കമ്മട്ടിപ്പാടം — ചോരയില്‍ കുതിര്‍ന്ന “രാജീവ് രവി ചിത്രം ” .

11ഹൃദയരക്തത്തില്‍ ചാലിച്ചുള്ള സാക്ഷാത്ക്കാരമാണ്   രാജീവ് രവി സൃഷ്ടികളുടെ മുഖമുദ്ര . കാല്‍പ്പനികതയുടേയോ , ആലങ്കാരികതകളുടേയൊ കടുത്ത ചായക്കൂട്ടുകളുടെ അകമ്പടിയില്ലാതെ ജീവിതത്തിന്‍റെ  പൊള്ളുന്ന യഥാര്‍ത്ഥ്യങ്ങളിലേക്ക് നേരെവച്ച ക്യാമറ കാഴ്ചകളാണ് അദ്ദേഹത്തിന്‍റെ കൈയ്യൊപ്പ് . ഓരോ ചിത്രം കഴിയുന്തോറും അഭിനേതാവ് എന്ന നിലയില്‍ ഉയരങ്ങള്‍ കീഴടക്കുന്ന മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖറുമായി അദ്ദേഹം കൈകോര്‍ക്കുമ്പോള്‍ “കമ്മട്ടിപ്പാടം” മലയാളി സിനിമാ പ്രേമികള്‍ക്ക്  അവിസ്മരണീയമായ അനുഭൂതി സമ്മാനിക്കുന്ന കലാസൃഷ്ടിയാകുമെന്ന ഉറച്ച പ്രതീക്ഷകളാണ് എന്നെ  തിയേറ്ററിലേക്ക് നയിച്ചത് . ഏതാനും  ആഴ്ചകളായി ജോലിത്തിരക്കുകളും , യാത്രകളും എനിക്ക് നിഷേധിച്ച സിനിമാ കാഴ്ചകള്‍ തിരിച്ചുപിടിക്കാന്‍ ഇതിലും മികച്ച തുടക്കം ലഭിക്കില്ലെന്ന  ചിന്തകളും ആവേശം പടര്‍ത്തുന്ന വികാരമായി  എനിക്ക് തുണവന്നു .

തിയേറ്റര്‍  അന്തരീക്ഷം :-
———————-

ദൈവത്തിന്‍റെ സ്വന്തം നാട് ചുവന്നു തുടുത്തതിന്‍റെ പിറ്റേന്ന് തിയേറ്റര്‍ അന്തരീക്ഷത്തിലും പാറി നടന്നിരുന്നത്  ജനഹിതത്തിന്‍റെ അലയൊലികള്‍ തന്നെയായിരുന്നു . യുവതീയുവാക്കളും , കുമാരീകുമാരന്മാരും തിങ്ങിനിറഞ്ഞ ആവേശം അണപൊട്ടിയൊഴുകുന്ന  തിയേറ്റര്‍ പരിസരം ഞാനൊരു സര്‍വ്വകലാശാല കലോത്സവത്തിന്‍റെ തിരുമുറ്റത്താണോ എന്നെന്നെ സന്ദേഹിപ്പിച്ചു . രാജിവ് രവിയുടെ “ഞാന്‍ സ്റ്റീവ് ലോപ്പസിന്”  ആദ്യദിനം ഓടിക്കിതച്ചെത്തിയ എന്‍റെ മുന്നിലെ വിരലിലെണ്ണാവുന്ന കാണികള്‍ അന്നേരം മനസ്സിലേക്ക് ഓടിയെത്തി . ദുല്‍ഖര്‍ എന്ന കേരളീയ സിനിമാ സ്നേഹികകളുടെ മാനസപുത്രന്‍റെ സാന്നിധ്യം പകരുന്ന ഈ ജനക്കൂട്ടം  ആവേശത്തേക്കാള്‍  ആശങ്കയാണ് മനസ്സില്‍ വളര്‍ത്തിയത് . ജനപ്രിയതയുടെ അളവുകോലുമായി തിയേറ്ററിനെ പുല്‍കിയ അവരെ കാത്തിരിക്കുന്നത് കച്ചവടക്കെട്ടുകാഴ്ചകളുടെ  വെള്ളം ചേര്‍ക്കാത്ത ;  അവകാശം നിഷേഷിക്കപ്പെടുന്നവരുടെ , അടിച്ചമര്‍ത്തപ്പെടുന്നവരുടെ  രാഷ്ട്രീയവും ,തന്‍റെ  സാമൂഹിക പ്രതിബദ്ധതയും ഉറക്കെവിളിച്ചുപറയുന്ന രാജീവ് രവിയെന്ന ധിക്കാരിയുടെ  ചിത്രമാണ്‌ എന്നത് തന്നെയായിരുന്നു ആ ആശങ്കയുടെ ഉറവിടം .

പ്രമേയം :-

ഏറണാകുളത്തെ KSRTC സ്റ്റാന്‍ഡിന്‍റെ പുറകില്‍ , റെയില്‍വേസ്റ്റേഷന് അപ്പുറത്തുണ്ടായിരുന്ന പ്രദേശത്തിന്‍റെ  പേരാണ് കമ്മട്ടിപ്പാടം. പക്ഷെ , കമ്മട്ടിപ്പാടം ഇന്ന് കൊച്ചിയുടെ ഭൂപടത്തില്‍ നിന്നും  മാഞ്ഞുപോയിരിക്കുന്നു. നഗരവല്‍ക്കരണത്തിന്‍റെ അനന്തരഫലമായി ആ പ്രദേശം ഗാന്ധിനഗര്‍, നോര്‍ത്ത് ഗിരിനഗര്‍ , ജവഹര്‍നഗര്‍ , കുമാരനാശാന്‍നഗര്‍ എന്നിങ്ങനെ ചിതറിപ്പോയിരിക്കുന്നു (ദുല്‍ഖര്‍, മമ്മൂക്ക എന്നിവരുടെ കൊച്ചിയിലെ താമസസ്ഥലവും ഇവിടെയാണെന്നത് കൗതുകം ഉണര്‍ത്തുന്ന യാദൃശ്ചികതയാകാം). പണ്ട് പാടവും , വരമ്പുകളുമായി പരന്നുകിടന്നിരുന്ന , ഇന്ന് മറവിയുടെ തീരമണഞ്ഞ കമ്മട്ടിപ്പാടത്തിന്‍റെ നഗരത്തിലേക്കുള്ള വളര്‍ച്ചയുടെ ചോര പൊടിയുന്ന കഥയാണ് രാജീവ് രവിയുടെ “കമ്മട്ടിപ്പാടം” .

Kammatti Paadam poster-Dulquer Salmaan-Rajeev Ravi

Kammatti Paadam poster-Dulquer Salmaan-Rajeev Ravi

കമ്മട്ടിപ്പാടത്തിന്‍റെ ഹൃദയത്തിലേക്ക് :-

ചെകിടടപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിന്‍റെ ധാരാളിത്തമില്ലാതെ തികച്ചും സാധാരണമായി ദുല്‍ഖറിനെ തിരശ്ശീലയില്‍ അവതരിപ്പിച്ചുകൊണ്ടാണ് “കമ്മട്ടിപ്പാടം” ഓടിത്തുടങ്ങുന്നത് .  പ്രേക്ഷകരില്‍ ഉദ്വേഗത്തിന്‍റെ വിത്തെറിഞ്ഞുകൊണ്ട് ദുരൂഹത പടര്‍ത്തുന്ന അന്തരീക്ഷത്തില്‍ ചിത്രം മെല്ലെ മുന്നോട്ടുചലിക്കുന്നു . നിയമങ്ങള്‍ തെറ്റിച്ച് വിവിധ  കാലങ്ങളില്‍   അടക്കും ചിട്ടയുമില്ലാതെ വിരുന്നുവരുന്ന ദുല്‍ഖറിന്‍റെ ഓര്‍മ്മകളിലൂടെ കമ്മട്ടിപ്പാടത്തിന്‍റെ ഭൂതകാലത്തിന്  ജീവന്‍ വയ്ക്കുന്നു .  ഏറണാകുളത്തിന്‍റെ നാഗരികതക്ക് മജ്ജയും , മാംസവും പകര്‍ന്നുനല്‍കിയ സമൂഹത്തിലെ താഴെ തട്ടിലെ ഒരുകൂട്ടം മനുഷ്യരുടെ പച്ചയായ , രക്തം ചിന്തുന്ന , പൊള്ളുന്ന ജീവിതക്കാഴ്ച്ചകളുടെ പകര്‍പ്പെഴുത്താണ് പിന്നീട് തിരശ്ശീലയില്‍ അഗ്നി പടര്‍ത്തുന്നത് .കൂലിക്ക് തല്ലിയും , ജീവനെടുത്തും , സമ്പന്നരുടെ ചട്ടുകങ്ങളായി ജീവിതം ഹോമിച്ച  അവരുടെ ചോരയില്‍ കുതിര്‍ന്ന പരുക്കന്‍ കാഴ്ചകളുടെ മലവെള്ളപ്പാച്ചിലില്‍ ഒരുവേള പ്രേക്ഷകര്‍ പകച്ചുപോയേക്കാം …. സ്ക്രീനില്‍ ചിതറിത്തെറിക്കുന്ന ചോരത്തുള്ളികളില്‍നിന്നും മുഖം വെട്ടിച്ച് അസ്വസ്ഥരായേക്കാം … മുറിവേറ്റ് പിടയുന്ന  മനുഷ്യരുടെ വേദന നിറയുന്ന ഞരക്കങ്ങളില്‍ ഹൃദയം തകര്‍ന്നേക്കാം …. ദുരന്തങ്ങളുടെ ഘോഷയാത്രയില്‍ മനസ്സുകളില്‍ ചോര പൊടിഞ്ഞേക്കാം … ഒടുവില്‍ സ്വന്തം ആകാശവും , മണ്ണും , പെണ്ണും നഷ്ടപ്പെട്ട അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ചെറുത്തുനില്‍പ്പിന് പ്രതികാരത്തിന്‍റെ ചുവന്ന നിറം പടരുമ്പോള്‍ അല്പം സിനിമാറ്റിക്കായി  “കമ്മട്ടിപ്പാട”ത്തിന് തിരശ്ശീല വീഴുന്നു . സിനിമയില്‍ മുഴുവന്‍ സമയവും ഒരു കഥാപാത്രം പോലെ  നിറഞ്ഞു നില്‍ക്കുന്ന മദ്യത്തിന്‍റെ സാന്നിധ്യവും , രക്തം ചിതറി തെറിക്കുന്ന വയലന്‍സിന്‍റെ അതിപ്രസരവും പ്രമേയത്തിന്‍റെ അനിവാര്യതയാണെന്നതിനാല്‍ മടുപ്പിച്ചതുമില്ല .

സിനിമയുടെ  രാഷ്ട്രീയം :-

രാജീവ് രവിയുടെ മുന്‍കാല ചിത്രങ്ങളുടെ ചുവടു പിടിച്ച് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവന്‍റെ  ചെറുത്തുനില്‍പ്പിന്‍റെ  രാഷ്ട്രീയം തന്നെയാണ് “കമ്മട്ടിപ്പാടവും” പങ്കുവയ്ക്കുന്നത് . തിരസ്ക്കരിക്കപ്പെട്ട  സാമൂഹികനീതിയാണ് ഓരോ കലാപത്തിന്‍റെയും കാതല്‍ എന്ന് ഈ  ചിത്രവും പറഞ്ഞുവയ്ക്കുന്നു . മണ്ണും , പെണ്ണും , വിണ്ണും ഒരുപോലെ സംരക്ഷിക്കാന്‍ പര്യാപ്തമാകണം നമ്മുടെ രാഷ്ടീയം  . അത് സാധ്യമാകാതെ വരുമ്പോള്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഏതു കലാകാരനും ശക്തമായി ഉറക്കെ പ്രതിഷേധിക്കും . ആ രാഷ്ട്രീയത്തിന്‍റെ  പ്രതിഫലനം ഈ  ചിത്രത്തിലും തെളിഞ്ഞുകാണാം . കൃത്യമായ ചരിത്ര സംഭവങ്ങള്‍ പങ്കുവയ്ക്കുന്നില്ലെങ്കിലും എഴുപതുകള്‍ മുതല്‍ 2015 വരെയുള്ള കാലവികാസത്തിന്‍റെ രാഷ്ട്രീയം ഈ സിനിമയും പങ്കുവയ്ക്കുന്നുണ്ട് . സ്വന്തം വളര്‍ച്ചക്കായി ഉപയോഗിച്ച് വലിച്ചെറിയുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ തെരുവുപട്ടികളെ പോലെ അടിച്ചുകൊല്ലുന്ന മര്‍ദ്ദിതസമ്പന്നവര്‍ഗ്ഗങ്ങള്‍ക്കെതിരെ ചോരയില്‍ കുതിര്‍ന്നുള്ള വിപ്ലവം ഈ  ചിത്രവും മുന്നോട്ടുവയ്ക്കുന്നു .

കാസ്റ്റിംഗ് എന്ന അത്ഭുതം :-

മലയാള സിനിമയില്‍ ഇന്നേവരെ കാണാത്ത കാസ്റ്റിംഗില്‍ പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മതയാണ് “കമ്മട്ടിപ്പാട”ത്തിന്‍റെ ഒരു പ്രധാന സവിശേഷത.  കഥാപാത്രങ്ങള്‍ വിവിധകാലഭേദങ്ങളിലൂടെ ഊയലാടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന അഭിനേതാക്കളുടെ മുഖസാദൃശ്യവും , ശരീരഭാഷയിലെ ചേര്‍ച്ചയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തും . സഹോദരങ്ങള്‍ , മാതാപിതാക്കള്‍ എന്നിവരില്‍ പോലും ആ തുടര്‍ച്ച കാത്തുസൂക്ഷിക്കാന്‍  ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥത വലിയ കൈയ്യടികള്‍ അര്‍ഹിക്കുന്നു .

പ്രകടനങ്ങള്‍ :-

പാടത്ത് മുളച്ച വിത്തുകളാണ് കമ്മട്ടിപ്പാടത്തിലെ  കഥാപാത്രങ്ങള്‍ . അവ   തളിര്‍ത്ത്‌ , പൂത്ത് , കായ്ച്ച്‌  വളര്‍ച്ച പ്രാപിക്കുന്നതിന്‍റെ യഥാതഥമായ രൂപപരിണാമങ്ങള്‍  കടുംചായങ്ങള്‍ പിഴിഞ്ഞൊഴിക്കാതെ  രാജീവ് രവി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നു .

16ദുല്‍ഖറിനെ കാഴ്ചക്കാരനാക്കി ആദ്യ പകുതിയില്‍ നിറഞ്ഞാടുന്നത് മണികണ്ഠന്‍റെ ബാലേട്ടനും , വിനായകന്‍റെ ഗംഗനുമാണ് .  വീരനായകപരിവേഷമുള്ള തെരുവ് ഗുണ്ടയുടെ വേഷത്തില്‍ മണികണ്ഠന്‍ തകര്‍ത്തു വാരിയിരിക്കുന്നു . ഒരു പുതുമുഖനടന്‍റെ യാതൊരു പതര്‍ച്ചയുമില്ലാതെ തികഞ്ഞ  ആത്മവിശ്വാസത്തോടെ അദ്ദേഹം കഥാപാത്രമായി  ജീവിച്ചു.  ഒരു വിശ്വപൗരന്‍റെ രൂപാഭാവാദികള്‍ക്ക് അവകാശിയായ വിനായകന്‍റെ മറ്റൊരു മികച്ച കഥാപാത്രമാണ് ഗംഗന്‍ . കൊച്ചിയുടെ ചേരികളില്‍ നിന്നും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ക്ക് മോചനമില്ലെന്നത് ഇവിടേയും മാറ്റമില്ലാതെ തുടരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെത് കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശമായിരുന്നു . ചെറുപ്പകാലത്തെ പ്രതിനിധീകരിക്കുമ്പോള്‍ ശരീരം ഒതുക്കി കഥാപാത്രത്തോട് പ്രതിബദ്ധത പുലര്‍ത്താനും അദ്ദേഹം തയ്യാറായിട്ടുണ്ട് . നായകനോളം വളര്‍ന്ന ഈ കഥാപാത്രം അദ്ദേഹത്തിന് ഭാവിയില്‍ ഏറെ പുരസ്ക്കാരങ്ങള്‍ നേടിക്കൊടുത്തേക്കാം .

നായിക ഏതു ചുറ്റുപാടിനെ പ്രതിനിധീകരിച്ചാലും ചുവന്നുതുടുത്തു വെള്ളക്കാരിയെപ്പോലിരിക്കണം എന്ന നടപ്പുശീലങ്ങളെ അപ്പാടെ വെല്ലുവിളിച്ചുകൊണ്ട് കറുപ്പിന്‍റെ സ്വാഭാവിക  സൗന്ദര്യം തിരശ്ശീലയില്‍ പടര്‍ത്തുന്ന ഷോണ്‍ റോമിയെ അവതരിപ്പിക്കാന്‍ രാജീവ് രവി കാണിച്ച ഔചിത്യവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു . തുടക്കക്കാരിയുടെ ലാഞ്ചനകള്‍ ഏതുമില്ലാതെ ആ വേഷം മികച്ചതാക്കാന്‍ ഷോമിക്ക് കഴിഞ്ഞിട്ടുണ്ട് .

വിനയ് ഫോര്‍ട്ട്‌ , അനില്‍ നെടുമങ്ങാട് , അലന്‍സിയര്‍ , പി.ബാലചന്ദ്രന്‍ , അഞ്ജലി അനീഷ്‌ , അമല്‍ഡ ലിസ് (ബാലന്‍റെ  ഭാര്യ) , ശ്രീകാന്ത് ചന്ദ്രന്‍ , സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും , പ്രധാന വേഷങ്ങളുടെ  കൗമാരക്കാലം പ്രതിനിധീകരിക്കുന്ന അഭിനേതാക്കളും , വിനായകന്‍റെ അച്ഛന്‍ , അമ്മ , വല്യച്ഛന്‍ തുടങ്ങി പേരറിയാത്ത   നിരവധി അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ക്ക്  വളരെ തന്മയത്വത്തോടെ സ്ക്രീനില്‍ ജീവന്‍ നല്‍കിയിട്ടുണ്ട് . മലയാള സിനിമയിലെ സ്വാഭാവിക ഹാസ്യത്തിന്‍റെ പുത്തന്‍ മുഖമായ സൗബിന്‍റെ പൂര്‍ണ്ണമായും ഗൗരവം നിറഞ്ഞ കരാട്ടെ ബിജുവും ഗംഭീരം . “ഇതിഹാസ” എന്ന സര്‍പ്രൈസ് ഹിറ്റിലൂടെ മലയാള സിനിമയില്‍ ഇടം കണ്ടെത്തിയ ഷൈന്‍ ടോം ചാക്കോയുടെ സിനിമാഭാവിയില്‍ ഇരുള്‍  വീഴ്ത്തിയ    മയക്കുമരുന്ന് കേസിന്‍റെ ചാരത്തില്‍ നിന്നുമുള്ള അദ്ദേഹത്തിന്‍റെ ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ജോണിക്കുട്ടി എന്ന കഥാപാത്രം സഹായകമായേക്കാം .

ദുല്‍ഖര്‍:-

തന്‍റെ കംഫര്‍ട്ട് സോണില്‍ നിന്നും കുതറിമാറി വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ ദുല്‍ഖര്‍ നടത്തുന്ന ധീരമായ ശ്രമങ്ങളുടെ മറ്റൊരു നിദര്‍ശനമാണ് “കമ്മട്ടിപ്പാടത്തിലെ ” കൃഷ്ണന്‍ . ചെറുപ്പത്തിന്‍റെ കുറുമ്പും , കുസൃതിയും ; മധ്യവയസ്സിന്‍റെ ഇരുത്തം വന്ന പക്വതയും ഒരുപോലെ പ്രേക്ഷകര്‍ക്ക്‌ അനുഭവവേദ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . പ്രണയത്തിന്‍റെ ലോലഭാവങ്ങളും , വെറുപ്പിന്‍റെ ആസുരഭാവങ്ങളും ശക്തമായി  തിരശ്ശീലയില്‍ പകര്‍ന്നാടാന്‍ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്.  വയര്‍റോപ്പുകളില്‍ തൂങ്ങിയാടാതെ അപകടകരമായ പരുക്കന്‍ സംഘട്ടന രംഗങ്ങളില്‍  തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാനും ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്.  മൗനത്തില്‍ പോലും പ്രതിഷേധത്തിന്‍റെ ജ്വാലസാഗരം ഒളിപിച്ചു വയ്ക്കുന്ന രംഗങ്ങളില്‍ അദ്ദേഹം വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെ  കാഴ്ചവച്ചിട്ടുണ്ട് . ഇപ്പോഴും ദുല്‍ഖറിന്‍റെ സംസ്ഥാന അവാര്‍ഡിനെ ബോധപൂര്‍വ്വം പുച്ഛത്തോടെ പരാമര്‍ശിക്കുന്നവര്‍ക്ക് കൃഷ്ണനെ അവഗണിക്കാന്‍ ഒരുപാട് നുണകള്‍ പരതേണ്ടിവരും .   ഇനി എത്രയൊക്കെ ഫാന്‍വെറുപ്പുകള്‍ വാരിവിതറിയാലും തടുക്കാനാകാത്ത ബോക്സ് ഓഫീസ് പ്രതിഭാസമായി ദുല്‍ഖര്‍ വളര്‍ന്നിരിക്കുന്നു എന്നതും  നിഷേധിക്കാനാകാത്ത സത്യമാണ് . എന്നിട്ടും ജനപ്രിയതയുടെ കെട്ടുകാഴ്ചകള്‍ പേറുന്ന പൊള്ളപ്പടപ്പുകള്‍ക്ക്  പിറകെ പോകാതെ,  യഥാര്‍ത്ഥ്യബോധം മഷിപുരട്ടിയ  ഉരുക്ക് സൃഷ്ടികള്‍ക്കൊപ്പം നില്‍ക്കാനുള്ള ദുല്‍ഖറിന്‍റെ തീരുമാനം മറ്റു യുവതാരങ്ങള്‍ക്ക് മാതൃകയാണ് . പ്രത്യേക ഗ്രൂപ്പുകളിലോ , സൗഹൃദവലയങ്ങളിലോ  തളച്ചിടാതെ പുതുമയും , പരീക്ഷണവും കൈകോര്‍ക്കുന്ന പ്രമേയങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹം ചെലുത്തുന്ന ശ്രദ്ധയും അനുകരണീയമാണ് . അതിന്‍റെ ഏറ്റവും പുതിയ തെളിവാണ് “കമ്മട്ടിപ്പാടം” .

