂൾ ക്ലാസ് മുറിയിൽ വെട്ടേറ്റ് മരിക്കുന്നത് നോക്കിനിൽക്കേണ്ടി വന്ന
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുരാറ മന്ദമുള്ളിലെ വീട്ടിൽ ഷെസീന (31) ആണ് ആത്മഹത്യ ചെയ്തത്.

ഗണിതശാസ്ത്ര അധ്യാപകനായ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ഡിസംബർ ഒന്നിന്
കുട്ടികൾക്ക് ക്ലാസെടുക്കുകയായിരുന്നു. അപ്പോൾ ക്‌ളാസ്സിലെത്തിയ രാഷ്ട്രീയ വൈരികള്‍ ജയകൃഷ്ണൻ മാസ്റ്ററെ വെട്ടിക്കൊല്ലുകയായിരുന്നു.
കുട്ടികൾ നോക്കി നിൽക്കെയാണ് അരും കൊല നടത്തിയത്. കൊലപാതകം കണ്ട പല കുട്ടികളും ഇതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
സ്‌കൂൾ അധികൃതര്‍ കൗൺസിലിംഗ് നടത്തിയാണ് പലരെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പക്ഷേ, അഞ്ചാംക്ലാസുകാരി ഷെസീനയുടെ കളിചിരി മാഞ്ഞു, നാളിതുവരെ മുഖത്ത് തെറിച്ച ചോരയുടെ തുള്ളികൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.
ആ സംഭവത്തിന് ശേഷം അവൾ ആ സ്കൂളിൽ പോയില്ല. പാഠപുസ്തകം നോക്കാൻ പോലും ഷെസീനയ്ക്ക് ഭയമായിരുന്നു. ആംബുലൻസിന്റെ ശബ്ദം കേൾക്കുന്നതേ ഷെസീനയ്ക്ക് പേടിയാണ്.
രക്ഷിതാക്കൾ സ്‌കൂൾ മാറ്റിയെങ്കിലും പഠനം തുടരാനായില്ല. പിന്നീട് എസ്എസ്എൽസിക്ക് പ്രൈവറ്റായി പഠിച്ചെങ്കിലും കടുത്ത വിഷാദരോഗത്തിന്
അടിമയായിരുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ബാധിച്ച ഷെസീന പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ബന്ധുക്കൾ പറയുന്നു.
മൊകേരി സ്കൂളിൽ അന്ന് പഠിച്ച പല കുട്ടികളും കൊലപാതകത്തിന്‍റെ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല.

രാഷ്ട്രീയം എന്തായാലും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കുട്ടികളിലും , ഉറ്റവരിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌ . ഇന്ത്യന്‍
സംസ്ഥാനങ്ങളില്‍ വളരെയേറെ മുന്നില്‍ എന്നഹങ്കരിക്കുന്ന നമുക്ക് ഇത്തരം കൊലപാതകങ്ങളില്‍ നിന്നും എന്ന് മോചനം ലഭിക്കും ?????

#ktjayakrishnanmaster

#രാഷ്ട്രീയകൊലപാതകം

#കെടിജയകൃഷ്ണന്‍മാസ്റ്റര്‍

Posted in movie | ഒരു അഭിപ്രായം ഇടൂ

Codex Gigas(കോഡാക്‌സ് ജിഗാസ്) അഥവാ സാത്താന്‍റെ ബൈബിൾ …..

കോഡാക്‌സ് ജിഗാസ്— അഥവാ സാത്താന്റെ ബൈബിൾ…. . അറുപതോളം മൃഗങ്ങളുടെ തോലുപയോഗിച്ച് നിർമ്മിച്ച ഗ്രന്ഥം.
സാത്താൻ ആരാധകർ അതു ഉച്ചരിക്കുന്നതു കേട്ടാൽപോലും ഭയംതോന്നും. 9 ഇഞ്ച് കനവും 36 ഇഞ്ച് നീളവുമുണ്ട് സാത്താന്‍റെ
വിശുദ്ധഗ്രന്ഥത്തിന്. ഭാരം 74 കിലോ. രണ്ടാൾ കിണഞ്ഞ് ശ്രമിക്കണം ഇതൊന്ന് ഉയർത്താൻ പോലും. കറുത്ത കുർബാനയുടെ
ആദ്യരൂപം വികാസം പ്രാപിച്ച അതേ മധ്യകാലഘട്ടത്തിൽ തന്നെയാണ് കൊഡാക്‌സ് ജിഗാസ് എന്ന സാത്താൻ ബൈബിളും
രചിക്കപ്പെട്ടത്.അവന്‍റെ അന്ത്യം അഗ്‌നിക്കടലാണ് എന്ന വേദപുസ്തക വാക്യത്തെ തിരുത്തുകയാണിവർ.