23ലാസ്റ്റ് വേര്‍ഡ്‌ :-

സ്വന്തം  ജീവിതങ്ങളുടെ അസ്ഥിവാരത്തില്‍ കെട്ടിപ്പടുത്ത നഗരത്തില്‍ അധ:കൃതരുടെ വേഷം കെട്ടിയാടാന്‍ വിധിക്കപ്പെട്ടവരുടെ ഭൂത-വര്‍ത്തമാനകാലജീവിതങ്ങളുടെ  മുറിപ്പാടുകള്‍ തീര്‍ക്കുന്ന കഥയാണ് “കമ്മട്ടിപ്പാടം”. ഒരു ഗാംഗ്സ്റ്റര്‍ ചിത്രത്തിന്‍റെ രൂപാഭാവാദികള്‍ പേറുമ്പോഴും , അതിശയോക്തികള്‍ ഏതുമില്ലാതെ തികച്ചും റിയലിസ്റ്റിക്കായുള്ള  അവതരണമാണ് സിനിമയുടേത് . രക്തവും , മദ്യവും , വയലന്‍സും അകമ്പടി സേവിക്കുന്ന തീക്ഷ്ണമായ  പരുക്കന്‍ കാഴ്ച്ചകളുടെ ധാരാളിത്തമാണ് സിനിമയുടെ മുഖമുദ്ര. ചേരി ജീവിതങ്ങളുടെ സ്വാഭാവികതക്കായി ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങളിലെ അനാഗരികതയും പ്രമേയത്തിന്‍റെ  അനിവാര്യതയാണ് . എങ്കിലും രാജീവ് രവിയുടെ ഏറ്റവും സിനിമാറ്റിക്കായ ചിത്രവുമാണ് “കമ്മട്ടിപ്പാടം”. 177 മിനുട്ടുകള്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം ഒരിടത്ത് പോലും വിരസത സൃഷ്ടിക്കാത്തതും അതുകൊണ്ടുതന്നെയാണ് . അനുരാഗ് കശ്യപ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന രാജീവ് രവിക്ക് ആ ചിത്രങ്ങളുടെ അവതരണവും പ്രചോദനം നല്‍കിയിട്ടുണ്ടാകാം .

ഇന്ന്,  ഒരുകൂട്ടം മനുഷ്യരുടെ മനസ്സിലെ പച്ചപുതച്ച  ഓര്‍മ്മകളിലെ അവശിഷ്ടങ്ങളുടെ തുരുത്തുകള്‍  മാത്രമായ പഴയ കൊച്ചിയുടെ വന്യമായ സൗന്ദര്യത്തെ പുന:സൃഷ്ടിച്ച കലാസംവിധായകര്‍   നാഗരാജ് , ഗോകുല്‍ദാസ്‌ എന്നിവര്‍ കാണികളെ ആ പഴയകാലത്തെ പാടവരമ്പുകളിലേക്ക് , ഇരുണ്ട തെരുവുകളിലേക്ക് , അപകടം പതിയിരിക്കുന്ന ചേരികളിലേക്ക് കൈപിടിച്ചുനടത്തുന്നു . ഓരോ രംഗത്തും നിറയുന്ന പച്ചയായ ജീവിതത്തിന്‍റെ പൊള്ളുന്ന ഫ്രേമുകള്‍ അവരെ മറ്റൊരു ലോകത്തേക്ക് ആനയിക്കുന്നു . ക്യാമറയുടെ മര്‍മ്മം തൊട്ടറിഞ്ഞ രാജീവ് രവി തന്‍റെ ചിത്രത്തിന്‍റെ ഛായാഗ്രഹണചുമതല മധു നീലകണ്‌ഠന് നല്‍കിയപ്പോള്‍ , ആ വിശ്വാസം കടുകിട തെറ്റാതെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായി . ഓരോ ഫ്രേമിലും നിറയുന്ന സ്വാഭാവിതയുടെ നിലയ്ക്കാത്ത നീരൊഴുക്കില്‍ പ്രേക്ഷകര്‍ അറിയാതെ ഒഴുകിപ്പോകും .അക്കാര്യത്തില്‍ ജോണ്‍.പി.വര്‍ക്കിയുടെ പശ്ചാത്തല സംഗീതവും സിനിമക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട് . വിനായകന്‍ സംഗീതം നല്‍കി ആലപിച്ച നാടന്‍ പാട്ടിന്‍റെ പശ്ചാത്തല സാന്നിദ്ധ്യവും സിനിമയുടെ  മൂഡ്‌ നിലനിര്‍ത്താന്‍ സഹായകമായി . പല കാലഭേദങ്ങളിലൂടെ ഊളിയിടുന്ന ചിത്രത്തിന് ചടുലതയും , ഒഴുക്കും നല്‍കാന്‍ അജിത്കുമാര്‍.ബി.യുടെ എഡിറ്റിംഗിന് കഴിഞ്ഞിട്ടുണ്ട് .

പി.ബാലചന്ദ്രന്‍ എന്ന എഴുത്തുകാരനേക്കാള്‍ നവതലമുറക്ക്  പരിചിതം അദ്ദേഹത്തിലെ അഭിനേതാവിനെയാണ് . എഴുത്തില്‍ ബോധപൂര്‍വ്വമായ ഇടവേളകള്‍ സൃഷ്ടിക്കുന്ന അദ്ദേഹത്തിന്‍റെ ഉജ്ജ്വലമായ തിരിച്ചുവരവാണ് “കമ്മട്ടിപ്പാടം”. തിരക്കഥയില്‍ വിശ്വസിക്കാത്ത രാജീവ് രവിക്ക് എഴുത്തിലൂടെ അദ്ദേഹം നല്‍കിയ പിന്തുണ ദൃശ്യങ്ങള്‍ക്കിടയില്‍ നമുക്ക് വായിച്ചെടുക്കാനാകും .അദ്ദേഹത്തിന്‍റെ കുറിക്കുകൊള്ളുന്ന മാരകമായ സംഭാഷണങ്ങളും , ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഉദ്വേഗം മുറ്റിനില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളും “കമ്മട്ടിപ്പാടത്തെ” അടുത്തകാലത്തെ മികച്ച  റിയലിസ്റ്റിക് ചിത്രങ്ങളുടെ  നിരയിലേക്ക് കസേര വലിച്ചിട്ടിരുത്തുന്നു . എന്നാല്‍ ;  അടി , വെടി , പുക എന്നീ  കെട്ടുകാഴ്ചകള്‍ തീര്‍ക്കുന്ന കച്ചവടമസാല ചിത്രം പ്രതീക്ഷിക്കുന്നവരെ “കമ്മട്ടിപ്പാടം” തീര്‍ത്തും നിരാശരാക്കും . ദുല്‍ഖര്‍ ചിത്രം എന്നതിനേക്കാള്‍ ഇതൊരു രാജീവ് രവി ചിത്രമാണെന്ന ബോധ്യത്തോടെ ടിക്കറ്റെടുക്കുക —  “കമ്മട്ടിപ്പാടം” നിങ്ങളെ നിരാശരാക്കില്ല …

MY RATING :- 3 / 5

#KAMMATTIPAADAM #DULQUER #RAJEEVRAVI #VINAYAKAN #PBALACHANDRAN
#SHAUNROMY #AMALDALIZ #MALAYALAM #REVIEW

 

 

Advertisements
Posted in movie | Tagged , , , , | ഒരു അഭിപ്രായം ഇടൂ

കഥയോട് നീതി പുലര്‍ത്തി “ലീല” .

12

ഞാനെന്നും  ചെറുകഥകളുടെ  ആരാധകനായിരുന്നു . ഏതാനും  പുറങ്ങളില്‍ വികാരങ്ങളുടെ  മഹാപ്രപഞ്ചം വായനക്കാര്‍ക്ക്  സമ്മാനിക്കുന്നതില്‍  പുലര്‍ത്തുന്ന  മികവും , സൂക്ഷമതയുമാണ് എന്നെ  ചെറുകഥകളിലേക്ക്  വലിച്ചടുപ്പിക്കുന്ന  പ്രധാനഘടകം . കഥകളുടെ  പാരായണസുഖം  നല്‍കുന്ന  അനുഭൂതി  ഒന്ന്  വേറെതന്നെയാണ് . ചില  കഥകള്‍  നമ്മില്‍  ആഹ്ലാദത്തിന്‍റെ  വേലിയേറ്റങ്ങള്‍  തീര്‍ക്കും ; ചിലവ  ദുഃഖത്തിന്‍റെ  വേലിയിറക്കങ്ങളും … എന്നാല്‍, ചില  കഥകള്‍  നമ്മുടെ  ഹൃദയത്തില്‍ വേദനയുടെ മുറിപ്പാടുകള്‍  തീര്‍ക്കും … എന്തെന്നില്ലാത്ത  അസ്വസ്ഥത വളര്‍ത്തും … വായനക്ക്  ശേഷവും   മുറിപ്പാടില്‍  കൊളുത്തിട്ട്  വലിച്ച്  രക്തം കിനിയിച്ചുകൊണ്ടേയിരിക്കും …. ഉണ്ണി.ആര്‍. രചന  നിര്‍വ്വഹിച്ച “ലീല” യും  അത്തരം  ഒരു കഥയായിരുന്നു . 2010- ഇന്‍റെ അന്ത്യത്തിലെപ്പോഴോ  മാതൃഭൂമി  ആഴ്ചപ്പതിപ്പിലെ പരുക്കന്‍  താളുകളിലൂടെയാണ്  “ലീല” മനസ്സില്‍  കയറിയത് . ആദ്യം അമ്പരപ്പും , അവിശ്വസനീയതയുമാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട്   ഞാന്‍  വല്ലാത്ത സമ്മര്‍ദ്ധത്തിനും , നിരാശക്കും , വിഷാദത്തിനും  അടിപ്പെട്ടു ..  കുട്ടിയപ്പനും , പിള്ളേച്ചനും , തങ്കപ്പന്‍  നായരും , ദേവസ്സിക്കുട്ടിയും പിന്നെ  പേരില്ലാത്ത , ശബ്ദമില്ലാത്ത , നിസ്സംഗയായ   “ലീല” യും എല്ലാം കഥാപാത്രങ്ങളായി മനസ്സിന്‍റെ  തിരശ്ശീലയില്‍  വര്‍ണ്ണങ്ങള്‍ വിതറി . രഞ്ജിത്ത്  ഈ  കഥ  ചലച്ചിത്രമാക്കുന്നുവെന്നറിഞ്ഞപ്പോള്‍  ആദ്യം  മനസ്സില്‍  വന്നത്  ലാലേട്ടനാണ് . പിന്നെ , മമ്മൂക്ക , ശങ്കര്‍  രാമകൃഷ്ണന്‍,മുരളി ഗോപി  ഒടുവില്‍ കുട്ടിയപ്പനാകാന്‍  നറുക്ക്  വീണത്‌  ബിജുമേനോനാണ് …  ലൈംഗികത അന്തര്‍ധാരയായി  ഒഴുകുന്ന  ഈ  കഥയുടെ  അവതരണവും , മലയാള  ചലച്ചിത്രഅന്തരീക്ഷത്തില്‍ ദുഷ്ക്കരമായ  ക്ലൈമാക്സും എല്ലാം  ചേര്‍ന്ന് ആശയക്കുഴപ്പം തങ്ങിനില്‍ക്കുന്ന   മനസ്സോടെയാണ് “ലീല” യുടെ  കാഴ്ചക്കാരില്‍  ഒരാളായത് .

അകം :-
———-

“ലീല” വിചിത്രകാമനകളുടെ കളിത്തോഴനായ  കുട്ടിയപ്പന്‍റെ കഥയാണ് . അത്ഭുതപ്പെടുത്തുന്ന  ലോജിക്കുകളുടെ  കുലപതിയാണ്  കുട്ടിയപ്പന്‍ . ലോകത്തെ  തലകീഴായി  കാണുന്ന , ഭ്രാന്തന്‍  ആശയങ്ങളില്‍  അഭിരമിക്കുന്ന , രസികന്‍ ചിന്തകളുടെ ആശാനാണ്  കുട്ടിയപ്പന്‍. അച്ഛന്‍ ഉണ്ടാക്കിയ  സ്വത്ത്  ധൂര്‍ത്തടിച്ച് മദ്യവും , മദിരാക്ഷിയുമായി  പുളച്ചു  മദിക്കുന്ന  കുട്ടിയപ്പന്‍റെ  മനസ്സിലെപ്പോഴോ അതിവിചിത്രമായ ഒരു ചിന്ത  മുളപൊട്ടി …  ആ  ചിന്തയുടെ  സഫലീകരണത്തിനായി   കുട്ടിയപ്പന്‍  നടത്തുന്ന  ശ്രമങ്ങളും , അതിനിടയില്‍  കടന്നുവരുന്ന    ഭൂതകാലസ്മരണകളും , മണ്ണിന്‍റെ  മണമുള്ള  ഇന്നിന്‍റെ  കഥാപാത്രങ്ങളും , പിന്നെ    ലീല എന്ന കഥാപാത്രവും   ചേര്‍ന്ന ഒരു  കൊളാഷ്  ആണ്  “ലീല” .

ആമുഖങ്ങളോ , കഥ  പറയുന്ന  അശരീരികളുടെ  സാന്നിധ്യമോ  ഇല്ലാതെ നേരിട്ട്  കുട്ടിയപ്പന്‍റെ  വിചിത്രമായ  ജീവിതരീതികളിലേക്ക് പ്രേക്ഷകരെ നയിച്ചുകൊണ്ടാണ്‌  സിനിമ  ആരംഭിക്കുന്നത് . അയാളുടെ ജീവിതത്തിലെ  ഓരോ ഏടും മറകള്‍  ഏതുമില്ലാതെ പ്രേക്ഷകരുടെ  മുന്നില്‍  തുറന്നുവയ്ക്കുമ്പോള്‍ പലപ്പോഴും അവരുടെ  ചുണ്ടുകളില്‍ ചിരി വിടരും , മനസ്സില്‍  സാമൂഹിക  ചിന്തകള്‍ നിറയും .  മതആചാരങ്ങളുടെ  നിരര്‍ത്ഥകതയും  ,  ഇന്നത്തെ  സാമൂഹിക രാഷ്ട്രീയ  അവസ്ഥകളും  തൊട്ട്  ഡിങ്കോയിസം  വരെ കറുത്ത  ഫലിതത്തിന്‍റെ  അകമ്പടിയോടെ ചിത്രത്തില്‍  കടന്നുവരുന്നു .  ഇടവേള  വരെ കുട്ടിയപ്പന്‍റെ രസകരമായ ജീവിത കാഴ്ചകളുമായി മുന്നേറുന്ന  ചിത്രം ഇടവേളക്ക് ശേഷം  ഗൗരവസ്വഭാവം പുല്‍കുന്നു . പക്ഷെ , ജീവിതത്തിന്‍റെ  പൊള്ളുന്ന  യഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുമ്പോഴും ആക്ഷേപഹാസ്യത്തിന്‍റെ  മൂര്‍ച്ചയുള്ള ആഖ്യാനരീതി ചിത്രം  കൈവെടിയുന്നുമില്ല . ഒടുവില്‍ , ഒരു ഞെട്ടലായി  ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍  പൂരിപ്പിക്കാത്ത പല ചോദ്യങ്ങള്‍ക്കും  ഉത്തരം തേടുകയായിരിക്കും .

8പുറം  അഥവാ  കഥയില്‍ നിന്നും  സിനിമയിലേക്കുള്ള  ദൂരം :-
———————————————————

വേട്ടമൃഗമാണ് ലീല . വേട്ടക്കാരന്‍ കുട്ടിയപ്പനും . വേട്ടക്കാരന്‍  സര്‍വ്വതും  നിയന്ത്രിക്കുന്ന വേട്ടയെന്ന പ്രക്രിയയില്‍  നിസ്സഹായയായ  ഇരക്ക്  സ്വയം  ഇരയാവുക  എന്നതില്‍  കവിഞ്ഞ് മറ്റൊന്നും  തന്നെ  ചെയ്യാനില്ല. ഒരുവശത്ത് സ്ത്രീശാക്തീകരണത്തിനും , സ്ത്രീ  സമത്വത്തിനും വേണ്ടി ഘോഷഘോരം വാക്കാതിസാരവും , ഉദ്ഘോഷണങ്ങളും   നടത്തുകയും  ;   മറുവശത്ത് അവളെ  വെറും ഉപഭോഗവസ്തുവായിക്കണ്ട് കാമക്കണ്ണുകളോടെ സമീപിക്കുകയും  ചെയ്യുന്ന  ആധുനിക  ഇന്ത്യന്‍ പുരുഷസമൂഹത്തിന്‍റെ പ്രതിനിധി തന്നെയാണ് കുട്ടിയപ്പന്‍. സ്വന്തം വീട്ടില്‍  പോലും മാംസത്തുണ്ടുപോല്‍  കടിച്ചുകുതറപ്പെടുന്ന  നിസ്സഹായയായ  സ്ത്രീ വര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയാണ്  “ലീല” . ആ  പേരില്‍ ഒളിഞ്ഞിരിക്കുന്ന പുരുഷകേന്ദ്രീകൃതമായ രതിസുഖത്തിന്‍റെ കാമനകള്‍  പോലും  സുവ്യക്തമാണ് . സംരക്ഷിക്കേണ്ട  സമൂഹവും  വേട്ടക്കാരനൊപ്പം  ചേരുമ്പോള്‍ കൊല്ലപ്പെടാന്‍ സ്വയം  തയ്യാറായി ബലിമൃഗമാകാന്‍ മാത്രമേ   അവള്‍ക്കു  കഴിയൂ . കുട്ടിയപ്പന്‍റെ ചങ്ങാതിയെന്നോ , അനുയായിയെന്നോ വേണമെങ്കില്‍  അടിമ  എന്നുതന്നെയോ   വിളിക്കാവുന്ന പിള്ളേച്ചന്‍റെ  മനോവിചാരങ്ങളില്‍ കൂടിയാണ് ഉണ്ണിയുടെ  കഥ  മുന്നോട്ടുപോയത് . എന്നാല്‍ , സിനിമ  നേരിട്ട്  കുട്ടിയപ്പനിലേക്ക്  നടന്നുകയറുകയാണ് . അയാളുടെ  മനോവിചാരങ്ങളില്‍ കൂടി തന്നെയാണ്  സിനിമയുടെ പിന്നീടുള്ള  സഞ്ചാരവും . കുട്ടിയപ്പന്‍റെ  മനസ്സിന്‍റെ  കോണില്‍  കരുണയുടെ ചെറിയ  നീരുറവ ഒളിപ്പിക്കാനും , അയാളില്‍ നന്മയുടെ തുരുത്തുകള്‍ സൃഷ്ടിക്കാനും സിനിമയില്‍  ശ്രമിച്ചിട്ടുണ്ട് . ഇത്  മാറ്റി  നിര്‍ത്തിയാല്‍ കഥയിലെ  എല്ലാ  കഥാപാത്രങ്ങളും  സിനിമയിലും  കടന്നുവരുന്നുണ്ട് ; കഥയോട് പരമാവധി  നീതി  പുലര്‍ത്തിയിട്ടുമുണ്ട് .

അതിനാല്‍  , സിനിമ  കാണുന്നവരെ കഥ  വായിച്ചവര്‍  എന്നും  കഥ  വായിക്കാത്തവര്‍  എന്നും  രണ്ടായി  തിരിക്കേണ്ടിവരും . രണ്ടു  വിഭാഗക്കാരുടേയും  ആസ്വാദനത്തില്‍  ആ  വ്യത്യാസം പ്രകടമായ  സ്വാധീനം  ചെലുത്തുകയും  ചെയ്യും .

തിരശ്ശീലയില്‍  തീ  പടര്‍ത്തിയവര്‍ :-
———————————-

ബിജുമേനോന്‍:-
——————

ജൂഡ് അട്ടിപ്പേറ്റിയുടെ “മിഖായേലിന്‍റെ  സന്തതികള്‍”  എന്ന  ടിവി പരമ്പരയിലൂടെയാണ് താടിവച്ച്  പൗരുഷം  തുളുമ്പുന്ന  മുഖവും , ഗാംഭീര്യമുള്ള  കനത്ത  ശബ്ദവുമുള്ള ബിജുമേനോനെ  ആദ്യം  കാണുന്നത് . “മിഖായേലിന്‍റെ  സന്തതി” കളുടെ  രണ്ടാം  ഭാഗമായി  “പുത്രന്‍” ബിഗ്‌ സ്ക്രീനില്‍  അരങ്ങേറിയപ്പോള്‍ അത് ബിജു മേനോന്‍  എന്ന നടന്റെയും  തിരശീലയിലേക്കുള്ള  കൂടുമാറ്റമായി . തുടര്‍ന്നങ്ങോട്ട് നായകനായും , നായകന്‍റെ  ഹൃദയം  സൂക്ഷിപ്പുകാരനായും  , വില്ലനായും , സഹനടനായും , ഹാസ്യനടനായും  എത്രയോ  വേഷങ്ങള്‍  ബിജു  ആടിത്തീര്‍ത്തു . നമ്മുടെ  ഹൃദയതാളത്തിന്‍റെ രേഖ (ECG) പോലെ ഉയര്‍ന്നും , താഴ്ന്നും , നിരപ്പായും  കൃത്യതയില്ലാതെ ബിജുവിന്‍റെ സിനിമാജീവിതം പാറിനടന്നു . ജനപ്രിയനായകന്‍റെ ക്യാമ്പിലെ  ശക്തമായ സാന്നിധ്യമായ  ബിജു  ചില പ്രത്യേക സാഹചര്യത്തില്‍  ആ  ക്യാമ്പ് വിട്ട്  പുറത്തു വന്നതിനുശേഷമാണ് സ്വയം  ജനപ്രിയനായത്  എന്നത്  വിധിയുടെ  വൈപരീത്യമാകാം .ഇപ്പോള്‍  മലയാള  സിനിമാപ്രേമികള്‍  ആകാംക്ഷാപൂര്‍വ്വം  ഉറ്റുനോക്കുന്ന  നടന്മാരില്‍ ഒരാളായ അദ്ദേഹം  ഈ  സിനിമയിലും ആ  പ്രതീക്ഷ  കാത്തിട്ടുണ്ട് .  സരസഭാഷണത്തിലെ  തന്‍റെതായ  ശൈലിയിലൂടെ , ഉജ്ജ്വലഭാവപ്രകടനത്തിലൂടെ  ഉണ്ണി . ആറിന്‍റെ  കുട്ടിയപ്പന് ബിജു  മേനോന്‍ തന്‍റെ  പ്രതിബിംബം വരച്ചുചേര്‍ത്തു. ഡയലോഗ് ഡെലിവറിയിലും , രൂപാഭാവാദികളിലും , കെട്ടിലും , മട്ടിലും ബിജു മേനോന്‍ പൂര്‍ണ്ണമായും  കുട്ടിയപ്പനുമായി  താദാത്മ്യം  പ്രാപിച്ചു .  നാളെ  “ലീല” വായിക്കുന്നവര്‍ കുട്ടിയപ്പനെന്നതിന് പകരം  ബിജു മേനോന്‍  എന്ന്  മനസ്സില്‍ വായിക്കാനിടയുണ്ട് .

മലയാള  സിനിമയിലെ  സഹനടന്മാരില്‍  സ്വാഭാവിക  അഭിനയം കൊണ്ട്  എന്നും  വിസ്മയിപ്പിക്കുന്ന  വിജയരാഘവന്‍ ഈ  ചിത്രത്തിലും  പിള്ളേച്ചനായി നിറഞ്ഞാടി . ഒരു അടിമയുടെ  നിസ്സംഗതയോടെ  കുട്ടിയപ്പനെ  അനുഗമിക്കുന്ന പിള്ളേച്ചന്‍റെ  മനോഗതികള്‍  പ്രേക്ഷകരിലേക്ക്  പകര്‍ന്നുനല്‍കുന്നതില്‍ വിജയരാഘവന്‍  പൂര്‍ണ്ണമായും  വിജയിച്ചു . അടുത്തകാലത്തായി ക്യാരക്ടര്‍ റോളുകളിലെ ഉജ്ജ്വലപ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച ഇന്ദ്രന്‍സ് തന്നിലെ അഭിനേതാവിന്‍റെ പ്രതിഭയുടെ വെളിച്ചത്തില്‍  “ലീല” യിലും മിന്നിത്തിളങ്ങിയിട്ടുണ്ട് .

അറപ്പിക്കുന്ന  പ്രതിനായകസ്വഭാവമുള്ള തങ്കപ്പന്‍  നായര്‍  എന്ന  കഥാപാത്രമായുള്ള   ജഗദീഷിന്‍റെ  മേക്കോവറും  ഗംഭീരമായിരുന്നു . ഈ  ചിത്രം കാണുന്ന  പത്തനാപുരത്തെ  സ്ത്രീപ്രജകള്‍ വോട്ടിന്  പകരം  ചൂലെടുക്കാനാണ് സാധ്യത 🙂 .  പ്രിയങ്ക  നായര്‍ , മുത്തുമണി , കവിതാ  നായര്‍ , പാര്‍വ്വതി , വിജയരാഘവന്‍റെ  മകള്‍ , വി.കെ. ശ്രീരാമന്‍   തുടങ്ങി ഒറ്റ  രംഗങ്ങളില്‍  വേഷമിട്ട പേരറിയാത്ത അഭിനേതാക്കള്‍  വരെ തങ്ങളുടെ  ഭാഗങ്ങള്‍ കുറ്റമറ്റതാക്കി . സുധീര്‍ കരമന , സുരേഷ് കൃഷ്ണ എന്നിവരുടെ  കഥാപാത്രങ്ങള്‍   മാത്രം പേരില്‍ ഒതുങ്ങി . കഥയിലെ  പ്രധാനകഥാപാത്രമായ  ദേവസ്സിക്കുട്ടി(സുരേഷ്കൃഷ്ണ)ക്ക്  അല്പം കൂടി പ്രാധാന്യം  നല്‍കാമായിരുന്നുവെന്ന്  തോന്നുകയും  ചെയ്തു .

“ഏഴുസുന്ദരരാത്രികള്‍” എന്ന ചിത്രത്തിലൂടെ  അരങ്ങേറ്റം കുറിച്ച  പാര്‍വ്വതി നമ്പ്യാര്‍ “ലീല” എന്ന  ടൈറ്റില്‍  കഥാപാത്രത്തിന്‍റെ  മുഴുവന്‍ നിസ്സഹായതയും , ദയനീയതയും ,പരാശ്രയത്വവും തിരശ്ശീലയിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട് . ജീവിതത്തിന്‍റെ  ചാട്ടവാറടികളില്‍ തകര്‍ന്ന്,  നിസ്സാഹയാവസ്ഥയില്‍  തളര്‍ന്ന്, വിധിയുടെ ക്രൂരതകളില്‍ ചവിട്ടി  മെതിക്കപ്പെട്ട് നിരാലംബയായ  ലീലയെന്ന കഥാപാത്രത്തിന്  മജ്ജയും , മാംസവും നല്‍കി ,    ലോകത്തിന്‍റെ  മുഴുവന്‍  ദൈന്യതയും തന്‍റെ   കണ്ണുകളില്‍  ആവാഹിച്ച്   പാര്‍വ്വതി  നമ്മുടെ  മനസ്സുകളില്‍  രക്തം കിനിയുന്ന മുറിപ്പാടുകള്‍  തീര്‍ക്കുന്നു . ലീലയുടെ വികാരരഹിതമായ കണ്ണുകള്‍ ഇനിയും  ഒരുപാട്  നാളുകള്‍ നമ്മെ  വേട്ടയാടും .

കുടുംബങ്ങള്‍ക്ക്  കാണാനാകുമോ ?
———————————-

“ലീല” എന്ന ചെറുകഥ  വായിച്ച  മലയാളി  പ്രേക്ഷകരില്‍ ഭൂരിഭാഗവും ഈ  ചിത്രം കുടുംബത്തോടൊപ്പം കാണാന്‍  ആഗ്രഹിക്കില്ല . പുരുഷകാമനകളുടെ  അതിവര്‍ണ്ണനകളും , അതിവായനകളും നിറഞ്ഞ ഈ  പ്രമേയം  സുഹൃത്തുക്കളോടൊപ്പം കണ്ട്  സായൂജ്യമടയാനാകും സദാചാരചിന്തകളുടെ  അപ്പോസ്തലന്മാരായ മലയാളി പുരുഷന്മാര്‍  ആഗ്രഹിക്കുക .കഥയിലെ  ഭാഷയെ പരമാവധി നേര്‍പ്പിച്ചാണ് സിനിമയില്‍ ഉണ്ണി  സംഭാഷണം  രചിച്ചിരിക്കുന്നത്  എങ്കിലും മുഴുവന്‍  സമയ  ലഹരി രംഗങ്ങളും , പ്രമേയത്തില്‍  അന്തര്‍ലീനമായുള്ള  ലൈംഗികതയുടെ  ഒഴിച്ചുകൂടാനാവാത്ത  സാന്നിധ്യവും കുടുംബങ്ങളെ  തിയേറ്ററുകളില്‍ നിന്ന്  അകറ്റാനാണ്  സാധ്യത .

ലാസ്റ്റ് വേര്‍ഡ്‌ :-
—————-

കുട്ടിയപ്പന്‍റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും , ആജ്ഞാനുവര്‍ത്തിയുമായ  പിള്ളേച്ചന്‍റെ  ആത്മഗതത്തിലൂടെ വായനക്കാര്‍ക്ക് മുന്നില്‍  തുറക്കപ്പെടുന്ന  കുട്ടിയപ്പന്‍റെ  വിചിത്രമായ ജീവിതകാഴ്ചകളും , ഒരു പ്രത്യേക  ലക്ഷ്യത്തിലേക്കായുള്ള അയാളുടെ പ്രയാണവും പ്രതിപാദിക്കുന്ന ചെറുകഥയാണ്  “ലീല” . എന്നാല്‍ , കഥയിലെ സംഗ്രഹിച്ചെഴുതിയ പല സന്ദര്‍ഭങ്ങളും ഒന്ന് മനസ്സിരുത്തി  വിടര്‍ത്തിയാല്‍ ഒരു ചലച്ചിത്രത്തിനുള്ള വകുപ്പുണ്ടെന്ന് വായിച്ച  അന്നേ  ബോധ്യപ്പെട്ടിരുന്നു . എങ്കിലും സദാചാരബന്ധിതമായ  നമ്മുടെ സമൂഹത്തില്‍ അതെങ്ങിനെ സ്വീകരിക്കപ്പെടും  എന്നത് ഒരു ആശങ്കയായി മനസ്സില്‍ വളരുകയും  ചെയ്തിരുന്നു .  എന്തൊക്കെയോ പ്രതീക്ഷിച്ച  ചെറുപ്പക്കാരുടെ സ്വപ്നങ്ങളില്‍ കരിഓയില്‍  പൂശിക്കൊണ്ട് U സര്‍ട്ടിഫിക്കറ്റ് നേടി  ചിത്രം സെന്‍സര്‍  ചെയ്തപ്പോള്‍ കഥയില്‍  നിന്നുള്ള പ്രകടമായ  മാറ്റങ്ങള്‍ക്കും  , ഒത്തുതീര്‍പ്പുകള്‍ക്കുമുള്ള സാധ്യതയും  അനുഭവപ്പെട്ടിരുന്നു . ഈ  ആശങ്കകളെയെല്ലാം  അസ്ഥാനത്താക്കിക്കൊണ്ട് ,  ഉണ്ണി.ആര്‍. കഥയില്‍ വരുത്തിയ ചെറിയ  ഭേദഗതികള്‍ക്കൊപ്പം രഞ്ജിത്തിന്‍റെ  പ്രതിഭ കൂടി ചേര്‍ന്നപ്പോള്‍ മികച്ചൊരു  ചലച്ചിത്രാനുഭവമാണ്  “ലീല ” പ്രേക്ഷകര്‍ക്ക്‌  സമ്മാനിക്കുന്നത്. സംവിധായകന്‍റെ ശക്തമായ  സാന്നിധ്യം  അനുഭവിപ്പിക്കാന്‍  രഞ്ജിത്തിന്  കഴിഞ്ഞിട്ടുമുണ്ട് .  അദ്ദേഹത്തിന്‍റെ   പല  മുന്‍കാല  ചിത്രങ്ങളിലേയും പ്രതിനായകസ്വഭാവമുള്ള  നായക  കഥാപാത്രങ്ങളെ  ഓര്‍മ്മിപ്പിക്കുന്ന  തരത്തില്‍ അല്പം  വീരാധനയും , ലഹരിയുടെ ഗ്ലോറിഫിക്കേഷനും  ഇവിടേയും   കടന്നുവന്നിട്ടുണ്ടെന്ന് മാത്രം .

തന്‍റേതല്ലാത്ത  രചനയില്‍ രഞ്ജിത്ത് ആദ്യമായി  ഒരുക്കുന്ന  ചിത്രമാണ്‌  “ലീല” . ഒരു മികച്ച  എഴുത്തുകാരനായിട്ടും രചനയുടെ കവാടങ്ങള്‍ പൂര്‍ണ്ണമായും  ഉണ്ണി. ആറിന് തുറന്നുകൊടുത്തതിലൂടെ അദ്ദേഹത്തിലുള്ള  വിശ്വാസം  നൂറും പാലും  നല്‍കി രഞ്ജിത്ത്  അരക്കിട്ടുറപ്പിച്ചിരിക്കുന്നു . ആ  വിശ്വാസം ഏല്‍പ്പിച്ച ഭാരിച്ച  ഉത്തരവാദിത്വം നെല്ലിട  ചോരാതെ  മികച്ച  രചനയിലൂടെ ഉണ്ണി നിറവേറ്റിയിട്ടുണ്ട് .  കഥയില്‍  പറയാത്ത  ചില   ജീവിതസന്ദര്‍ഭങ്ങളും  ഇരുണ്ടഫലിതത്തിന്‍റെ കടുത്ത നിറം ചാലിച്ച് ഉണ്ണി സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. സംഭാഷണങ്ങളില്‍  ഒളിപ്പിച്ചുവച്ച കറുത്ത ഫലിതങ്ങളിലെ  കുറിക്കുകൊള്ളുന്ന  നര്‍മ്മം പ്രേക്ഷരില്‍  ചിരിയുടെ  ചിന്ത  നിറയ്ക്കും . ഇന്നത്തെ  സാമൂഹിക  വ്യവസ്ഥിതിയുടെ ഇരട്ടനീതിയെ   ആക്ഷേപഹാസ്യത്തിന്‍റെ മൂര്‍ച്ചയുള്ള  അസ്ത്രങ്ങളാല്‍ വിവസ്ത്രമാക്കാനും  ഈ കൊച്ചു സംഭാഷണങ്ങളില്‍  ഒളിഞ്ഞിരിക്കുന്ന  അഗ്നിക്ക്  കഴിഞ്ഞിട്ടുണ്ട് . ആദ്യപകുതിയിലെ  ലാളിത്യം തുളുമ്പുന്ന കാഴ്ചകളും , രണ്ടാം പകുതിയിലെ നിഗൂഡത തളംകെട്ടി നില്‍ക്കുന്ന ഫ്രെയിമുകളും വിദഗ്ദമായി സ്ക്രീനില്‍ സന്നിവേശിപ്പിക്കാന്‍ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രന് കഴിഞ്ഞിട്ടുണ്ട് . 1 മണിക്കൂര്‍ 44 മിനുട്ടുകള്‍ മാത്രമുള്ള  ഈ ചിത്രത്തിന്‍റെ  ഗതിവേഗം നിയന്ത്രിക്കുന്ന  അര്‍ത്ഥവത്തായ  സാന്നിധ്യമാകാന്‍ എഡിറ്റര്‍  മനോജ്‌ കണ്ണോത്തിനും  കഴിഞ്ഞിട്ടുണ്ട് . സിനിമയുടെ ഇരുണ്ട  അന്തരീക്ഷത്തേയും , കറുത്ത ഫലിതത്തിലൂന്നിയുള്ള  അവതരണത്തേയും ശക്തമായി  പരിപോഷിപ്പിക്കുന്നതില്‍   ബിജിപാലിന്‍റെ  പശ്ചാത്തല  സംഗീതം വിജയിച്ചു . രണ്ടാം പകുതിയില്‍ ആ ഈണങ്ങള്‍ പലപ്പോഴും  പ്രേക്ഷകഹൃദയങ്ങളെ  അസ്വസ്ഥമാക്കും ; കൊളുത്തിവലിക്കും .

സ്വന്തം വീട്ടില്‍ പോലും  സ്ത്രീ  സുരക്ഷിതയല്ലെന്നുള്ള  ആധുനികകാല നെറികേടുകള്‍ക്കെതിരെ പിടിച്ച    കണ്ണാടിയാണ്  “ലീല” . ഉണ്ണി . ആറിന്‍റെ  ചെറുകഥയോട് പരമാവധി  നീതി പുലര്‍ത്തിയിട്ടുള്ള ഈ  ചിത്രം പോസ്റ്ററുകളും , പരസ്യവാചകങ്ങളും നല്‍കിയ അമിതപ്രതീക്ഷകള്‍  വെടിഞ്ഞ് സ്വതന്ത്രമായ  മനസ്സോടെ  കാണുക . സത്യസന്ധമായ  ഈ  ശ്രമം  നിങ്ങളെ  നിരാശപ്പെടുത്തില്ല .

MY RATING :- 3 / 5

“ലീല” യിലെ  “ചാര്‍ലി” :-
————————

ഉണ്ണി. ആറിന്‍റെ  കുട്ടിയപ്പനെ  കണ്ടുകൊണ്ടിരുന്നപ്പോള്‍ മനസ്സ്  ഇടയ്ക്കിടെ  “ചാര്‍ലി” യിലേക്ക് ഒരു  ഊഞ്ഞാലാട്ടം  നടത്തി . സമൂഹം  തീര്‍ത്ത  വേലിക്കെട്ടുകളെ  തകര്‍ത്തെറിഞ്ഞ് , ഇരട്ടനീതികളെ  തിരസ്ക്കരിച്ച്‌ , എന്തിലും   സന്തോഷം കണ്ടെത്തി , സ്വയം  തീര്‍ത്ത  നിയമങ്ങള്‍ പോലും പിന്തുടരാത്ത കുട്ടിയപ്പന്‍റെ  നന്മ  നിറഞ്ഞ പാഠഭേദമല്ലേ  “ചാര്‍ലി ” .

#leela #unnir #leelacinema #bijumenon #ranjith

 

Posted in movie | Tagged , , , , , , , | ഒരു അഭിപ്രായം ഇടൂ

ഷാരുഖ് ആരാധകര്‍ മിസ്സ്‌ ചെയ്യരുതാത്ത “ഫാന്‍”

1

ഓരോ  നിമിഷവും തിരശ്ശീലയിലേക്കും , പ്രേക്ഷകരിലേക്കും പ്രവഹിപ്പിക്കുന്ന  അദമ്യമായ ഊര്‍ജ്ജമാണ് ഷാരുഖ് എന്ന താരത്തിന്‍റെയും , SRK എന്ന ബ്രാന്റിന്‍റെയും നിര്‍മ്മിതിയില്‍ മുഖ്യപങ്ക് വഹിച്ചത് . സ്വന്തം  മാനറിസങ്ങളുടെ തടവുകാരന്‍ ആയിരുന്നുവെങ്കിലും കച്ചവടസിനിമകള്‍ക്കൊപ്പം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നതിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു . എന്നാല്‍, ഷാരുഖ് എന്ന അഭിനേതാവിനെ അവസാനമായി  കണ്ടത്  “ചക് ദേ ഇന്ത്യ” , “മൈ നെയിം ഈസ്‌ ഖാന്‍” എന്നീ  ചിത്രങ്ങളിലായിരുന്നു . ശേഷം സ്ക്രീനില്‍ ആടിത്തീര്‍ത്ത  വേഷങ്ങളെല്ലാം  തന്നെ SRK എന്ന ബ്രാന്റിനെ ഇഞ്ചോടിഞ്ച് വിറ്റ് പണം കവരുന്ന ആത്മാര്‍ത്ഥതയില്ലാത്ത പൊള്ളപ്പടപ്പുകള്‍ മാത്രമായിരുന്നു . തന്‍റെ താരപരിവേഷത്തില്‍ അഭിരമിച്ച് ,  ആത്മരതി  അനുഭവിച്ച് SRK എന്ന താരം ഷാരുഖ്  എന്ന    അഭിനേതാവിനെ  വിസ്മരിച്ചപ്പോള്‍ ആദ്യമാദ്യം വിഷമവും , പിന്നെ വെറുപ്പും , പുച്ഛവും  തോന്നിയെങ്കിലും  ഒടുവിലത് “ദില്‍വാലേ” യിലെത്തിയപ്പോള്‍ സഹതാപമായി മാറിയെന്നതാണ്  നേര്. എന്നിട്ടും  , ഇപ്പോഴും  ഷാരുഖ്  എന്ന നടനിലുള്ള വിശ്വാസവും , വ്യത്യസ്തമായ ഗെറ്റപ്പിലുള്ള  കാഥാപാത്രവുമാണ് മോശം  അഭിപ്രായങ്ങള്‍  കേട്ടിട്ടും   “ഫാന്‍” കാണാന്‍ എന്നെ  പ്രേരിപ്പിച്ചത് .