ജീവനോടെ തോലുരിഞ്ഞ് കൊന്ന വിവധ മൃഗങ്ങളുടെ തോലുകൊണ്ടാണ് കൊഡാക്‌സ് ജിഗാസ് നിർമ്മിച്ചതെന്ന് കരുതുന്നു.
കുർബാനയിലെ വിശുദ്ധവചനങ്ങളെ സാത്താനനുകൂലമായി മാറ്റിയെഴുതപ്പെടുന്നു. പുറദീസാ നഷ്ടം സംഭവിച്ച ദൈവദൂതൻ സാത്താനായി
പരിണമിച്ച കഥ കോഡാക്‌സ് ജിഗാസും പറയുന്നു. സ്വീഡനിലെ സ്റ്റോക്ക് ഹോമിലുള്ള നാഷണൽ മ്യൂസിയത്തിൽ കോഡാക്‌സ് ജിഗാസ്
എന്ന സാത്താൻ ബൈബിളിന്റെ യഥാർത്ഥ പ്രതി സൂക്ഷിച്ചിട്ടുണ്ട്. മൃഗത്തോലിൽ തീർത്ത കനമുള്ള പേജുകളാണ് ഇതിലുള്ളത്.
ഭീകരമാംവിധം സാത്താൻ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. തുറന്നുവച്ച തോൽപേജുകളിലൂടെ അവ ലോകത്തോടു
ശാപവചനങ്ങൾ ചൊരിയുന്നുണ്ട്. മധ്യകാലഘട്ടത്തിൽ ഇത്രവലിയൊരു ഗ്രന്ഥം എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നത് ചരിത്രകാരന്മാരെ ഇന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്.
ഒന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥം കോഡാക്‌സ് ജിഗാസ് ആണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് അടുത്ത കാലത്താണ്.
രണ്ട് തൂണുകൾക്കിടയിലായി നിൽക്കുന്ന ഒരു ചെകുത്താന്റെ കളർ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു ഇതിൽ.
സ്വന്തം ചിത്രം വരച്ചുചേർത്ത ചെകുത്താൻ തന്നെയാണ് പുസ്തകം രചിച്ചതെന്ന് സാത്താൻ സേവകർ വിശ്വസിക്കുന്നു.

ജീവനോടെ കുഴിച്ചുമൂടാൻ വിധിക്കപ്പെട്ട ഒരു സന്യാസി— കോഡാക്‌സ് ജിഗാസിന്റെ വേരുകൾ തിരഞ്ഞുചെന്നാൽ എത്തുന്നത് അയാളിലാണ്.
മധ്യകാലഘട്ടത്തിൽ രാജനിയമങ്ങൾ ലംഘിച്ചതിന് ജീവനോടെ മതിലുകൾക്കിടയിൽ കുഴിച്ചു മൂടാൻ രാജാവ് കൽപ്പിക്കുന്നു.
ശിക്ഷയിൽ നിന്ന് രക്ഷപെടാൻ അയാൾ ഒരു ഉപായം കണ്ടു. ഒറ്റ രാത്രികൊണ്ട് മനുഷ്യന്റെ എല്ലാ അറിവും ഉൾപ്പെടുത്തി ഒരു ഗ്രന്ഥം തയ്യാറാക്കി നൽകാം
എന്നു വാക്ക് നൽകി. ഒരിക്കലും നടക്കില്ല എന്നു ഉറപ്പുള്ള ഇക്കാര്യം ചെയ്താൽ ശക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് രാജാവും സമ്മതിച്ചു.
എന്നാൽ കിണഞ്ഞുശ്രമിച്ചിട്ടും സന്യാസിക്കതിന് കഴിഞ്ഞില്ല. നിരാശനായ സന്യാസി അർധരാത്രിയോടെ സാത്താന്‍റെ സഹായം തേടി.
പുസ്തകം തയ്യാറാക്കാൻ സഹായിച്ചാൽ തന്‍റെ ആത്മാവ് ലൂസിഫറിനു ബലിനൽകാമെന്ന് സന്യാസി ഉറപ്പ് നൽകി. ഉടമ്പടി അംഗീകരിച്ച ലൂസിഫർ
തന്‍റെ സ്വന്തം ചിത്രം ആലേഖനം ചെയ്തു കൊണ്ട് ജോലി ഏറ്റെടുത്തു. സന്യാസി തന്‍റെ ആത്മാവിനെ ലൂസിഫറിനു നൽകി. പുസ്തകം പൂർത്തിയായി—
ഒറ്റരാത്രികൊണ്ട്— നൂറ്റാണ്ടുകൾക്കിപ്പുറവും ഉറക്കമില്ലാത്ത രാത്രിയുടെ സന്തതികൾക്കായി. ഇപ്പറഞ്ഞതാണ് സാത്താൻ ബൈബിളിന്‍റെ ഐതിഹ്യം.
കേൾക്കാൻ ഒരു മുത്തശ്ശിക്കഥ പോലെയുണ്ടെങ്കിലും ഇതു കഥയല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു സാത്താൻ സേവകർ.

നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ട് പ്രകാരം പ്രാണികളുടെ കൂടുകൾ ചതച്ചെടുത്ത മഷിയാണ് പുസ്തകത്തിലെഴുതാൻ ഉപയോഗിച്ചിരിക്കുന്നത്.
പാലിയോഗ്രാഫറായ മൈക്കൾ ഗള്ളിക്കിന്‍റെ കയ്യെഴുത്ത് പരിശോധനയിൽ പുസ്തകം എഴുതിയത് ഒരാളാണെന്ന് നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്.

wikipedia link —- https://en.wikipedia.org/wiki/Codex_Gigas

#CodexGigas

#കോഡാക്‌സ് ജിഗാസ്

#സാത്താന്‍റെ ബൈബിൾ

#The Devil’s Bible

Posted in movie | ഒരു അഭിപ്രായം ഇടൂ

ഇനിയും വരുമോ ആ മഴക്കാലം ?

മഴ കനത്തുതുടങ്ങുന്നു. മാധ്യമങ്ങളിൽ പ്രളയത്തിന്‍റെയും, ദുരിതത്തിന്‍റെയും വാർത്തകൾ നിറയുന്നു. അവയ്ക്ക് ആമുഖമായി വെള്ളം കുതിച്ചൊഴുകുന്നതിന്‍റെയും, വഴികൾ മൂടുന്നതിന്‍റെയും, മതിലുകൾ ഇടിഞ്ഞുവീഴുന്നതിന്‍റെയും ചടുലലദൃശ്യങ്ങൾ സംയോജിപ്പിച്ച് പ്രളയാന്തരീക്ഷം സൃഷ്ടിക്കുന്നു. ആളുകൾ മഴക്കാറു കാണുമ്പോഴേ ഭയന്നുതുടങ്ങുന്നു. മഴ പെയ്യുമ്പോഴേ നാം എന്തുകൊണ്ടാണിപ്പോൾ പ്രളയം എന്നു പറഞ്ഞു നിലവിളിക്കുന്നത്?