“ഫാന്‍” പ്രേക്ഷകരോട് പറയുന്നത് :-

ഡല്‍ഹിയെന്ന  മഹാനഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ മാതാപിതാക്കളുടെ  ഏക  മകനാണ് ഗൗരവ് ചാന്ദ്ന. ബാല്യത്തില്‍  അവന്‍റെ  എല്ലാ  സുഹൃത്തുക്കളും അറിവിന്‍റെ  തീരങ്ങള്‍  തേടിയപ്പോള്‍  ആര്യന്‍ ഖന്ന  എന്ന  സൂപ്പര്‍താരമായിരുന്നു  അവന്‍റെ  പാഠപുസ്തകം .അവന്‍റെ  ജീവിതത്തിന്‍റെ  ലക്ഷ്യവും , വെളിച്ചവും , ഹൃദയസ്പന്ദനവും ആര്യന്‍  മാത്രമായിരുന്നു .  വളര്‍ന്നു  യുവാവായപ്പോള്‍ സൂപ്പര്‍താരത്തോടുള്ള  ആവേശം അവനില്‍  ഒരു ഭ്രാന്തായി  പടര്‍ന്നിരുന്നു . പ്രകൃതിയുടെ വികൃതിയെന്നോണം   ആര്യന്‍  ഖന്നയുമായുണ്ടായിരുന്ന   മുഖച്ഛായയിലെ  സാമ്യം അയാളിലെ ഫാനിന്‍റെ  വളര്‍ച്ചക്ക്  രാസത്വരകമായി  വര്‍ത്തിക്കുകയും  ചെയ്തു . ആര്യനായി മത്സരത്തില്‍  രൂപാന്തരം പ്രാപിച്ചതിന്  ലഭിച്ച  ട്രോഫിയുമായി  അയാള്‍ തന്‍റെ  പ്രിയതാരത്തെ  നേരിട്ട്  കാണുവാന്‍  തീരുമാനിച്ചു . പക്ഷെ , പ്രേക്ഷകരുടെ പ്രതീക്ഷകളെ മാറ്റിമറിക്കുന്ന സംഭവങ്ങളാണ് പിന്നീട്  തിരശ്ശീലയില്‍  അരങ്ങേറുന്നത് .

ഒന്നാം  പകുതി ഗൗരവിന്‍റെ  ലാളിത്യമാര്‍ന്ന ജീവിതാനുഭവങ്ങളാല്‍ സമ്പന്നമാണ് . ആര്യന്‍  ഖന്നയെന്ന  പേരില്‍  ഷാരുഖ്  എന്ന താരത്തിന്‍റെ പഴയകാല  ചരിത്രങ്ങള്‍  പലതും  തിരിച്ചറിയാനും , കണ്ടെത്താനും  ഈ പകുതിയില്‍ “ഫാന്‍”  പ്രേക്ഷകരെ  പ്രാപ്തമാക്കുന്നുണ്ട് . പ്രേക്ഷകരില്‍ ആഹ്ലാദവും , ആവേശവും പകരുന്നതിനൊപ്പം മനസ്സ്  നിറയ്ക്കുന്ന  കുഞ്ഞുനൊമ്പരങ്ങള്‍ അനുഭവവേദ്യമാക്കാനും  ചിത്രത്തിന്  കഴിയുന്നുണ്ട് . എന്നാല്‍ , ഗൗരവ് എന്ന  ഫാനിന്‍റെ  ആരാധന മറ്റൊരു  തലത്തിലേക്ക്  ചുവടു മാറുന്ന  രണ്ടാം പകുതി സംഘര്‍ഷഭരിതമാണ്‌ . ദൈവവും , ഭക്തനും ഇരുധ്രുവങ്ങളില്‍ നിലയുറപ്പിച്ച് പോരാടുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പം  പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുകയും  ചെയ്യും .

ഷാരുഖ് ഖാന്‍ :-

ഗൗരവ്  എന്ന  യുവാവായ  ഫാനായും , ആര്യന്‍ ഖന്നയെന്ന മധ്യവയസ്സ് പിന്നിട്ട  സൂപ്പര്‍താരമായും ഗംഭീരമായ പ്രകടനമാണ്  ഷാരുഖ്  കാഴ്ചവച്ചിരിക്കുന്നത് . നൂതനസാങ്കേതിക  വിദ്യകളുടെയും , ചമയത്തിന്‍റെയും  അനന്ത  സാധ്യതകള്‍    ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഗൗരവിന്‍റെ  ഭാവപ്രകടനങ്ങളില്‍  ഷാരുഖെന്ന  താരത്തിന്‍റെ  മാനറിസങ്ങളില്‍  നിന്നും  പൂര്‍ണ്ണമായി  ഒഴിഞ്ഞുനില്‍ക്കാന്‍  അദ്ദേഹത്തിന്  കഴിഞ്ഞിട്ടുണ്ട് . യഥാര്‍ത്ഥ  ജീവിതത്തിലെ  ഷാരുഖ് ഖാന്‍  തന്നെയാണോ  ആര്യന്‍ ഖന്നയെന്ന്  തുടക്കത്തില്‍ തോന്നിക്കുമെങ്കിലും ആ  കഥാപാത്രത്തില്‍ പോലും “ഷാരൂഖ്‌ ചേഷ്ടകള്‍”   കടന്നുവരാതെ  കാക്കാനും അദ്ദേഹത്തിനായി . ഈ  അമ്പതാം  വയസ്സിലും  ഉജ്ജ്വല സംഘട്ടനരംഗങ്ങളില്‍  മിഴിവോടെ  തിളങ്ങാനും  അദ്ദേഹത്തിന്  കഴിഞ്ഞിട്ടുണ്ട് . വര്‍ഷങ്ങള്‍ക്കുശേഷം  ഒരു അഭിനേതാവെന്ന  നിലയില്‍  അദ്ദേഹം ശക്തമായി  തിരിച്ചുവന്നിരിക്കുന്നു .അതുകൊണ്ടുതന്നെ  ഷാരുഖ്  ഖാന്‍ ആരാധകര്‍ ഒരിക്കലും  നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത  ചിത്രമാണ്‌  “ഫാന്‍”.

ഷാരുഖ് ആരാധകരില്‍ പോലും “ഫാന്‍” സമ്മിശ്ര വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്  എന്തുകൊണ്ട് ? :-

“ഫാന്‍” എന്ന പേരും ,  നൂതനസാങ്കേതങ്ങളുടെ തോഴനായ കൗതുകമുണര്‍ത്തുന്ന  കഥാപാത്രവും പകര്‍ന്നുനല്‍കുന്ന മുന്‍ധാരണകള്‍ക്കൊപ്പം  നടക്കാത്ത വ്യത്യസ്ത  ചിത്രമാണ്‌ ഇത് . രണ്ടാം പകുതിയിലെ  സംഘര്‍ഷപൂര്‍ണ്ണമായ  അന്തരീക്ഷം ലാളിത്യമാര്‍ന്ന  നര്‍മ്മ ചിത്രം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് സമ്മര്‍ദ്ദം കൂട്ടാന്‍  കാരണമാകുന്നുണ്ട് . ആര്യന്‍ ഖന്നയെന്ന സൂപ്പര്‍താരം  തുടക്കത്തില്‍ ഷാരുഖ്  ഖാന്‍  എന്ന താരം  തന്നെയാണ്  എന്ന  തോന്നലുകള്‍  സൃഷ്ടിക്കുകയും , അതിനായി നിരവധി  രൂപകങ്ങള്‍  തീര്‍ക്കുകയും  ചെയ്ത ശേഷം   പിന്നീട് ആരാധകരുടെ പ്രതീക്ഷകള്‍ക്കും , താത്പര്യങ്ങള്‍ക്കുമൊപ്പം നീങ്ങാതിരുന്നത് അവരില്‍  നിരാശ നിഴല്‍ വീഴ്ത്തുന്നതിന്  കാരണമാകുന്നുണ്ട് . സര്‍വ്വഗുണ സമ്പന്നനായ അവരുടെ  താരത്തിന്  പകരം താരഈഗോകളും , നാട്യങ്ങളും , നന്മയും , തിന്മയും   നിറഞ്ഞ  ഒരു പച്ചമനുഷ്യനെയാണ് സംവിധായകന്‍  അവര്‍ക്ക് മുന്നിലെത്തിക്കുന്നത്. ഇത്ര ശക്തനായ നായകന് അവരാഗ്രഹിക്കുന്ന അതിശക്തരായ  വില്ലന്മാരുടെ നിരയെ  സൃഷ്ടിക്കാനും സംവിധായകന്‍ മനീഷ് ശര്‍മ്മ  മുതിര്‍ന്നിട്ടില്ല . ഇതുകൊണ്ട്തന്നെ ആരെ പിന്തുണയ്ക്കണമെന്ന  ആശയക്കുഴപ്പം പലര്‍ക്കും  അനുഭവപ്പെടാനും , അത്  ചിത്രത്തെ  പ്രതികൂലമായി  ബാധിക്കാനും  കാരണമായിട്ടുണ്ട്. ചിത്രീകരണത്തിനായി “മന്നത്” എന്ന സ്വന്തം ഗൃഹവും , മറ്റു സങ്കേതങ്ങളും  ഉപയോഗിച്ചിട്ടും തന്‍റെ താരപരിവേഷത്തെ പരിപോഷിപ്പിക്കുന്ന സര്‍വ്വഗുണസമ്പന്നനായ നായകനായി  പ്രത്യക്ഷപ്പെടാതെ  പ്രമേയത്തിനൊപ്പം  നിലയുറപ്പിക്കാന്‍  ഷാരുഖ് കാണിച്ച  ആര്‍ജ്ജവവും , ആത്മാര്‍ത്ഥതയും വലിയ  കൈയ്യടികള്‍  അര്‍ഹിക്കുന്നു . അവിശ്വസനീയത , അസ്വാഭാവികത , പ്രവചനസാധ്യത തുടങ്ങിയ  ധാരാളം ന്യൂനതകള്‍ ആരോപിക്കാമെങ്കിലും “ഫാനിനെ” ഷാരുഖിന്‍റെ  അടുത്തകാലത്തെ  മികച്ച  ചിത്രമാക്കി  മാറ്റുന്നതും  ഈ  പ്രത്യേകതകള്‍  തന്നെ .

അവസാനമായി :-

ലാളിത്യമാര്‍ന്ന നുറുങ്ങു നര്‍മ്മം  വിതറിയ  ഒന്നാം പകുതിയും , സംഘര്‍ഷഭരിതമായ ഉദ്വേഗമുണര്‍ത്തുന്ന രണ്ടാം  പകുതിയും  ചേര്‍ന്ന  ത്രില്ലര്‍  ചിത്രമാണ്‌  “ഫാന്‍” . എന്നാല്‍ ത്രില്ലര്‍  ചിത്രങ്ങളില്‍  സാധാരണ  കണ്ടുവരുന്ന ഞെട്ടിക്കുന്ന  ട്വിസ്റ്റുകളോ , സംഭവപരമ്പരകളോ ചിത്രത്തില്‍  കടന്നുവരുന്നതുമില്ല . ചെറുതും വലുതുമായ ധാരാളം അഭിനേതാക്കള്‍  വേഷമിടുന്ന  ഈ  ചിത്രത്തിലെ  ഏക അറിയപ്പെടുന്ന  താരവും ഷാരുഖ് മാത്രമാണ്  . വലുഷാ ഡിസൂസ ( ആര്യന്‍റെ  ഭാര്യ) , സയാനി ഗുപ്ത (ആര്യന്‍റെ  സെക്രട്ടറി) , ശ്രിയ(ഗൗരവിന്‍റെ കൂട്ടുകാരി) , ദീപിക അമിന്‍ , യോഗേന്ദ്ര ടിക്കു ( ഗൗരവിന്‍റെ  മാതാപിതാക്കള്‍) എന്നിവര്‍  തങ്ങളുടെ  കഥാപാത്രങ്ങളോട് നീതി  പുലര്‍ത്തിയിട്ടുണ്ട് . ഡല്‍ഹി  നഗരത്തിന്‍റെ ആന്തരിക  സൗന്ദര്യവും , ലണ്ടന്‍ നഗരത്തിന്‍റെ   പുറം  കാഴ്ചകളുടെ മനോഹാരിതയും  പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നുനല്‍കാന്‍ മനു ആനന്ദിന്‍റെ ഛായാഗ്രഹണമികവിന്  കഴിഞ്ഞിട്ടുണ്ട് . സംഘട്ടന  രംഗങ്ങളിലെ  ദൃശ്യവിന്യാസങ്ങളും ഗംഭീരമായി സന്നിവേശിപ്പിക്കാന്‍  അദ്ദേഹത്തിനായി . സംഘട്ടന രംഗങ്ങള്‍  ഉജ്ജ്വലമാക്കിയ Seyoung Oh എന്ന കൊറിയന്‍ സ്റ്റണ്ട് മാസ്റ്ററുടെ മികവും  അക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.   ത്രില്ലര്‍ ചിത്രം ആവശ്യപ്പെടുന്ന ചടുലത രംഗങ്ങളില്‍  ഒട്ടിച്ചുചേര്‍ക്കാന്‍  നമ്രതറാവുവിന്‍റെ ചിത്രസംയോജനം  സഹായകമായിട്ടുണ്ട് . ചിത്രത്തിലെ  ഏക  ഗാനം  ഒഴിവാക്കപ്പെട്ടതും  ഇതിന്‍റെ  പേരിലാണോ എന്നത്  അജ്ഞാതമാണ് . ആന്ദ്രിയ ഗ്വേരയുടെ പശ്ചാത്തല  സംഗീതം സിനിമയോടൊപ്പം  ചേര്‍ന്നുനിന്നു .

രണ്ടാം  പകുതിയിലെ സംഭവപരമ്പരകളില്‍    അനുഭവപ്പെടുന്ന അസ്വാഭാവികതയും , അവിശ്വസനീയതയുമാണ്  സിനിമയെ പിറകോട്ടു വലിക്കുന്ന  പ്രധാന  ഘടകങ്ങള്‍. ത്രില്ലര്‍  ചിത്രമായിട്ടും കടന്നുവരുന്ന  പ്രവചനസാധ്യമായ രംഗങ്ങളും , കഥാപാത്രരൂപീകരണവും തിരക്കഥയിലെ മറ്റു  പോരായ്മകളാണ്‌ . ഷാരുഖ്  ഖാന്‍  എന്ന  താരത്തെ ഗ്ലോറിഫൈ  ചെയ്യാതെ  ഭൂമിയില്‍  നിര്‍ത്തിയത് അദ്ദേഹത്തിന്‍റെ  ആരാധകരേയും കുറച്ചൊക്കെ  നിരാശരാക്കിയേക്കാം . എന്നാല്‍ , ആട്ടവും , പാട്ടും , കൂത്തും , അടിയും , വെടിയും , പുകയും , വര്‍ണ്ണശബളമായ  സ്ഥിരം കാഴ്ചകളും മാത്രം  അരങ്ങേറുന്ന ഹിന്ദി  ചലച്ചിത്രഭൂമികയില്‍  വേറിട്ടൊരു  ശ്രമമാണ്  “ഫാന്‍” .

MY RATING :- 3 / 5

മടുപ്പിക്കുന്ന  പരസ്യങ്ങള്‍ :-

ഏറണാകുളത്തെ സിനിപ്പോളിസ് എന്ന മള്‍ട്ടിപ്ലക്സിലെ ഉയര്‍ന്ന  ടിക്കറ്റ്  നിരക്ക്  നല്‍കിയും  , പാര്‍ക്കിംഗ് സ്ഥലത്തെ ബുദ്ധിമുട്ടുകളും  സഹിച്ച് തിയേറ്റരിലെത്തിയ  പ്രേക്ഷകരെ  വിഡ്ഢികളാക്കുന്ന  സമീപനമാണ് ഇടവേള  നേരത്ത്  തിയേറ്റര്‍  അധികൃതര്‍  കൈക്കൊള്ളുന്നത് . സിനിമയുടെ ഇടവേളക്കാഴ്ച   പ്രേക്ഷകര്‍ക്ക്  നല്‍കുന്ന  മൂഡിനെ  കൊല്ലുന്ന  തരത്തില്‍  ഇരുപത്  മിനിറ്റുകള്‍  നീണ്ടുനില്‍ക്കുന്ന പരസ്യങ്ങളുടെ  ഒരു ഘോഷയാത്രയാണ്  അവരെ  കാത്തിരിക്കുന്നത് . നഗരത്തില്‍  മറ്റൊരിടത്തുമില്ലാത്ത  പാര്‍ക്കിംഗ്  നിരക്കുകള്‍ ഈടാക്കുകയും , വിലപ്പെട്ട കൂടുതല്‍  സമയം തിയേറ്ററില്‍  ചിലവഴിക്കാന്‍  നിരബന്ധിതരാക്കുകയും  ചെയ്യുന്ന  ഈ ഇരട്ടനീതിക്കെതിരെ ഇനിയെങ്കിലും പ്രേക്ഷകര്‍  ഒറ്റക്കെട്ടായി  പ്രതികരിക്കേണ്ടിയിരിക്കുന്നു .

 

 

Posted in movie | Tagged , , , , , , , , , | ഒരു അഭിപ്രായം ഇടൂ

തിരിച്ചറിവുകളുടെ പുതിയ പാതകള്‍ തീര്‍ത്ത്‌ “ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം”

9

ഗാനരചന , ഗാനാലാപനം , തിരക്കഥാരചന , അഭിനയം , സംവിധാനം എന്നിങ്ങനെ  മലയാള  സിനിമയിലെ  ഒരു സൂപ്പര്‍മാര്‍ക്കറ്റാണ്  വിനീത്  ശ്രീനിവാസന്‍. എന്നാല്‍, തൊട്ടതെല്ലാം  പൊന്നാക്കിയ  അടുത്തടുത്തുള്ള  വന്‍വിജയങ്ങളിലൂടെ അദ്ദേഹം  മലയാള  സിനിമയിലെ  ഏറ്റവും  വിലപിടിപ്പുള്ള  ബ്രാണ്ടുകളില്‍  ഒന്നായി  മാറിയിരിക്കുന്നു. വിനീത് ശ്രീനിവാസന്‍ എന്ന ആ  ബ്രാണ്ടിന്‍റെ  ഏറ്റവും  വിലപിടിപ്പുള്ള ഉല്‍പ്പന്നം  ഏതെന്ന  ചോദ്യത്തിന്  പലര്‍ക്കും  പല  ഉത്തരംങ്ങള്‍ നല്‍കാനാകുമെങ്കിലും  എന്‍റെ  ഉത്തരം  നിവിനെന്നാണ്. യാതൊരു  സിനിമാ  പാരമ്പര്യവുമില്ലാത്ത , തികച്ചും  സാധാരണക്കാരനായ നിവിനെന്ന  ചെറുപ്പക്കാരനെ  മലയാള സിനിമയിലെ പൊന്നിന്‍വിലയുള്ള  താരമാക്കി  മാറ്റിയതില്‍ വിനീതിനുള്ള പങ്ക്  വളരെ  വലുതാണ്‌ .  ആശാനും , ശിഷ്യനും മുന്‍പ്  ഒരുമിച്ചപ്പോഴെല്ലാം മലയാളികള്‍ ആ  സൃഷ്ടികളെ  ഇരുകൈകളും  നീട്ടി  സ്വീകരിച്ചിട്ടുണ്ട് . ഇപ്പോഴത്തെ  മലയാള  സിനിമയിലെ  പുതിയ  ട്രെണ്ടായ “ജീവിതകഥ” യെ  ആസ്പദമാക്കി  വിനീത്  രചിച്ച  ചിത്രത്തില്‍ നിവിന്‍  വേഷമിടുമ്പോള്‍ പ്രതീക്ഷകളുടെ രസഗോളം (മെര്‍ക്കുറി) തെര്‍മോമീറ്ററും  പൊട്ടിച്ച്  വെളിയില്‍  ചാടുന്നതില്‍  അത്ഭുതമില്ലല്ലോ . ട്രെയിലര്‍  നല്‍കിയ  ചില  മുന്‍വിധികള്‍ മാത്രമാണ്  നേരിയ  ആശങ്കയായി  മനസ്സില്‍ ഒളിഞ്ഞുകിടന്നത് .

പ്രമേയം :-

സ്നേഹത്തിന്റേയും , പരസ്പര ബഹുമാനത്തിന്റേയും നൂലിഴകളില്‍  കോര്‍ത്ത  സ്വര്‍ഗ്ഗം  തന്നെയായിരുന്നു ഭാര്യയും , നാല് മക്കളുമടങ്ങുന്ന  ജേക്കബ്‌ സക്കറിയാസിന്‍റെ കുടുംബം. ഓളങ്ങള്‍ ഏതുമില്ലാതെ സ്വച്ഛന്ദമായി  ഒഴുകുന്ന  നദി പോലെ സുന്ദരമായിരുന്ന  അവരുടെ   ജീവിതത്തില്‍  അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തം ജീവിതസമവാക്യങ്ങള്‍ അപ്പാടെ  മാറ്റിമറിക്കുന്നു. ആഹ്ലാദങ്ങളുടെ  വസന്തകാലത്തേക്കാള്‍  പ്രതിസന്ധികളുടെ ഊഷരകാലമാണ്   കുടുംബബന്ധങ്ങളുടെ ശക്തിയുടെ   യഥാര്‍ത്ഥ  അളവുകോല്‍ എന്ന് ജേക്കബും , കുടുംബവും , പ്രേക്ഷകരും  തിരിച്ചറിയുന്നു .

സ്വര്‍ഗ്ഗരാജ്യത്തിനകത്തെ  കാഴ്ചകള്‍ :-

തന്‍റെ  മക്കള്‍ക്ക്‌  കൂട്ടുകാരനും , സൈദ്ധാന്തികനും , വഴികാട്ടിയും  , മാതൃകയും എല്ലാമായിരുന്ന ജേക്കബ്‌  സക്കറിയ ഒരേസമയം  മികച്ച കച്ചവടക്കാരനും , ഉത്തമ കുടുംബനാഥനുമായിരുന്നു .  ഓരോ വാക്കുകളിലും  നിറഞ്ഞുനിന്നിരുന്ന പോസിറ്റീവ് ഊര്‍ജ്ജപ്രവാഹമായിരുന്നു അയാളുടെ ജീവിതത്തിന്‍റെ  കൈയ്യൊപ്പ് .   തള്ളക്കോഴി കുഞ്ഞുങ്ങളെ  ചിറകിനടിയില്‍ ഒളിപ്പിക്കുന്ന  കരുതലോടെ അയാള്‍ തന്‍റെ  കുടുംബത്തെ  പരിപാലിച്ചു .  മക്കള്‍ക്ക്‌  ജീവിതപ്രതിസന്ധികളെ നേരിടാനുള്ള കരുത്തും , ശിക്ഷണവും നല്‍കാനും അയാള്‍  മറന്നില്ല . രണ്‍ജി പണിക്കര്‍ സര്‍ നിറഞ്ഞാടുന്ന  ഒന്നാം  പകുതി ലാളിത്യമാര്‍ന്ന  സ്വാഭാവിക  നര്‍മ്മരംഗങ്ങളുമായി  ഒരു കുളിര്‍കാറ്റുപോലെ പ്രേക്ഷകഹൃദയങ്ങളെ  തഴുകി ഉണര്‍ത്തുന്നു . ജേക്കബിന്‍റെ കുടുംബത്തിന്‍റെ  കെട്ടുറപ്പും , സ്നേഹവും , കരുതലും നമ്മുടെ ഹൃദയങ്ങളെ  ആര്‍ദ്രമാക്കും ,  അവനവനിലേക്ക്‌ ചുരുങ്ങുന്ന ഈ  അണുകുടുംബ കാലത്ത് നമ്മെ  കൊതിപ്പിക്കും .

ജീവിതമെന്ന  നാണയത്തിന്‍റെ  ഇരുവശമെന്ന  പോലെ  വന്നെത്തുന്ന  പ്രതിസന്ധികാലത്തെ ജീവിതസംഘര്‍ഷങ്ങള്‍  ജേക്കബിന്‍റെ കുടുംബം നേരിടുന്ന  രണ്ടാം  പകുതി ഷേര്‍ളി ജേക്കബായി  വേഷമിടുന്ന ലക്ഷ്മി  രാമകൃഷ്ണനും , ജെറിയായി വേഷമിടുന്ന  നിവിനും  സ്വന്തമാണ് . സന്താപം കൊണ്ടും , ആത്മഹര്‍ഷം  കൊണ്ടും പ്രേക്ഷക നയനങ്ങളെ സജലങ്ങളാക്കുന്ന നിരവധി ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ  വറുതികാലം   കുടുംബ  ബന്ധങ്ങളുടെ ശക്തിയും , കെട്ടുറപ്പും  വിളിച്ചോതുന്നു . ഇടക്കിടെ  വന്നുപോകുന്ന കൊച്ചുകഥാപാത്രങ്ങള്‍ പോലും പ്രേക്ഷക  ഹൃദയങ്ങളില്‍ ആഴത്തില്‍ സ്വാധീനം  ചെലുത്തും. എങ്കിലും,   ഒന്നാം പകുതി  സ്വാഭാവികതയുടെ  സുഗന്ധം  പേറുന്ന ജീവിതക്കാഴ്ചകള്‍  സമ്മാനിച്ചപ്പോള്‍ രണ്ടാം  പകുതി ജനപ്രിയതയുടെ  സിനിമാറ്റിക് ഭാവങ്ങള്‍ക്കാണ് മുന്‍‌തൂക്കം  നല്‍കിയത് . അപ്പോള്‍ പോലും , പ്രതിനായക കഥാപാത്രമായ മുരളി മേനോന്‍ അടക്കം എല്ലാ  കഥാപാത്രങ്ങളും  ജീവിത സാഹചര്യങ്ങള്‍  തീര്‍ത്ത  തടവറയിലെ തടവുകാര്‍  മാത്രമാണ് എന്ന്  സൂചിപ്പിക്കാനും വിനീത്  മറന്നിട്ടില്ല . പഴയ  തലമുറയുടെ  പ്രതിനിധിയായ  ഞാന്‍  പല  രംഗങ്ങളും  മിഴിനീര്‍ ഒഴിയാത്ത  കണ്ണുകളും , നിറഞ്ഞുകവിഞ്ഞ മനസ്സുമായാണ് കണ്ടിരുന്നത്‌ . ഒടുവില്‍ ഹൃദയത്തില്‍ കയറുന്ന വാക്കുകളുടെ  അകമ്പടിയോടെ  യഥാര്‍ത്ഥ  ജീവിതത്തിലെ  ജേക്കബിനേയും , കുടുംബത്തേയും  വിനീത്  തിരശ്ശീലയിലെത്തിച്ചപ്പോള്‍ അടുത്തകാലത്തെ  ഏറ്റവും  മികച്ച  കുടുംബചിത്രമായി  “ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം ” ഉയര്‍ത്തപ്പെട്ടു .

പ്രകടനങ്ങള്‍ :-

ഇടിമുഴക്കമായി നിറഞ്ഞ തീപാറുന്ന സംഭാഷണങ്ങളിലൂടെ പ്രേക്ഷകമനസ്സുകള്‍  കീഴടക്കിയ  രണ്‍ജി പണിക്കര്‍സര്‍ അഭിനേതാവ്  എന്ന തന്‍റെ  രണ്ടാം  ജന്മവും ഉജ്ജ്വലമായി  ആടിത്തിമിര്‍ക്കുന്നു . അതിന്‍റെ  ഏറ്റവും പുതിയ നിദര്‍ശനമാണ്  “ജേക്കബ്‌ ” എന്ന  കഥാപാത്രം. സിനിമയുടെ  ഒന്നാം  പകുതി  പൂര്‍ണ്ണമായും അദ്ദേഹം  നിറഞ്ഞാടിയപ്പോള്‍   നിവിന്‍  അടക്കമുള്ള  അഭിനേതാക്കള്‍ പലപ്പോഴും  വെറും  കാഴ്ചക്കാര്‍  മാത്രമായിരുന്നു . രണ്‍ജി സാറിന്‍റെ ഇന്നോളമുള്ള  അഭിനയജീവിതത്തിലെ  ഏറ്റവും  മികച്ച  കഥാപാത്രമാണ് ജേക്കബ്‌  സക്കറിയ .

നവതരംഗ സിനിമകളുടെ  പ്രഭാവകാലത്ത് മലയാളി  യുവത്വങ്ങളുടെ ആവേശമായിരുന്ന ശ്രീനാഥ്  ഭാസിയുടെ  തിരിച്ചുവരവിന്  എബിന്‍ എന്ന കഥാപാത്രം ശക്തമായ കളമൊരുക്കുന്നു . പക്ഷെ ,   പാശ്ചാത്യസംഗീതത്തിന്‍റെ  ഉപാസകനായ മെട്രോ ചെറുപ്പക്കാരന്‍  എന്ന  സ്ഥിരം  ശ്രീനാഥ്  ഭാസി  കഥാപാത്രങ്ങളുടെ  മറ്റൊരു  പകര്‍പ്പാണ്  എബിന്‍  എന്നതും  പറയാതെ വയ്യ . എങ്കിലും  ഒന്നാം പകുതിയില്‍ നര്‍മ്മം വിതറുന്ന  സംഭാഷണങ്ങളിലൂടെയും , രണ്ടാം പകുതിയില്‍ ശക്തമായ ഭാവപ്രകടനത്തിലൂടെയും  എബിന് മജ്ജയും , മാംസവും പകര്‍ന്നുനല്‍കുന്നതില്‍  ശ്രീനാഥ് പൂര്‍ണ്ണമായും  വിജയിച്ചു.

നിവിന്‍  ചിത്രങ്ങളിലെ  നായികമാര്‍ പ്രേക്ഷകഹൃദയങ്ങളുടെ  ഊഷ്മാവ്  വര്‍ദ്ധിപ്പിക്കുന്ന സ്വപ്നറാണിമാരാവുക  എന്ന പതിവിന്  ഈ  ചിത്രവും  ഭംഗം  വരുത്തിയിട്ടില്ല . സിനിമ ഇറങ്ങുന്നതിന്  മുന്‍പേ പ്രേക്ഷകഹൃദയങ്ങളെ  തരളിതരാക്കി  താരപ്രഭാവം ചൂടിയ   റീബാ , ഐമ എന്നിവര്‍ക്ക് പക്ഷെ സ്ക്രീന്‍ സ്പേസ്  തീരെ  കുറവായിരുന്നു. തുടിച്ചുനില്‍ക്കുന്ന മലയാളിത്തമുള്ള  ഐമക്കാണ് താരതമ്യേന മികച്ച സ്ക്രീന്‍ സമയം  ലഭിച്ചത് . മെട്രോ പെണ്‍കൊടിയുടെ പ്രതീകമായ  റീബയുടെ  സാന്നിധ്യം  ഏതാനും  മിനുട്ടുകളില്‍  ഒതുങ്ങി .

ഷേര്‍ളി ജേക്കബ്ബായി  വേഷമിട്ട  ലക്ഷ്മി  രാമകൃഷ്ണനാണ് ചിത്രത്തിലെ  യഥാര്‍ത്ഥ  നായിക. “യുദ്ധം സെയ്”  എന്ന മിഷ്ക്കിന്‍  ചിത്രത്തിനായി  തല  മുണ്ഡനം  ചെയ്യാന്‍  വരെ തയ്യാറായ കലാകാരിയാണ് ലക്ഷ്മി  രാമകൃഷ്ണന്‍. സ്നേഹമയിയായ വീട്ടമ്മയായും , പ്രതിസന്ധികളെ ധീരമായി  നേരിടുന്ന  ശക്തയായ വ്യവസായ സംരംഭകയായും  അവര്‍ ഗംഭീര   പ്രകടനം  കാഴ്ചവച്ചിട്ടുണ്ട്‌ .

ദിനേശ് നായര്‍ , സായ് കുമാര്‍ , ടി.ജി. രവി തുടങ്ങിയ അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക്  സ്വാഭാവികതയുടെ  മിഴിവേകി . ഏതാനും രംഗങ്ങളില്‍  മാത്രം  മിന്നിമറയുന്ന  വിനീത് തിരശ്ശീലയില്‍  പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉയര്‍ന്നുകേട്ട  കൈയ്യടികള്‍ പ്രേക്ഷകര്‍ അദ്ദേഹത്തില്‍  അര്‍പ്പിക്കുന്ന  വിശ്വാസത്തിന്‍റെ ഉത്തമ നിദര്‍ശനമായി . വിനീതിനൊപ്പം അജു വര്‍ഗ്ഗീസിനും , അദ്ദേഹത്തിന്‍റെ  ഇരട്ടകള്‍ക്കും കൂടി  തിയേറ്ററില്‍  ഈ  സൗഭാഗ്യം  ലഭിച്ചു . ഗൗതം  മേനോന്  വേഷമിടാനാകാതെപോയ പ്രതിനായകഭാവമുള്ള മുരളി മേനോന്‍ എന്ന കഥാപാത്രം പുതുമുഖം  അശ്വിന്‍ കുമാറിന്‍റെ  അഭിനയജീവിതത്തിന് മുതല്‍ക്കൂട്ടായി .അദ്ദേഹത്തിന്  കൂടുതല്‍  മലയാള  ചിത്രങ്ങളിലേക്ക് തുറക്കുന്ന  പാതയായി ഈ  ചിത്രം മാറുമെന്ന കാര്യത്തില്‍  തര്‍ക്കമില്ല .

സാധാരണക്കാരെ ശത്രുക്കളാക്കി  മാറ്റുന്ന വെറുപ്പിക്കുന്ന  ആരാധകവൃന്ദം  ഇല്ലായിരുന്നു  എന്നതാണ്  “പ്രേമത്തിന് ” മുന്‍പുവരെ നിവിന്‍ പോളിയെ ഏവര്‍ക്കും പ്രിയങ്കരനാക്കിയിരുന്ന പരസ്യമായ  രഹസ്യം . എന്നാല്‍ , പ്രേമം  നിവിന്‍ പോളിയെ  ഒരു  പ്രതിഭാസമാക്കി  വളര്‍ത്തുകയും , മറ്റു  താരങ്ങള്‍ക്ക്  സമാനമായി ഫാന്‍സ്‌  വെട്ടുകിളികള്‍ വളരുകയും  ചെയ്തപ്പോള്‍  അവ ഒരുവിഭാഗം  പ്രേക്ഷകരുടെ  മനസ്സുകളില്‍  വിളഞ്ഞുനില്‍ക്കുന്ന നിവിന്‍  സ്നേഹത്തില്‍  കുറവ് വരുത്തി. എന്നാല്‍, മികച്ച  കഥാപാത്രതിരഞ്ഞെടുപ്പിലൂടെ നിവിന്‍  വീണ്ടും  പ്രേക്ഷകഹൃദയങ്ങള്‍  കീഴടക്കുന്നു .   ഒരു പ്രത്യേക  ചട്ടക്കൂടിലുള്ള  കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാന്‍  നിവിനുള്ള കഴിവ് പലകുറി  തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍,   നിവിന്‍ തന്‍റെ  സേഫ് സോണ്‍ എന്ന  വാത്മീകം  തകര്‍ത്തു  വെളിയില്‍  വരാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ  ഏറ്റവും പുതിയ തെളിവാണ് ഈ  ചിത്രത്തിലെ  ജെറി എന്ന   കഥാപാത്രം. ജെറി   കുടുംബപ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറുമെന്ന  കാര്യത്തില്‍  സംശയമില്ല .

ലാസ്റ്റ് വേര്‍ഡ്‌ :-

ഒരേ ടീം  തന്നെ  ഒന്നിക്കുന്നു  എന്നതാണ്  വിനീത്  ചിത്രങ്ങളുടെ ബലവും , ബലഹീനതയും . ആദ്യ  ചിത്രം മുതല്‍ ഈണങ്ങളൊരുക്കി  വിനീതിന്‍റെ  നിഴലായി കൂടെ ചലിക്കുന്ന  ഷാന്‍  റഹ്മാന്‍റെ പശ്ചാത്തല സംഗീതം ഈ  ചിത്രത്തിന്‍റെ ഭാവതീവ്രമായ  രംഗങ്ങള്‍ക്ക് തീക്ഷ്ണത പകരുന്നതില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട് . ജന്മനാടിന്‍റെ  ഗൃഹാതുരത്വം പേറുന്ന  ഈണങ്ങളും മികവ് പുലര്‍ത്തി .   ദുബായ്  എന്ന മണല്‍നഗരത്തിന്‍റെ  മനോഹരവും , വന്യവുമായ  ദൃശ്യങ്ങള്‍ കൊതിപ്പിക്കുംവിധം പകര്‍ത്തിയെടുത്ത ജോമോന്‍.ടി. ജോണിന്‍റെ ഛായാഗ്രഹണമികവ് പ്രേക്ഷകരെ സിനിമയുടെ  പ്രമേയത്തിന്‍റെ  അകക്കാമ്പിലേക്ക്  കൈപിടിച്ചു  നടത്തുന്നു . രഞ്ജന്‍ അബ്രഹാമിന്‍റെ  കത്രികയുടെ  മൂര്‍ച്ച , സിനിമയുടെ  ജനപ്രിയസ്വഭാവത്തിന്  നല്‍കിയ  സംഭാവനയും ചെറുതല്ല . എങ്കിലും  , രചയിതാവും , സംവിധായകനുമായ വിനീത്  തന്നെയാണ് ഈ  ചിത്രത്തിന്‍റെ  വിജയശില്‍പ്പി . കഥാപാത്രങ്ങളുടെ  സൂക്ഷമമായ  മാനസിക  വ്യാപാരങ്ങള്‍ തുറന്നുകാട്ടുന്ന  കെട്ടുറപ്പുള്ള  തിരക്കഥയും , സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് വികാരതീവ്രത  പകരുന്ന  മികച്ച  സംഭാഷണങ്ങളുമാണ്  ഈ  സിനിമയിലെ  യഥാര്‍ത്ഥ  ഹീറോ . രണ്ടാം പകുതിയിലെ ജനപ്രിയ ഫോര്‍മുലയുടെ  കടുംചായത്തില്‍  മുക്കിയെടുത്ത അവിശ്വസനീയത കലര്‍ന്ന സിനിമാറ്റിക്  കഥാകഥനം  വ്യവസായികമായ ഒത്തുതീര്‍പ്പായി  കണ്ട് വിസ്മരിക്കാമെന്ന്  തോന്നുന്നു .  യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലാളിത്യമുള്ള വ്യത്യസ്തമായ ചിത്രങ്ങളൊരുക്കുന്ന  വിനീത് – നിവിന്‍ ജോഡികള്‍  പഴയ  സത്യന്‍ – ലാലേട്ടന്‍ ദ്വയങ്ങളെ  ഓര്‍മ്മപ്പെടുത്തുന്നതില്‍ അത്ഭുതമേതുമില്ല .

ലഹരിയോ , അശ്ലീല ഭാഷണങ്ങളോ , ലൈംഗിക  അരാജകത്വമോ , ബുദ്ധിജീവി  നാട്യങ്ങളോ ഇല്ലാതെ  വെക്കേഷന്‍  കാലത്ത്  സ്ത്രീകളും , കുട്ടികളും  അടങ്ങുന്ന പ്രേക്ഷകസമൂഹത്തിന് ആസ്വദിക്കാന്‍ വേണ്ട  കൃത്യമായ രുചിക്കൂട്ടുകള്‍ ചേര്‍ത്ത്   വിനീത് തയ്യാറാക്കിയ വിഷുവിഭവമാണ് “ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം”  . എന്നാല്‍, യുവത്വത്തിന്‍റെ  ആഘോഷമായ സ്ഥിരം വിനീത്  ചിത്രം പ്രതീക്ഷിച്ചു പോകുന്നവര്‍ നിരാശരാവുകയും  ചെയ്യും .  ബന്ധങ്ങള്‍  ബന്ധനങ്ങളാകുന്ന അണുകുടുംബങ്ങളില്‍ സ്വത്വം നഷ്ടമാകുന്ന പുതുതലമുറക്ക് തിരിച്ചറിവുകളുടെ പുതിയ ലോകം തീര്‍ത്തേക്കാം ഈ  ചിത്രം .

MY RATING :- 3.25 / 5

 

 

 

 

 

Posted in movie | Tagged , , , , | ഒരു അഭിപ്രായം ഇടൂ

കിംഗ്‌ ലയര്‍ — നിരൂപണമല്ല ; സിനിമ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ; ഉത്തരങ്ങള്‍

 

1

ഇത്  “കിംഗ്‌ ലയര്‍” എന്ന  ചിത്രത്തിന്‍റെ  നിരൂപണമല്ല . ചിത്രത്തിന്‍റെ  അഭിപ്രായത്തെക്കുറിച്ച് “ഇന്‍ബോക്സില്‍” നിറയുന്ന  സ്നേഹപൂര്‍ണ്ണമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം  എന്ന നിലയിലുള്ള  അഭിപ്രായപ്രകടനം  മാത്രമാണ് . കൂട്ടത്തില്‍ ഇത്തരം ചിത്രങ്ങളെ കുറിച്ചുള്ള ചില മിത്തുകളും , മിഥ്യകള്‍ക്കുമുള്ള  മറുപടിയും .

ഇതൊരു  ദിലീപ്  ചിത്രം :-
————————–

ഒരേ റൂട്ടിലോടുന്ന ബസ്സ് പോലാണ്  ഭൂരിഭാഗം  ദിലീപ് ചിത്രങ്ങളും . ബസ്സ്‌  പോകുന്ന  പാതകളിലെ വളവുകളും , തിരിവുകളും , കുഴികളും , കുളങ്ങളും എന്തിന്  റെയില്‍വേ ഗേറ്റ്  എപ്പോള്‍  അടക്കുമെന്ന്  വരെ അറിയാവുന്നവരാണ് ഭൂരിപക്ഷം  യാത്രക്കാരും . അതേ  ലക്ഷ്യസ്ഥാനത്ത്  എത്തുന്ന  മറ്റു  ബസ്സുകള്‍ ഉണ്ടെങ്കിലും ഈ ബസ്സിലെ  യാത്ര  ഇഷ്ടപ്പെടുന്നവരാണ് ഈ  യാത്രികര്‍. ചില  ദിവസങ്ങളില്‍ വഴിയോരങ്ങളില്‍ കാണുന്ന പൂരത്തിന്‍റെ  ദൃശ്യങ്ങളോ , സുന്ദരികളായ പെണ്‍കുട്ടികളുടെ കടാക്ഷങ്ങളോ , വഴിയോര മാജിക്ക് കാഴ്ചകളോ , ബസ്സിനകത്ത്  വന്നെത്തുന്ന പുതിയ  അതിഥികളുടെ നര്‍മ്മം  നിറഞ്ഞ  പെരുമാറ്റങ്ങളോ , പെരുമാറ്റ വൈകല്യങ്ങളോ ഒക്കെയാണ് ഈ  യാത്രകളില്‍ ഇടക്ക് ലഭിക്കുന്ന  വ്യത്യസ്തകള്‍.  ഇതെല്ലാം  അറിഞ്ഞിട്ടും ബസ്സില്‍  കയറി  റോഡിലെ സ്ഥിരം  കുഴികളെയും , ബസ്സിനനകത്തെ  ശോചനീയമായ സൗകര്യങ്ങളെയും കുറ്റം പറയുന്ന യാത്രക്കാരും ഇവിടുത്തെ  സ്ഥിരം കാഴ്ചയാണ് .