ജൂലൈ 3 മുതലാണ് ഈ വർഷം മഴ കനത്തത്. ജൂലൈ 3 ക്രിസ്ത്യാനികൾക്ക് സെന്റ് തോമസ് ഡേ അഥവാ ദുക്റാന തിരുനാൾ ആണ് . എന്റെ ചെറുപ്പകാലത്ത് ആരും ദുക്റാന എന്നു നാക്കുളുക്കി ഒന്നും പറഞ്ഞു കേട്ടിട്ടില്ല. തോറാന എന്നാണ് സർവ്വസാധാരണമായ പ്രയോഗം. അന്നൊക്കെ മഴ ജൂൺ ഒന്നിനു തന്നെ തുടങ്ങും. ഈ മഴ തിരുവാതിര ഞാറ്റുവേല ആവുമ്പോൾ ശക്തിപ്രാപിക്കും.. ” തിരുവാതിര ഞാറ്റുവേലയ്ക്ക് തിരുമുറ്റത്തും മുള്ളാം ” എന്നാണ് വെപ്പ്. കാരണം മഴ സവിശേഷമായ ഒരു സ്ഥായിയിൽ ഇങ്ങനെ പെയ്തു കൊണ്ടേയിരിക്കും. തുള്ളി തോരില്ല. എന്നാൽ ആർത്തലച്ച് പെയ്യുകയുമില്ല.. കുരുമുളക് വള്ളി മുരിക്കിൻ കാലിനു ചുവട്ടിൽ നടുന്നത് തിരുവാതിര ഞാറ്റുവേലയ്ക്കാണ്. പാളത്തൊപ്പിവച്ചും , പ്ലാസ്റ്റിക് ചൂടിയും നടന്നു കൊടിയിടുകയും ,പുല്ലു പറിക്കയും, ആടുമേയ്ക്കയും ചെയ്യുന്ന മനുഷ്യരും കുട ചൂടിയും ,ചൂടാതെയും മഴ നനഞ്ഞും കുഴഞ്ഞും കിലോമീറ്ററുകൾ താണ്ടി സ്കൂളിൽ പോകുന്ന പിള്ളേരും സാറന്മാരുമൊക്കെ സ്ഥിരം കാഴ്ചയായിരുന്നു.. മഴ മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു….സ്വാഭാവികമായിരുന്നു..!
ജൂലൈ ആവുമ്പോഴേയ്ക്കും മഴയുടെ ഭാവം മാറും. കനക്കും .. രൗദ്രം വരും. അതുകൊണ്ടാണ് ” തോറാനയ്ക്കാറാന തോടേ പോകും ” എന്ന ചൊല്ലുണ്ടായത്. അതായത് കൊച്ചുതോടുകളിൽ പോലും ആന ഒഴുകിപ്പോകാൻ മാത്രം വെള്ളവും ശക്തിയായ ഒഴുക്കും ഉണ്ടാവുമെന്ന് .. അതിനുമാത്രം വലിയ മഴ തോരാമഴ പെയ്യുമെന്ന് …!! എന്നിട്ട് ആരേലും പേടിച്ചിരുന്നോ .. ഇല്ല … കാലത്ത് കോരിച്ചൊരിയുന്ന മഴയത്ത് ആരാധനാലയങ്ങളില്‍ പോകും .. മഴയിലൂടെ നടന്നും ഒറ്റത്തടിപ്പാലം കടന്നും തൂക്കുപാലത്തിനൊപ്പം ഊഞ്ഞാലാടിയും പോകേണ്ടിടങ്ങളിൽ പോയി . പിള്ളേർ നനഞ്ഞൊലിച്ച് പള്ളിക്കൂടം പൂകി.. മിഥുനം കർക്കടകം മാസങ്ങളിൽ മഴ പെയ്യരുതെന്ന് ആരും പറഞ്ഞില്ല .. മഴയെ കാത്തിരുന്നു .. കരുതലോടെ .. !കാലം പോകെ എന്നു മുതലാണു കാലവർഷം നമുക്കു മഴക്കെടുതിയായി പരിണമിച്ചത്? ദൃശ്യമാധ്യമങ്ങൾ വന്നതു മുതലാണോ? കൃത്യമായി ഓർത്തെടുക്കാൻ പറ്റുന്നില്ല … ഏതായാലും അമ്പതു വർഷം മുന്‍പും കേരളത്തിൽ കാലവർഷം ഉണ്ടായിരുന്നു … തുള്ളി തോരാത്ത മഴ ഉണ്ടായിരുന്നു .. തുള്ളിക്കൊരുകുടം പേമാരിയും ഉണ്ടായിരുന്നു .. മഴയ്ക്കിണങ്ങുംവിധം വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു ..വെള്ളം കേരളത്തിന്‍റെ അഴകാണ്; കരുത്താണ്; വേരുകളിലേക്കു പകർന്ന് ചില്ലകളിലേക്കു പടരുന്ന തഴപ്പാണ്. പകുത്ത ഒരു പാവയ്ക്കയുടെ ആകൃതിയിൽ ആകാശക്കാഴ്ചയിൽപ്പോലും കരിംപച്ച നിറത്തിൽ ഈ നാടു വേറിട്ടു കാണുന്നെങ്കിൽ അതിനു മൂലകാരണം ജലമാണ്. നാല്പത്തിനാലു പുഴകളും അവയുടെ എണ്ണമറ്റ കൈവഴികളും തോടുകളും കുളങ്ങളും തടാകങ്ങളും അതിരു കാക്കുന്ന കടലും ചേർന്ന ജലവ്യൂഹത്തിനുള്ളിലെ തുരുത്തുകളെയെല്ലാം ചേർത്താണു കേരളം എന്നു നാം പറഞ്ഞുപോരുന്നത്. ജലം തരുന്ന സമൃദ്ധിയുടെ ഊറ്റത്തിലാണു നാം വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും കണക്കുകൾ പറയുന്നത്.

ഒരുപക്ഷെ 2018- ഇലെ പ്രളയം മുതലാകാം മലയാളി മഴയെ ഇത്രമാത്രം ഭയപ്പെട്ടു തുടങ്ങിയത് . അത് ശരിക്കുമൊരു
ദുരിതകാലം തന്നെയായിരുന്നു . എന്നാല്‍ അതിനുശേഷം മണ്ണും , ചെളിയും നീക്കാത്ത പുഴകളും , തോടുകളും , ഡാമുകളും ചെറിയ മഴയത്ത് പോലും പ്രളയപ്രതീതി സൃഷ്ടിച്ചു . കട്ടന്‍ ചായയും , കായ വറുത്തതും
കഴിച്ച് മഴയുടെ സംഗീതം ശ്രവിക്കാന്‍ കാത്തിരിക്കുന്ന ആ കാലം ഇനിയും വരുമോ ?

Posted in movie | ഒരു അഭിപ്രായം ഇടൂ