“കിംഗ്‌ ലയറും” സ്ഥിരം  റൂട്ടിലോടുന്ന  ഈ  ബസ്സ്‌  തന്നെയാണ് . മലയാള സിനിമയിലെ  എക്കാലത്തേയും വലിയ  ഹിറ്റ്  ചിത്രങ്ങളുടെ  കണക്കെടുത്താല്‍  സിദ്ധിക്ക് — ലാല്‍ ദ്വയങ്ങളുടെ പേരുകള്‍ ഒഴിവാക്കിയൊരു  പട്ടിക സാധ്യമല്ലതന്നെ. എല്ലാത്തരം  പ്രേക്ഷകരെയും ഒരുപോലെ  ആകര്‍ഷിക്കുന്ന,  യുക്തിയെ വെല്ലുവിളിക്കാത്ത , നര്‍മ്മത്തില്‍ പൊതിഞ്ഞ ലാളിത്യമാര്‍ന്ന ചിത്രങ്ങളായിരുന്നു അവരുടെ  മുഖമുദ്ര. ഏതു കടുത്ത  വേനലിലും തെളിനീര് പകരുന്ന  വറ്റാത്ത  ഉറവ പോലെ  പ്രതിഭാസമ്പന്നമായിരുന്നു  അവരുടെ  രചനകള്‍ . ഇടക്കാലത്ത്  ഇരുവരും  പിരിഞ്ഞ് സൃഷ്ടികള്‍  ഒരുക്കിയപ്പോള്‍ മുന്‍കാല  ചിത്രങ്ങളുടെ  നിഴലുകള്‍  മാത്രമായൊതുങ്ങി . 22 വര്‍ഷങ്ങള്‍ക്കുശേഷം  അവര്‍ വീണ്ടും  ഒരുമിക്കുന്ന  ചിത്രത്തില്‍  മലയാളത്തിലെ  ഏറ്റവും  വലിയ  ഹാസ്യനായകരില്‍ ഒരാളായ ദിലീപ് നായകവേഷമണിയുന്നു  എന്ന  വമ്പന്‍  പ്രതീക്ഷകളുമായി പോയാല്‍ “കിംഗ്‌ ലയര്‍”  നിങ്ങളെ  നിരാശപ്പെടുത്തും . പക്ഷെ , അധികം ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നിറയാത്ത നര്‍മ്മത്തില്‍  പൊതിഞ്ഞ ഒരുവട്ടം  കണ്ടിരിക്കാവുന്ന  ചിത്രം തന്നെയാണ് “കിംഗ്‌ ലയര്‍” .

കുടുംബങ്ങളുടെ  മാസ്സ് ചിത്രം :-
——————————

അന്യഭാഷാ മാസ്സ്  ചിത്രങ്ങള്‍  ആസ്വദിക്കുന്ന മലയാളി യുവത്വങ്ങള്‍ അതേ  ഫോര്‍മാറ്റിലെത്തുന്ന  മലയാള ചിത്രങ്ങളെ  നിഷ്ക്കരുണം തള്ളികളയുന്ന പതിവിന്  മലയാള സിനിമയുടെ  ഉത്ഭവത്തോളം പ്രായമുണ്ട് . മലയാള  സിനിമകളില്‍ നിന്നും  നമ്മുടെ പ്രേക്ഷകര്‍  പ്രതീക്ഷിക്കുന്നത്  കാമ്പുള്ള , മലയാളിത്തമുള്ള ചിത്രങ്ങളാണ്  എന്നതാണ്  അതിന്‍റെ  ന്യായീകരണമായി എന്നും നിരത്തിയിട്ടുള്ളത് . എന്നാല്‍, ഇടക്കാലത്ത് തിരശ്ശീലകളെ  അലങ്കരിച്ച ലഹരിയും , അശ്ലീലവും , ലൈംഗിക  അരാജകത്വവും  നിറഞ്ഞ നവതരംഗ  ചിത്രങ്ങളെ നമ്മുടെ  യുവത്വം ആവേശത്തോടെ  ആശ്ലേഷിച്ചപ്പോള്‍ ഈ  വാദങ്ങള്‍ക്ക്  പ്രസക്തിയില്ലാതായി . “ട്രിവാന്‍ഡ്രം ലോഡ്ജ് “, “വെടിവഴിപാട്” പോലുള്ള  ചിത്രങ്ങള്‍  എന്നില്‍  അറപ്പും , വെറുപ്പും നിറച്ചപ്പോള്‍ അതിനെ  ക്ലാസ്സ്  എന്നും , ആക്ഷേപഹാസ്യമെന്നും , സദാചാരവാദികള്‍ക്കുള്ള ചുട്ടമറുപടി  എന്നുമൊക്കെ വിശേഷിപ്പിക്കുന്ന  അടുത്ത  സുഹൃത്തുക്കളെ വരെ  കണ്ടിരുന്നു . ഇതെല്ലാം  വ്യക്തിപരമായ  അഭിപ്രായങ്ങള്‍  ആയതിനാല്‍ അതിനെ  ബഹുമാനപൂര്‍വ്വം കാണുന്നതില്‍ എനിക്ക് ബുദ്ധിമുട്ടും  അനുഭവപ്പെട്ടില്ല . പക്ഷെ , ചെറുപ്പക്കാര്‍ക്ക്  മാത്രമായി  കാണാവുന്ന ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സ്ത്രീകളും , കുട്ടികളും , കുടുംബങ്ങളും   ഒരുമിച്ച് ആഹ്ലാദിക്കുന്ന “കിംഗ്‌ ലയര്‍” പോലുള്ള  ചിത്രങ്ങള്‍ക്ക്  അയിത്തവും , തീണ്ടലും പ്രഖ്യാപിക്കുന്നതും ഇരട്ടത്താപ്പല്ലേ . സമ്മര്‍ദ്ദം നിറഞ്ഞ  ജീവിതസാഹചര്യങ്ങളില്‍ നിന്നും  മോചനം  തേടി  തിയേറ്ററുകളെ  പുല്‍കുന്ന , ചാനലുകളിലെ നിലവാരം കുറഞ്ഞ ഹാസ്യ പരിപാടികള്‍ ആസ്വാദനം  മരവിപ്പിച്ച അവര്‍ക്ക് ഈ ചിത്രങ്ങള്‍ ആശ്വാസം നല്‍കുമെങ്കില്‍ അവയെ  കീറിമുറിച്ച് തകര്‍ക്കേണ്ടതില്ല എന്നതാണ്  എന്‍റെ  അഭിപ്രായം . പക്ഷെ , സ്വന്തം  അനിഷ്ടങ്ങള്‍  തുറന്നുപറയാനുള്ള അവകാശത്തെ ചോദ്യം  ചെയ്യുന്നത്  നിരര്‍ത്ഥകമാണ് എന്നും  ഓര്‍മ്മിപ്പിക്കട്ടെ .

ജെനര്‍  തിരിച്ചറിയുക :-
———————–

കിലുക്കവും , ചിത്രവും , കിരീടവും ,രാജമാണിക്യവും , കിംഗും , തനിയാവര്‍ത്തനവും ,  വാനപ്രസ്ഥവും, വിധേയനും , ഒരു വടക്കന്‍വീരഗാഥയും , അമരവും എല്ലാം  ഒരുപോലെ  ആസ്വദിക്കുന്ന  ഒരാളാണ്  ഞാന്‍. ഓരോ  സിനിമയും ആവശ്യപ്പെടുന്ന ആസ്വാദനരീതികള്‍  തിരിച്ചറിയുക  എന്നത്  കലാസ്വാദനത്തിന് വളരെ പ്രധാനമാണ് . കുറെ  കോമാളിത്തരങ്ങളും , കുറച്ചു സ്വാഭാവിക  നര്‍മ്മങ്ങളും , വൈകാരിക ഭാവങ്ങളും എല്ലാം  സമാസമം  ചേര്‍ത്ത ഫോര്‍മുല  പിന്തുടരുന്ന  ദിലീപ് ചിത്രങ്ങളും  ഞാന്‍ ആസ്വദിക്കാറുണ്ട് . “മായാമോഹിനി” പോലുള്ള ചില  ചിത്രങ്ങളോട്  വ്യക്തിപരമായി എതിര്‍പ്പുണ്ടെങ്കിലും പല  ചിത്രങ്ങളും  ഞാന്‍ ആസ്വദിച്ചിട്ടുണ്ട് . ആ നിരയില്‍  ചേര്‍ക്കാവുന്ന  ഒരുവട്ടം  കണ്ടിരിക്കാവുന്ന ദിലീപ്  ചിത്രമാണ്‌ “കിംഗ്‌ ലയര്‍.” . ദിലീപിന്‍റെ പ്രകടനം പലപ്പോഴും  അമിതാഭിനയത്തിന്‍റെ  അതിര്‍വരമ്പുകളെ  ഭേദിക്കുന്നു എന്നതും ;  പ്രവചനസാധ്യമായ , ധാരാളം  സുഷിരങ്ങളുള്ള തിരക്കഥയുമാണ്‌  പ്രധാന  കല്ലുകടിയായി  തോന്നിയത് . ലോജിക്കിന്‍റെ  പാദുകങ്ങള്‍  നേരത്തേ  വീട്ടില്‍  ഊരിവച്ചിരുന്നതിനാല്‍ അക്കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍  അനുഭവപ്പെട്ടുമില്ല  🙂 . സ്ഥിരം ദിലീപ്  ചിത്രങ്ങളുടെ  ആരാധകരെ  ഈ  ചിത്രം  നിരാശരാക്കില്ല . ഇടക്കാലത്ത്  ഇറങ്ങിയ  ചില  ദിലീപ്  ചിത്രങ്ങളുടെ വളരെ  മോശം  നിലവാരത്തിലേക്ക്  ഈ  ചിത്രം വീണുപോയിട്ടുമില്ല .

കുടുംബം ഒന്നിക്കുമ്പോള്‍  നിലവാരം കുറയുമോ ?
———————————————

ഞാന്‍ പലപ്പോഴും  യുവാക്കളില്‍ നിന്നും  നേരിട്ടിട്ടുള്ള പ്രധാന  ചോദ്യമാണിത് . ഇതിന് വ്യക്തമായ  ഉത്തരം ലഭിക്കണമെങ്കില്‍ നിങ്ങളൊരു  പിതാവോ , മാതാവോ , അമ്മാവനോ  ഒക്കെയാകണം . സമ്മര്‍ദ്ധങ്ങള്‍ നിറഞ്ഞ ജീവിത  സാഹചര്യങ്ങളെ , ജോലിസ്ഥലത്തെ പ്രതിബന്ധങ്ങളെ , തിരക്കേറിയ നിരത്തുകളെ    അതിജീവിച്ച് വീട്ടിലെത്തുമ്പോള്‍ നിഷ്ക്കളങ്കമായ പുഞ്ചിരിയുമായി “അച്ഛാ”  എന്നോ “അമ്മാവാ” എന്നോ കൊഞ്ചിക്കൊണ്ട്  നിങ്ങളുടെ മനസ്സിനെ  കുളിരണിയിക്കുന്ന  സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞ  അനുഭവമുണ്ടാകണം . അവര്‍  തിയേറ്ററുകളില്‍ കൈകള്‍  കൊട്ടി  ആര്‍ത്തു  ചിരിക്കുമ്പോള്‍ നമ്മുടെ കലാസ്വാദനത്തിന്‍റെ  നിലവാരമൊക്കെ  പലപ്പോഴും ആ  ആഹ്ലാദത്തില്‍  ഒലിച്ചുപോകും , അലിഞ്ഞിതാകും ..

കിംഗ്‌ ലയര്‍ —  MY RATING :-  2.5 / 5

 

 

Posted in movie | Tagged , , , , | ഒരു അഭിപ്രായം ഇടൂ

ചിപ്പിക്കുള്ളിലെ കടലിരമ്പം “കലി”

10

യാത്രകള്‍ പലര്‍ക്കും  ആവേശത്തിന്‍റെ  ലഹരി  നിറയ്ക്കുന്ന  മധുചഷകമാണ് . എന്നാല്‍ , ഔദ്യോഗിക കടമകളുടെ വാറോലകള്‍  പേറുന്ന  യാത്രകളെ  ഞാനൊരിക്കലും  മോഹിച്ചിട്ടില്ല , സ്നേഹിച്ചിട്ടുമില്ല .   ഈ യാത്രകള്‍  എന്‍റെ  ജീവിതത്തിന്‍റെ ഭാഗമായ  സിനിമകള്‍ പോലെ  തന്നെ  അനിവാര്യമായപ്പോള്‍  ഏതെങ്കിലും ഒന്ന്  നഷ്ടപ്പെടാതെ  വയ്യെന്നായി . ജീവിതവും , സിനിമയും  ഒരു തുലാസിന്‍റെ  രണ്ടു  തട്ടുകളില്‍  തൂങ്ങുമ്പോള്‍  ജീവിതത്തിന്‍റെ  തട്ട് താഴ്ന്നുപോവുക എന്ന  സങ്കടഘട്ടത്തില്‍ ധാരാളം സിനിമകളുടെ  ആദ്യദിവസകാഴ്ചകള്‍  എനിക്ക്  നഷ്ടമായി . ആദ്യദിനങ്ങളില്‍  സിനിമ കാണുവാന്‍  ആകാതെ  വരുമ്പോള്‍  പിന്നീടുള്ള  നിരൂപണങ്ങള്‍  അധികപ്രസംഗങ്ങള്‍  ആകുമെന്ന  തോന്നല്‍ നിരൂപകന്‍റെ  പേന  താഴെ  വയ്ക്കാന്‍  എന്നെ  പ്രേരിപ്പിച്ചു . ജോലിത്തിരക്കുകളും , അതുമായി ബന്ധപ്പെട്ടുള്ള യാത്രകളുടെ  ബാഹുല്യവും  ആ   താത്പര്യക്കുറവിന്  ഉല്‍പ്രേരകമായി . സമീര്‍ താഹിര്‍ – ദുല്‍ഖര്‍ ചിത്രം  “കലി”  ആദ്യദിനം തന്നെ  കാണുവാന്‍  കഴിഞ്ഞപ്പോള്‍ താഴെ വച്ച  പേന  വീണ്ടും  ഒന്ന്  കൈയ്യിലെടുക്കണമെന്ന്  തോന്നി. മുന്‍പ് ഇരുവരുമൊന്നിച്ച “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ” എന്ന  ചിത്രത്തിന്‍റെ പ്രമേയവും , രാഷ്ട്രീയവും അത്രമേല്‍ പ്രിയതരമായതാകാം ഈ പ്രേരണയുടെ  കാരണം.

പ്രമേയം :-
———–

ഹിന്ദുമത വിശ്വാസപ്രകാരം നാശം  വിതയ്ക്കുന്ന  മൂര്‍ത്തിയാണ്  കലി . കല്‍ക്കി  എന്ന  5അവതാരം  വന്നെത്തും വരെ കലിയുഗനാഥനുമാണ്  കലി . പക്ഷെ , അതികഠിനമായ കോപം അഥവാ രോഷം  എന്ന വികാരത്തെ പ്രതിഫലിപ്പിക്കാനാണ്  മലയാളഭാഷയില്‍  “കലി”  എന്ന പദം കൂടുതലായും  ഉപയോഗിക്കുന്നത് . ആ  പേര്  തന്നെ  ചിത്രത്തിന്‍റെ  നാമമായി  വരുമ്പോള്‍ ഊഹിക്കാവുന്ന  പ്രമേയം  തന്നെയാണ്    ചിത്രത്തിന്‍റെ  കാതല്‍. ചെറിയ കാര്യങ്ങളില്‍ പോലും അനിയന്ത്രിതമായ കോപത്തിനടിമപ്പെട്ട യുവാവാണ് സിദ്ധാര്‍ഥ് (ദുല്‍ഖര്‍) .ബാല്യം  മുതലേ  പ്രതികരിക്കേണ്ടിത്തും , അല്ലാത്തിടത്തും രോഷത്തിന്‍റെ  അഗ്നിനാളങ്ങള്‍ പടര്‍ത്തി അയാള്‍  സ്നേഹവും , വെറുപ്പും ജീവിതത്തിന്‍റെ  ബാലന്‍സ് ഷീറ്റില്‍  വകയിരുത്തി . അയാളുടെ അടങ്ങാത്ത  കലിയുടെ  താപത്തെ  അല്പമെങ്കിലും  തണുപ്പിക്കാന്‍  കഴിയുന്ന  അഞ്ജലി (സായ് പല്ലവി ) ജീവിതസഖിയായി  വരുന്നതോടെ അവരുടെ  ജീവിതത്തില്‍  അരങ്ങേറുന്ന  സംഭവങ്ങളുടെ യഥാര്‍ത്ഥ്യം തുളുമ്പുന്ന കാഴ്ചകളാണ് “കലി” പ്രേക്ഷകരുമായി സംവദിക്കുന്നത് .

കലി പുകയുമ്പോള്‍ :-
———————-

സിദ്ധാര്‍ഥ് എന്ന  ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രം പക്ഷെ , തീര്‍ത്തും വ്യത്യസ്തമായ കലിയുടെ മറ്റൊരു അവതാരപ്പിറവിയിലൂടെയാണ് സിനിമായാത്ര ആരംഭിക്കുന്നത് . പിന്നീട് സിദ്ധാര്‍ഥിന്‍റെ ജീവിതത്തിലെ കൊച്ചു കൊച്ചു നിമിഷങ്ങളിലേക്കും,  അനിയന്ത്രിതമായ കോപതാപങ്ങളിലേക്കും സംവിധായകന്‍ പ്രേക്ഷകരെ കൈപിടിച്ചു  നടത്തുന്നു . ചങ്കിടിപ്പിന്‍റെ താളം കൂട്ടുന്ന രോഷപ്രകടനങ്ങളെക്കാള്‍ ഹാസ്യത്തിന്‍റെ മേമ്പൊടി വിതറിയ  സ്വാഭാവിക ജീവിതക്കാഴ്ചകളാണ് ആദ്യപകുതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. അഞ്ജലിയെന്ന തന്‍റെ  ജീവന്‍റെ  പാതിക്കായി  സിദ്ധാര്‍ഥ് നടത്തുന്ന  ജീവിതശൈലീ  മാറ്റങ്ങള്‍ പ്രേക്ഷകരില്‍   ചിരിയും , ചിന്തയും  നിറയ്ക്കും . ഇന്നത്തെ  യുവാക്കള്‍ക്ക് പലപ്പോഴും  സിദ്ധാര്‍ഥില്‍ തങ്ങളുടെ തന്നെ  പ്രതിബിബം  ദര്‍ശിക്കാനുമാകും . തിരകളും , കൊടുങ്കാറ്റും , ഇടക്കൊക്കെ  സുനാമി തന്നെ  വന്നിട്ടും സിദ്ധാര്‍ഥിന്‍റെയും , അഞ്ജലിയുടേയും   സ്നേഹത്തിന്‍റെ  ഊഷ്മളത ആഴക്കടല്‍  പോലെ  ശാന്തവും , അഗാധവുമായിരുന്നു . എന്നാല്‍ ഒന്നാം പകുതി  അവസാനിക്കുമ്പോള്‍ അവരുടെ ജീവിതത്തേയും , പ്രേക്ഷകമനസ്സുകളേയും ഒന്നുപോലെ അലോസരപ്പെടുത്തിക്കൊണ്ട് അപ്രതീക്ഷിതമായി വിരുന്നെത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥി സിനിമയുടെ  സ്വഭാവത്തെ  ഒന്നാകെ  മാറ്റിമറിക്കുന്നു .

ഓരോ നിമിഷവും  ഞരമ്പിന്  തീപിടിപ്പിക്കുന്ന ഉദ്വേഗം മുറ്റി നില്‍ക്കുന്ന രംഗങ്ങളുടെ ഘോഷയാത്രയാണ് രണ്ടാം പകുതിയില്‍  പ്രേക്ഷകരെ  കാത്തിരിക്കുന്നത് . ഒരേസമയം  പ്രേക്ഷക മനസ്സുകളെ  അലോസരപ്പെടുത്താനും , ആകാംക്ഷയുടെ  തീകോരി  നിറയ്ക്കാനും, തിയേറ്റര്‍  അന്തരീക്ഷത്തിന്‍റെ  ഊഷ്മാവ് ഉയര്‍ത്താനും ആ രംഗങ്ങള്‍ക്കാകുന്നുണ്ട് . അടുത്ത  നിമിഷം സംഭവിക്കുന്നത്‌ നമ്മെ  വിഷമിപ്പിക്കുന്നതാകരുതേ എന്നൊരു  പ്രാര്‍ത്ഥന പ്രേക്ഷക മനസ്സുകളിലേക്ക് അവരറിയാതെ  കടത്തിവിടാനും,  തെല്ലിടനേരം  നമ്മെത്തന്നെ  ആ  രംഗങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാനും സംവിധായകന്‍റെ  കൗശലം  നിറഞ്ഞ  റിയലിസ്റ്റിക് കഥാകഥനത്തിനാകുന്നുമുണ്ട് .അടിമുടി പരുക്കനായ  സംഘട്ടന  രംഗങ്ങളിലെ വയര്‍റോപ്പില്‍  തൂങ്ങിയാടാത്ത  സ്വാഭാവികതയും അതിനു മറ്റൊരു  കാരണമാണ് . ഒടുവില്‍ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍  നിര്‍ത്തിത്തന്നെ ചിത്രം  അവസാനിക്കുമ്പോള്‍ സ്വാഭാവികതയുടെ ഇരുണ്ടനിറത്തില്‍ മുക്കിയെടുത്ത ജീവിതഗന്ധിയായ ഒരു ത്രില്ലര്‍  കണ്ട  സംതൃപ്തിയോടെയാണ്  തിയേറ്റര്‍  വിട്ടത് .

പ്രകടനങ്ങള്‍ :-
—————

കുഞ്ചന്‍ , അഞ്ജലി അനീഷ്‌ , ഹരീഷ് , ഗുണ്ടകളായി  വേഷമിട്ടവര്‍, സിദ്ധാര്‍ഥിന്‍റെ  സഹപ്രവര്‍ത്തകര്‍, ദിനേശ് പണിക്കര്‍ , വികെപി , വനിത   തുടങ്ങി  ഒറ്റ  രംഗത്തില്‍ മിന്നിമറയുന്ന അലന്‍സിയര്‍ വരെ സ്വയം കഥാപാത്രങ്ങള്‍  ആവുക വഴി ചിത്രത്തിന്‍റെ അന്തരീക്ഷത്തെ ഊഷ്മളമാക്കുന്നു . നമുക്ക് കടിച്ചു തിന്നാന്‍  തോന്നുന്ന ചക്കര  എന്ന  വിളിപ്പേരുള്ള ചെമ്പന്‍റെ  മാരകമായ വിഷം നിറച്ച ചിരി സിനിമ  കഴിയുമ്പോഴും  പ്രേക്ഷകമനസ്സുകളെ  വേട്ടയാടും . വിനായകന്‍റെ ജോണ്‍,  താന്‍  സ്ഥിരം  അവതരിപ്പിക്കുന്ന  കഥാപാത്രപാത്രങ്ങളുടെ  കാര്‍ബണ്‍ കോപ്പി  തന്നെയായിരുന്നുവെങ്കിലും സിനിമക്ക് കരുത്തേകി . സൗബിന്‍ സാബിറിന്‍റെ  പ്രകാശന്‍ നിര്‍ദ്ധോഷ , നിഷ്ക്കളങ്ക  ഹാസ്യത്തിലൂടെ തിയേറ്ററില്‍  ചിരിയുടെ  അലകള്‍  നിറച്ചു.11

സായ് പല്ലവി :-

“പ്രേമം” എന്നൊരൊറ്റ  ചിത്രത്തിലൂടെ  മലയാളി പ്രേക്ഷകരുടെ ഹൃദയത്തിന്‍റെ  കോണുകളില്‍ തന്റേതായ ഇരിപ്പിടം വലിച്ചിട്ടിരുന്ന  നടിയാണ് സായ് പല്ലവി . പുട്ടിയടിച്ച സൗന്ദര്യസങ്കല്‍പ്പങ്ങള്‍  തന്‍റെ  മുഖക്കുരുഭാവങ്ങളിലൂടെ ഇളക്കിപ്രതിഷ്ഠിച്ച  നടിയുമാണവര്‍. സായ്  പല്ലവി  എന്ന നടിയേക്കാള്‍ “മലര്‍”  എന്ന നഷ്ടബോധത്തെ   ഉപാസിക്കുന്ന  മലയാളി പ്രേക്ഷകരുടെ പ്രതീക്ഷകളുടെ അമിതഭാരത്തെ ചുമലിലേറ്റാന്‍  അവര്‍ക്ക് ഈ  ചിത്രത്തില്‍ കഴിഞ്ഞിട്ടുണ്ടോ എന്ന്  സംശയമാണ് . പക്ഷെ ,  പ്രണയിനിയുടെ മൃദുലഭാവങ്ങളും ,  ഭാര്യയുടെ കരുതലുകളും ,  സുഹൃത്തിന്‍റെ  തിരിച്ചറിവുകളും മനോഹരമായി  സ്ക്രീനില്‍ കോറിയിടാന്‍ അവര്‍ക്ക്  കഴിഞ്ഞിട്ടുണ്ട് . രണ്ടാം  പകുതിയിലെ  ഭയവിഹ്വലഭാവങ്ങളും അവര്‍ ഉജ്ജ്വലമായി  തിരശ്ശീലയില്‍  സന്നിവേശിപ്പിച്ചിട്ടുണ്ട് . തമിഴ് കലര്‍ന്ന ഡബ്ബിംഗ്  മാത്രമാണ്  ചിലയിടങ്ങളില്‍  അലോസരം ഉയര്‍ത്തിയത്‌ . തമിഴ്നാട്ടിലെ  മസനഗുഡിയില്‍ വളര്‍ന്ന  അഞ്ജലിയുടെ ഭാഷയില്‍  തമിഴിന്‍റെ  സ്വാധീനം  കലരുന്നത്‌ അത്ഭുതമല്ലെങ്കിലും  അക്കാര്യം കൃത്യമായി  പ്രേക്ഷകരുമായി സംവദിക്കാന്‍  ആകാതെ പോയത്  തിരക്കഥയിലെ  പോരയ്മായി  കാണാം .

ദുല്‍ഖര്‍ :-

“ചാര്‍ലി”  എന്ന കഥാപാത്രമായി  ജീവിച്ച ദുല്‍ഖറിനെ തേടിയെത്തിയ സംസ്ഥാന അവാര്‍ഡ്‌ അദ്ദേഹത്തില്‍ നിക്ഷിപ്തമാക്കിയ ചുമതലകള്‍ നിറവേറ്റാന്‍ “കലി” യിലെ  കഥാപാത്രത്തിലൂടെ അദ്ദേഹം  പരമാവധി  ശ്രമിച്ചിട്ടുണ്ട് .  ഓരോ  ചിത്രം കഴിയുമ്പോഴും മെച്ചപ്പെട്ടുവരുന്ന “ദുല്‍ഖര്‍  എന്ന  അഭിനേതാവ്” ,   “ദുല്‍ഖര്‍  എന്ന താരത്തിന്‍റെ”   പിടിയില്‍ നിന്നും കുതറിമാറാന്‍  നടത്തുന്ന  ആത്മാര്‍ത്ഥ ശ്രമങ്ങള്‍ക്ക്   ഉത്തമ  നിദര്‍ശനമാണ് “കലി” യിലെ സിദ്ധാര്‍ഥ് . ദുല്‍ഖറിന്‍റെ  അഭിനയമികവില്‍  എപ്പോഴും  കരടായി  നിന്നിട്ടുള്ള  കോപം  എന്ന  ഭാവം  തന്നെ പ്രധാനപ്രമേയമാക്കിയ ചിത്രത്തിന്‍റെ ഭാഗമാകാന്‍   തയ്യാറായതിലൂടെ അക്കാര്യത്തിന്  അദ്ദേഹം  അടിവരയിടുന്നു . ആദ്യ പകുതിയിലെ നിഷ്ക്കളങ്കമായ  നര്‍മ്മ  രംഗങ്ങളിലും , രണ്ടാം പകുതിയിലെ പരുക്കന്‍ സംഘട്ടന  രംഗങ്ങളിലും അദ്ദേഹം ഒരുപോലെ മികച്ചുനിന്നു.”മമ്മൂക്ക  എന്ന മെഗാതാരത്തിന്‍റെ  മകന്‍”   എന്ന  ലേബലില്‍  നിന്നും  അദ്ദേഹം  ബഹുകാതം  മുന്നോട്ടു  സഞ്ചരിച്ചിരിക്കുന്നു .

ലാസ്റ്റ് വേര്‍ഡ്‌ :-
—————

മലയാള സിനിമയിലെ റോഡ്‌ സിനിമകളുടെ ബൈബിള്‍  ആയ “നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി” ക്ക്  ശേഷം സമീര്‍ താഹിറും , ദുല്‍ഖറും ഒരുമിക്കുമ്പോള്‍ ,  നമ്മുടെ സിനിമക്ക് അത്ര പരിചിതമല്ലാത്ത  ഇരുണ്ടവഴികളിലൂടെയാണ് ഈ  ചിത്രവും  സഞ്ചരിക്കുന്നത് . കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നതിലും , അവരെ പ്രമേയത്തില്‍ പ്രതിഷ്ഠിക്കുന്നതിലും പുലര്‍ത്തിയ ആത്മാര്‍ത്ഥതയിലൂടെയും , കൌശലത്തിലൂടെയും ചിത്രത്തിന്‍റെ ആഖ്യാനത്തില്‍ പുതുമ  സമ്മാനിക്കാന്‍ സംവിധായകന്  കഴിഞ്ഞിട്ടുണ്ട് . വയര്‍റോപ്പുകളെ  തിരസ്ക്കരിച്ച്‌ സംഘട്ടനമൊരുക്കാനുള്ള സംവിധായകന്‍റെ  തീരുമാനം ചിത്രത്തിന്‍റെ സ്വാഭാവികതയുടെ  പരുക്കന്‍  സൗന്ദര്യത്തിന്  മിഴിവേകി . കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകള്‍ ആഴത്തില്‍  മനസ്സിലാക്കി സൂക്ഷമായി  ആവിഷ്ക്കരിക്കുന്നതില്‍ തിരക്കഥാകൃത്ത്‌ രാജേഷ്‌ ഗോപിനാഥന്‍റെ  സംഭാവനയും ചെറുതല്ല . പക്ഷെ , മറ്റൊരു  “നീലാകാശം”  പ്രതീക്ഷിക്കുന്നത്  തീര്‍ത്തും  നിരര്‍ത്ഥകമായിരിക്കും  എന്നും  ഓര്‍മ്മിപ്പിക്കട്ടെ .

ഛായാഗ്രാഹകന്‍ ഗിരീഷ്‌ ഗംഗാധരനും ;   ഈണങ്ങളും , പശ്ചാത്തല  സംഗീതവും  പകര്‍ന്നു  നല്‍കിയ ഗോപിസുന്ദറും സംവിധായകന്‍റെ  കണ്ണും  , കാതുമായി  വര്‍ത്തിച്ച്  ചിത്രത്തിന് പുതിയ  മാനങ്ങള്‍  പകര്‍ന്നു  നല്‍കിയിരിക്കുന്നു . രാത്രിയുടെ അന്ത്യയാമങ്ങളില്‍ തേരട്ടയെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലമ്പാതയിലൂടെ തീക്കണ്ണുകള്‍ ചുവപ്പിച്ച് കടന്നുപോകുന്ന വാഹനങ്ങളുടെ വന്യമായ ഷോട്ടുകള്‍ മാരകമെന്നേ  പറയേണ്ടൂ .  ചെണ്ടയുടെ  അസുരതാളത്തിന്‍റെ മേളപ്പെരുക്കത്തില്‍ ഗോപിസുന്ദര്‍ കലിയെന്ന  വികാരത്തിന്  നല്‍കിയിരിക്കുന്ന ചാരുതയും  ഗംഭീരം .   ദേശീയ  അവാര്‍ഡ്‌  ജേതാവായ വിവേക് ഹര്‍ഷന്‍   മൂര്‍ച്ചയേറിയ കട്ടുകളിലൂടെ  ചിത്രത്തിന്‍റെ ചടുലമായ  ആഖ്യാനത്തിന് വളക്കൂറുള്ള ഭൂമിക ഒരുക്കിയിരിക്കുന്നു .  എങ്കിലും  ഇടക്കൊക്കെ ഹിന്ദി  ചിത്രമായ “NH 10 ” ന്‍റെ  ആഖ്യാനത്തെ ചിത്രം ഓര്‍മ്മിപ്പിക്കുന്നത് പ്രമേയത്തിന്‍റെ  ആവശ്യകതയില്‍ നിന്നുടലെടുത്ത  യാദൃശ്ചികതയായി വിലയിരുത്താം .

അവധിക്കാലം കുട്ടികളോടോത്ത്  അടിച്ചുപോളിക്കാവുന്ന ഒരു  ചിത്രമാണോണ്‌ “കലി ” എന്ന കാര്യം  വരുംദിനങ്ങളില്‍ മാത്രമേ വെളിപ്പെട്ടുവരൂ . ആദ്യ  പകുതിയിലെ നര്‍മ്മരസക്കാഴ്ചകള്‍  അവര്‍ക്ക്  വിരുന്നാകുമെങ്കിലും   ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍  കസേരകളുടെ  തുമ്പത്ത്  പിടിച്ചിരുത്തുന്ന ഇരുണ്ട രണ്ടാം  പകുതിയിലെ  അലോസരപ്പെടുത്തുന്ന   കാഴ്ചകള്‍  അവര്‍  എങ്ങിനെ സ്വീകരിക്കും  എന്നതിനെ  ആശ്രയിച്ചിരിക്കും അക്കാര്യത്തിലെ  വിധിയെഴുത്ത് . പക്ഷെ , ദ്വയാര്‍ത്ഥമോ , ലഹരി  നിറയുന്ന പുകയുടെ ദുര്‍ഗന്ധമോ ഇല്ലാത്ത ക്ലീന്‍  ചിത്രമാണ്‌  ഇതെന്നതും പറയാതെ വയ്യ . പുതുമയുള്ള ;   അതിശയോക്തിയോ , അതിഭാവുകത്വമോ കലരാത്ത  സ്വഭാവികമായ  ഡാര്‍ക്ക്‌ ത്രില്ലറുകള്‍  ഇഷ്ടപ്പെടുന്ന മലയാളി  പ്രേക്ഷകര്‍ക്ക്‌  ഈ ചിത്രം  ആസ്വാദനത്തിന്‍റെ പുതുവഴികള്‍ തുറന്നു നല്‍കിയേക്കാം . ഒരു  മഹാസാഗരത്തിന്‍റെ  അലയൊലികളെ ഒളിപ്പിച്ചുവച്ചിരിക്കുന്ന ചിപ്പി പോലെ മനോഹരമാണ് കലിയെന്ന വികാരപ്രപഞ്ചത്തെ ഒളിപ്പിച്ചു വച്ചിരിക്കുന്ന  ഈ  കൊച്ചുചിത്രം . പക്ഷെ  , അമിത  പ്രതീക്ഷകള്‍  പകര്‍ന്നു  നല്‍കുന്ന  ഭാരത്തോടെ ചിത്രത്തെ  സമീപിക്കുന്നത് നിങ്ങളെ  നിരാശരുമാക്കിയേക്കാം .

MY RATING :- 3 / 5

മറുപുറം :-
———–

ദുല്‍ഖര്‍  എന്ന  നടനോട് ഒരു  ചെറിയ  വിഭാഗത്തിനുള്ള “കലി” ക്ക്  കാരണമെന്താകാം ? മമ്മൂക്ക  എന്ന  മഹാനടന്‍റെ  മകന്‍  എന്ന  നിലയില്‍  തന്നെയാണ്  സിനിമാ പ്രവേശത്തിനുള്ള ചുവന്നപരവതാനി  അദ്ദേഹത്തിന് മുന്നില്‍ തെളിഞ്ഞതെങ്കിലും മികച്ച  പ്രകടനങ്ങളിലൂടെയും , ഉജ്ജ്വല സ്ക്രീന്‍ പ്രസന്‍സിലൂടെയും , ലാളിത്യമാര്‍ന്ന പെരുമാറ്റത്തിലൂടെയും കുറഞ്ഞകാലം കൊണ്ടുതന്നെ മലയാള സിനിമാപ്രേമികള്‍ക്ക്   പ്രിയങ്കരനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന്‍റെ  തെളിവാണ് തിയേറ്ററിലെ ഉയര്‍ന്ന  പ്രേക്ഷകപങ്കാളിത്തം . എന്നിട്ടും  മറ്റു പരിഗണനകള്‍ മനസ്സില്‍ വച്ച് അദ്ദേഹത്തിന്‍റെ  ചിത്രങ്ങളെ  തകര്‍ക്കാനുള്ള  ഒരു  വിഭാഗത്തിന്‍റെ ആവേശം  മലയാള സിനിമയോടുള്ള  സ്നേഹം കൊണ്ടല്ലതന്നെ .ഡീഗ്രേഡിംഗ് കൊണ്ട്  നല്ല  ചിത്രങ്ങള്‍ക്ക് ആദ്യ ദിനങ്ങളില്‍ ചെറിയ  മങ്ങലേല്‍പ്പിക്കാന്‍   കഴിഞ്ഞേക്കാം . പക്ഷെ അപവാദങ്ങളുടെ ഗ്രഹണങ്ങളെ തൂത്തെറിഞ്ഞുകൊണ്ട് , അസത്യങ്ങളുടെ  മൂടുപടങ്ങളെ വലിച്ചുകീറിക്കൊണ്ട് അവ  തിരിച്ചുവരിക  തന്നെ  ചെയ്യും .ഓര്‍ക്കുക ….  ജ്വലിക്കുന്ന  സൂര്യനെ എന്നും  മറച്ചുവയ്ക്കാന്‍ ഒരു പ്രതിഭാസത്തിനും  സാധ്യമല്ല . ചാര്‍ലി അതിന്‍റെ  അവസാന നിദര്‍ശനമാണ് .

ഈസ്റ്റര്‍ ആശംസകള്‍ :-
———————–

എല്ലാ  കൂട്ടുകാര്‍ക്കും  ഹൃദയം നിറഞ്ഞ  ഈസ്റ്റര്‍  ആശംസകള്‍ .

#kali #dulquersalmaan #saipallavi

 

 

 

 

 

Posted in movie | Tagged , , , , , , , | ഒരു അഭിപ്രായം ഇടൂ

എന്‍റെ അഹങ്കാരത്തിന് കിട്ടിയ അടി

wd poster

ഇന്നലെയാണ് “വസിര്‍” കണ്ടത് . കുടുംബ ബന്ധങ്ങളുടെ നൂലിഴയില്‍ കോര്‍ത്ത ഉഗ്രന്‍ ത്രില്ലര്‍ . പക്ഷെ , വര്‍ഷങ്ങളായുള്ള സിനിമ കാണല്‍ എന്നെ അവിടേയും ചതിച്ചു . വസിര്‍ എന്ന കഥാപാത്രം സ്ക്രീനില്‍ വന്ന് മിനുട്ടുകള്‍ക്കകം ക്ലൈമാക്സ് എനിക്ക് കൃത്യമായി ഊഹിക്കാന്‍ കഴിഞ്ഞു . കുറച്ചു വര്‍ഷങ്ങളായി ഇങ്ങിനെയാണ്‌ . സിനിമകള്‍ ധാരാളം കണ്ടതിനാല്‍ ആണോ എന്നറിയില്ല ത്രില്ലറുകള്‍ ഏത് കണ്ടാലും പെട്ടെന്ന് വില്ലനേയും , ക്ലൈമാക്സും പിടികിട്ടും . സിനിമ ആസ്വദിക്കുന്നതില്‍ അതൊരു ശാപമായും തോന്നാറുണ്ട്. കൂട്ടുകാരോട് ആദ്യം ഇത് പറഞ്ഞപ്പോള്‍ , അവര്‍ വിശ്വസിക്കാതെ വന്നപ്പോള്‍ , ഞാന്‍ ഒരു പുതിയ രീതി കണ്ടെത്തി . സിനിമയുടെ ഇടക്ക് മൊബൈല്‍ മെസേജ് അയയ്ക്കുകയോ , ടിക്കറ്റില്‍ എഴുതി ഇക്കാര്യം കൂട്ടുകാരന്‍റെ കൈയ്യില്‍ കൊടുക്കുകയോ ചെയ്യും ; സിനിമ കഴിഞ്ഞേ അത് തുറന്നുനോക്കാവൂ എന്ന മുന്നറിയിപ്പോടെ …. ഒരിക്കല്‍ പോലും അത് തെറ്റാതെ വന്നപ്പോള്‍ ഇടക്കൊക്കെ അഹങ്കാരം കൊണ്ട് ഞാന്‍ “ഇതൊക്കെ എന്ത് ” എന്ന ചിരി പാസാക്കുകയും ചെയ്യും . എന്നാല്‍ എന്‍റെ ഈ അഹങ്കാരം പൂര്‍ണ്ണമായും ഇല്ലാതാക്കിയ ഒരു ചിത്രമേ ഉള്ളൂ — ദൃശ്യം .ദൃശ്യം കണ്ടുകഴിഞ്ഞപ്പോള്‍ എന്‍റെ എല്ലാ ഊഹാപോഹങ്ങളെയും കാറ്റില്‍ പറത്തി ജീത്തു ജോസഫ്‌ വെന്നിക്കൊടി പാറിച്ചു … ഇപ്പോഴും ഓരോ ത്രില്ലര്‍ കാണുമ്പോഴും ഞാന്‍ “ദൃശ്യ”ത്തെ ഓര്‍ക്കും . പോലീസ് ഇന്‍സ്പെക്ടറോട് നിഷ്ക്കളങ്കമെന്നോണം ഡയലോഗും പറഞ്ഞ് ലാലേട്ടന്‍ തിരിഞ്ഞു നടക്കുമ്പോള്‍ നട്ടെല്ല് വഴി അരിച്ചിറങ്ങിയ ആ തരിപ്പും , തണുപ്പും … ഹോ … അതൊരൊന്നര ഫീല്‍ തന്നെയായിരുന്നു … ക്ലൈമാക്സ് ഊഹിക്കാന്‍ പറ്റാതെ ഞാന്‍ ഇറങ്ങുമ്പോള്‍ കൂട്ടുകാര്‍ എന്നെ നോക്കി ചിരിച്ചത് ഇപ്പോഴും മറന്നിട്ടില്ല … അതെന്‍റെ അഹങ്കാരത്തിന് കിട്ടിയ അടിയായിരുന്നു . പക്ഷെ , ദൃശ്യം മലയാളിയെന്ന നിലയില്‍ എന്‍റെ സ്വകാര്യ അഹങ്കാരവും ….

Posted in movie | ഒരു അഭിപ്രായം ഇടൂ

രസിപ്പിക്കുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന “പാവാട”

2

“പാവാട” എന്ന  പേര്  കേട്ടപ്പോള്‍  മനസ്സിലേക്കാദ്യം  ഓടിയെത്തിയത്  “അങ്ങാടി ” സിനിമയിലെ  കല്‍ക്കണ്ടം  പോലെ  മധുരമൂറുന്ന  “പാവാട വേണം , മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് ” എന്ന സുപ്രസിദ്ധ ഗാനമാണ് .  മണിയന്‍പിള്ള രാജു  എന്ന  നിര്‍മ്മാതാവാണ് ഈ  സിനിമയിലേക്ക്  ശ്രദ്ധയാകര്‍ഷിച്ച  മറ്റൊരു  പ്രധാന ഘടകം .
“വെള്ളാനകളുടെ  നാട്”  എന്ന  ചിത്രത്തില്‍  നിര്‍മ്മാണം : രാജു  എന്ന്  മണിയന്‍പിള്ള  രാജുവിന്‍റെ  ചിത്രത്തിന്  മുകളില്‍  എഴുതി  കാണിച്ചപ്പോഴാണ്  അദ്ദേഹത്തിലെ  നിര്‍മ്മാതാവിനോട്  ആദ്യമായി ബഹുമാനം  തോന്നിയത് . “ഏയ്‌ ഓട്ടോ ” എന്ന പണംവാരി  ചിത്രത്തിലൂടെ  ലാലേട്ടന്‍റെ സാധാരണക്കാരന്‍  കഥാപാത്രങ്ങള്‍ക്കും , സൂപ്പര്‍താര പ്രഭാവത്തിനും  പുതിയ  മൈലേജ്  നല്‍കിയപ്പോള്‍  രാജുവിലെ  നിര്‍മ്മാതാവിന്‍റെ  കച്ചവടക്കണ്ണും   തിരിച്ചറിഞ്ഞു . ലാലേട്ടന്‍  അടുത്തകാലത്ത് ഏറ്റവും  ആസ്വദിച്ചു  ചെയ്ത  “ചോട്ടാ  മുംബൈ” യും  രാജുവിലെ  നിര്‍മ്മാതാവിന്‍റെ തൊപ്പിയിലെ മറ്റൊരു  തൂവലായി .  “പാവാട ” എന്ന  പേരും , അതിലെ പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ രൂപാഭാവാദികളും  കണ്ടപ്പോള്‍    ഏയ്‌ ഓട്ടോവിലെ  സുധിയും , ചോട്ടാ  മുംബൈയിലെ  തലയും  ചേര്‍ന്ന ഒരു കിടിലന്‍ ജനപ്രിയ കോക്ക്ടെയില്‍ ആണ് പ്രതീക്ഷകളില്‍  നിറഞ്ഞത്‌  . തുടരന്‍  ഹിറ്റുകള്‍ക്ക്  ശേഷം പൃഥ്വി  തിരശ്ശീലയില്‍  എത്തുമ്പോള്‍   ആ  പ്രതീക്ഷകള്‍ക്ക്  കടും  നിറമാകുന്നതിലും  അത്ഭുതമില്ലല്ലോ .

പ്രമേയം :-
———-

സമൂഹത്തിലെ  സമ്പന്നമധ്യവര്‍ഗ്ഗ  പ്രതിനിധിയായ  പ്രൊഫസര്‍  ബാബു ജോസഫിനും , സംസ്ക്കാരശൂന്യമായ  ചുറ്റുപാടുകളില്‍ വളര്‍ന്ന  ജോയിക്കും സമാനത ഉണ്ടായിരുന്നത്  ഒരേയൊരു കാര്യത്തിലാണ് — മദ്യപാനം . ലഹരിനുരയുന്ന കടുംനിറപാനീയത്തിന്‍റെ  ഉപാസകരായ ഒരേതൂവല്‍ പക്ഷികളില്‍ അപ്രതീക്ഷിതമായി നാമ്പിട്ട സൗഹൃദം അവരുടെ ജീവിതങ്ങളില്‍  മാറ്റത്തിന്‍റെ  പുതിയ  പാതകള്‍ തുറക്കുന്നു … എന്നാല്‍  ജോയിയുടെ  ഭൂതകാലവും , വര്‍ത്തമാനകാലവും ബന്ധിപ്പിക്കുന്ന വിധിയുടെ അദൃശ്യമായ  ഒരു  ചരട്   ഇരുവര്‍ക്കുമിടയില്‍ ഒളിഞ്ഞുകിടക്കുന്നത്‌ അവര്‍ അറിഞ്ഞിരുന്നില്ല . ആ  തിരിച്ചറിവ്  അവരുടെ  ജീവിതങ്ങളെ  അനിവാര്യമായ  വഴിത്തിരിവിലേക്ക്  കൈപിടിച്ചു  നടത്തുന്നു …

പാമ്പും , പാവാടയും  വാഴുന്ന  സിനിമ :-
————————————

അശരീരി പോലെ  പ്രശസ്ത  അഭിനേതാക്കളുടെ ശബ്ദസാന്നിധ്യത്തിന്‍റെ  അവതരണത്തോടെ  കഥ  പറയുക  എന്ന പുതുക്കാല പ്രവണതകളെ പരിഹസിച്ചുകൊണ്ട്‌ അനില്‍  നെടുമങ്ങാടിന്‍റെ  മുഴുക്കുടിയനായ  കഥാപാത്രമാണ് സിനിമയിലേക്ക് പ്രേക്ഷകരെ  ആനയിക്കുന്നത്‌ . ഇത് പാവാട  എന്നറിയപ്പെടുന്ന പ്രൊഫസര്‍ ബാബുജോസഫിന്‍റെയും (അനൂപ്‌ മേനോന്‍ ) , പാമ്പ് ജോയി(പൃഥ്വിരാജ്)യുടേയും കഥയാണ് . വിധിയുടെ ചാട്ടവാറടികളില്‍  തളര്‍ന്ന്  മദ്യത്തില്‍  അഭയം  പ്രാപിച്ച അവരുടെ  ജീവിത  ലക്ഷ്യം  തന്നെ  മദ്യപാനമാണ് . സമാന്തര  പാതകള്‍  പോലെ നീളുന്ന  മദ്യത്തില്‍  കുതിര്‍ന്ന  അവരുടെ  ദിനരാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ  ഹാസ്യത്തിനാണ് മുന്‍‌തൂക്കം  നല്‍കുന്നത് . മദ്യപാനത്തെ ഗ്ലോറിഫൈ  ചെയ്യുന്ന  സിനിമകളില്‍ നിന്ന്  പ്രതീക്ഷിക്കാവുന്ന  എല്ലാ  മദ്യപാന കോമഡികളും സംവിധായകനും , തിരക്കഥാകൃത്തും നിര്‍ലോഭമായി ഈ  രംഗങ്ങളില്‍ എടുത്തു പ്രയോഗിക്കുന്നുണ്ട് . പ്രവചന സ്വഭാവമുള്ളതെങ്കിലും ഭൂരിഭാഗം രംഗങ്ങളിലും  ചിരി സമ്മാനിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞിട്ടുമുണ്ട് . ഇങ്ങിനെ പാമ്പും , പാവാടയും അഴിഞ്ഞാടുന്നതിനിടയില്‍ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിന്‍റെ  ഞെട്ടിക്കുന്ന അവതരണത്തോടെ ഇടവേളയ്ക്ക്  തിരശ്ശീല  താഴുന്നു .

അതുവരെയുള്ള മുഴുവന്‍ സ്വഭാവത്തേയും  തിരസ്ക്കരിച്ചുകൊണ്ട്‌ ഇടവേളക്ക് ശേഷം സിനിമ വികാരനിര്‍ഭരമായ ഭൂമികയിലേക്ക്  പറിച്ചുനടപ്പെടുന്നു . അതുവരെ  നമ്മെ  ചിരിപ്പിച്ച പാമ്പും , പാവാടയും ഒരു നൊമ്പരമായി  പ്രേക്ഷകരില്‍  നിറയുന്നു . പ്രവചനസാധ്യമെങ്കിലും ആവേശം  നിറയ്ക്കുന്ന  കോടതിക്കാഴ്ചകളിലൂടെ സിനിമയുടെ  അവസാനഖണ്ഡങ്ങള്‍ പ്രേക്ഷകരില്‍ ഉദ്വേഗവും , ആകാംക്ഷയും , വേദനയും സമ്മാനിക്കും . ഒടുവില്‍ കൊട്ടിക്കലാശത്തിനായി ഒരു  അഭിനേത്രിയുടെ  അപ്രതീക്ഷിത  ഗമനത്തോടെ സിനിമയുടെ  തിരശ്ശീല   വീഴുമ്പോള്‍ പൃഥ്വിക്ക്  വീണ്ടും  ഒരു ഹിറ്റ്  എന്ന്  മനസ്സ്  പറയുന്നുണ്ടായിരുന്നു .

8ചില  വിയോജിപ്പുകള്‍ :-
———————-

മദ്യപാനത്തെ അനുഭാവപൂര്‍വ്വം  മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങളിലൂടെയാണ്  ആദ്യപകുതി  കടന്നുപോകുന്നത് . അത്  പലപ്പോഴും  കുടിയന്മാരുടെ വീരാരാധനാഘട്ടം  വരെ  എത്തുന്നുമുണ്ട് . ചിത്രം മുഴുവന്‍ ചാരായത്തെ  മലയോളം  വാഴ്ത്തിയിട്ട് ഒടുവില്‍ നുള്ളോളം ഇകഴ്ത്തുന്ന പതിവ് പരിപാടി ഇവിടെയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും  ആത്മാര്‍ത്ഥയില്ലാത്തതായി  തോന്നി . ആദ്യപകുതിയിലെ  പല  രംഗങ്ങളിലും  അഭിനേതാക്കളെ  കയറൂരി വിട്ട  പ്രതീതിയും  ജനിപ്പിച്ചു . പൃഥ്വി  ചിത്രങ്ങളില്‍ പൊതുവേ  ഭാഷയില്‍ പുലര്‍ത്താറുള്ള  മാന്യത  ഇവിടെ  കാണാതെ  വരുന്നത് പാമ്പ് ജോയി  വളര്‍ന്ന  ചുറ്റുപാടുകളുടെ  പ്രതിഫലനമായി  വാദിക്കാമെങ്കിലും പല കഥാപാത്രങ്ങളും  സ്ഥാനത്തും , അസ്ഥാനത്തും  കോമഡിക്കായി  നടത്തുന്ന  ദ്വയാര്‍ത്ഥ  പ്രയോഗങ്ങളും , കടുത്ത ഭാഷാ പ്രയോഗങ്ങളും , പശ്ചാത്തല  സംഗീതവും  ഒഴിവാക്കാമായിരുന്നെന്നും   തോന്നി . പ്രവചന  സാധ്യമാണ്  രണ്ടാം  പകുതിയെങ്കിലും  അത്  ആസ്വാദനത്തിന്  ഒരിക്കലും  തടസ്സമാകുന്നില്ല . ഒടുവില്‍ കോടതി  രംഗത്ത്‌ LLM ഒന്നാം  റാങ്കുകാരനേയും , പ്രതിഭാശാലിയായ പ്രൊഫസറേയും നോക്കുകുത്തികളാക്കി  നായകന്‍ നടത്തുന്ന പ്രകടനം ഒരു കച്ചവട  സിനിമയിലെ  വിജയഫോര്‍മുലയായി  ക്ഷമിക്കാം എന്നും  തോന്നുന്നു .

തിരശ്ശീലയ്ക്ക്  മുന്നിലെ  താരങ്ങള്‍ :-
——————————–

സുധീര്‍ കരമന ,മണിക്കുട്ടന്‍,  ജയകൃഷ്ണന്‍ , ചാലി പാല , കലാഭവന്‍ ഹനീഫ് , ബിനു അടിമാലി,  സുനില്‍ സുഖദ തുടങ്ങി വലിയൊരു  താരനിര  തന്നെ  ചിത്രത്തിന്‍റെ  ഭാഗമായുണ്ട് .  ഉപ്പില്ലാത്ത  കറിയില്ല  എന്ന്  പറഞ്ഞതുപോലെ രണ്‍ജി പണിക്കര്‍ സാറും , ചെമ്പന്‍ വിനോദ് ജോസും അതിഥി  വേഷത്തിന്‍റെ അല്പം നീളം കൂടിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കിലും  കഥാപാത്രങ്ങള്‍  ആവശ്യപ്പെടുന്ന  ഗാംഭീര്യം  പകര്‍ന്നുനല്‍കാന്‍  ഇരുവര്‍ക്കുമായി . സുധീര്‍ കരമനയുടെ പള്ളീലച്ചന്‍ കഥാപാത്രം അദ്ദേഹത്തിന്‍റെ  കഴിവുകളോട്  നീതിപുലര്‍ത്തുന്നതായില്ല . ജോയിയുടെ  സുഹൃത്ത് വിളക്കൂതി  രാജനായി പ്രത്യക്ഷപ്പെടുന്ന  ഗിരിരാജന്‍ കോഴി ഫെയിം ഷറഫുദ്ധീന്‍ ആദ്യ മിനുട്ടുകളില്‍  രസിപ്പിച്ചെങ്കിലും പിന്നീട്  തിരക്കഥാകൃത്ത്‌  അദ്ദേഹത്തെ പൂര്‍ണ്ണമായും  മറന്നുപോയതായും  അനുഭവപ്പെട്ടു .

പൃഥ്വിയുടെ  ജോയി  എന്ന  കഥാപാത്രത്തിനൊപ്പം തന്നെ   പ്രാധാന്യമുള്ളതും  , ടൈറ്റില്‍ കഥാപാത്രവുമായ    കോളേജ്  പ്രൊഫസര്‍ ബാബു  ജോസഫായി  വേഷമിട്ട അനൂപ്‌  മേനോന്‍ മികച്ച  പ്രകടനത്തിലൂടെ സിനിമക്ക് മിഴിവേകുന്നു. മധ്യവയസ്സ്  കഴിഞ്ഞ ഇരുത്തം  വന്ന റോളുകളില്‍  താനൊരു  മികച്ച വാഗ്ദാനമാണെന്ന്  “വിക്രമാദിത്യനിലെ ” ഷേണായ് സാറിന്  ശേഷം  അനൂപ്‌ വീണ്ടും  തെളിയിച്ചു . മദ്യപാന  രംഗങ്ങളില്‍  കൂടുതല്‍  നിയന്ത്രിതമായ  അഭിനയം കാഴ്ചവച്ചതും  അനൂപ്‌  തന്നെയാണ് . കാര്യസ്ഥന്‍ പിള്ളേച്ചനായി ഊര്‍ജ്ജസ്വലമായ  പ്രകടനത്തിലൂടെ നെടുമുടി  വേണുവും തന്‍റെ വേഷം  മികച്ചതാക്കി .  സിനിമോള്‍  എന്ന നേഴ്സിന്‍റെ  വേഷത്തില്‍  മിയക്ക്  കാര്യമായൊന്നും  ചെയ്യാനുണ്ടായിരുന്നില്ല . ഇപ്പോഴത്തെ  ഏറ്റവും  മുന്‍നിരയില്‍ നില്‍ക്കുന്ന യുവതാരത്തിന്‍റെ  ജോഡിയായി  അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത്  മാത്രമാണ്  മിയയുടെ  നേട്ടം  .  ബാബു ജോസഫിന്‍റെ സുഹൃത്തും , അസാധ്യ  ഉഴപ്പനും, കേസില്ലാ  വക്കീലുമായ ഗുണശേഖരനായി  മണിയന്‍പിള്ള  രാജുവും സ്വഭാവികാഭിനയം കാഴ്ചവച്ചു. നിര്‍മ്മാതാവിന്‍റെ  അധികാരത്തില്‍  മികച്ച  രംഗങ്ങള്‍ കവര്‍ന്നെടുക്കാനുള്ള  ശ്രമവും  അദ്ദേഹം നടത്തിയിട്ടില്ല  എന്നത്  അഭിനന്ദനീയമായി  തോന്നി .    ആശാ  ശരത്തിന്‍റെ സിസിലി വര്‍ഗ്ഗീസ്  മികച്ച   പ്രകടനത്തിലൂടെ  സ്ക്രീനില്‍ വികാരനിര്‍ഭരമായ  രംഗങ്ങള്‍ക്ക്  കരുത്തു  പകര്‍ന്നെങ്കിലും അവരുടെ മേക്കപ്പ് ആ മികവ്  പിന്തുടര്‍ന്നില്ല .  ചന്ദ്രമോഹന്‍ എന്ന അതിഥിവേഷം   മുരളി ഗോപിയുടെ സ്ഥിരം മാനറിസങ്ങളുടെ  മറ്റൊരു  ആവര്‍ത്തനം  മാത്രമായി . അഡ്വക്കേറ്റ് അനന്തരാമയ്യരായി വേഷമിട്ട  സിദ്ധിക്ക് തകര്‍പ്പന്‍  പ്രകടനം തന്നെ കാഴ്ച്ചവച്ചിട്ടുണ്ടെങ്കിലും അദ്ദേഹവും  താന്‍ മുന്‍പവതരിപ്പിച്ച  ചില കഥാപാത്രങ്ങളെ അനുകരിക്കുന്നത്  പോലെ തോന്നി . ദൃശ്യത്തിനു  ശേഷം ഷാജോണ്‍ വില്ലനായി  എത്തിയപ്പോള്‍ ആ  കഥാപാത്രത്തിന്  വ്യത്യസ്തമായ  മുഖം  പകര്‍ന്നുനല്‍കാന്‍  അദ്ദേഹത്തിനായി .

പാമ്പ് ജോയിയായുള്ള  പൃഥ്വിയുടെ  പകര്‍ന്നാട്ടം  തന്നെയാണ്  “പാവാട” യുടെ ഏറ്റവും  ജനപ്രിയമായ  ഘടകം . കോമഡി രംഗങ്ങളില്‍ സ്വതവേയുള്ള  ബലംപിടുത്തം  കുടഞ്ഞെറിഞ്ഞുകൊണ്ട്  കിടിലന്‍  പ്രകടനത്തിലൂടെ  സ്ക്രീനില്‍  ഊര്‍ജ്ജസ്രോതസ്സാകാന്‍  പൃഥ്വിക്ക്  കഴിഞ്ഞു . തികഞ്ഞ  മദ്യപാനിയുടെ  കണ്ണുകളിലെ ആസക്തിയും , ചലനങ്ങളിലെ  ഉന്മാദവും അണുവിട മാറാതെ  പകര്‍ന്നുനല്‍കാന്‍  പൃഥ്വിക്ക്  കഴിഞ്ഞിട്ടുണ്ട് . പക്ഷെ , ആദ്യ  പകുതിയിലെ  ഹാസ്യ രംഗങ്ങളില്‍  ചിലയിടത്ത് അഭിനയത്തിനും , അമിതാഭിനയത്തിനുമിടയിലെ  നേര്‍ത്ത  അതിര്‍വരമ്പ് പൃഥ്വി  മറന്നുപോയതായും  അനുഭവപ്പെട്ടു . ലാലേട്ടന്‍  ആത്മാവ്  നല്‍കിയ  കുടിയന്‍ കഥാപാത്രങ്ങളുടെ  സ്വാഭാവിക  ചലനങ്ങള്‍  ഇപ്പോഴും  മനസ്സില്‍ കിടക്കുന്നത് കൊണ്ടുകൂടിയാകാം  എനിക്കങ്ങിനെ അനുഭവപ്പെട്ടത്. പക്ഷെ , യുവത്വത്തിന്‍റെ ഊര്‍ജ്ജം  നിറച്ചുള്ള  പൃഥ്വിയുടെ പ്രകടനം നമ്മളില്‍  ആവേശം  നിറയ്ക്കും  എന്നതും   പറയാതെ  വയ്യ . രണ്ടാം പകുതിയിലെ  വികാരനിര്‍ഭരമായ  രംഗങ്ങളില്‍ ഉജ്ജ്വല പ്രകടനത്തിലൂടെ പ്രേക്ഷകനയനങ്ങളെ  ഈറനണിയിക്കാനും  പൃഥ്വിക്ക്  കഴിഞ്ഞിട്ടുണ്ട് . സാഗര്‍ ഏലിയാസ്‌ ജാക്കിയായും , പഴശ്ശിരാജയായും പൃഥ്വി മാറുമ്പോള്‍ തിയേറ്ററില്‍  ഉയരുന്ന  കൈയ്യടികള്‍  മമ്മൂക്കക്കും , ലാലേട്ടനും  ശേഷമാര് എന്ന ചോദ്യത്തിനുള്ള  ഉത്തരമായും  തോന്നി .

തിരശ്ശീലയ്ക്ക്  പിന്നിലെ  താരങ്ങള്‍ :-
———————————

മമ്മൂക്കയുടെ  സ്ക്രീന്‍ പ്രസന്‍സിന്‍റെ  പച്ചയില്‍ പ്രേക്ഷകപ്രീതി  നേടിയ  ക്ലീറ്റസിനും , മമ്മൂക്കയുടെ  കരിയറിലെ  അടുത്തകാലത്തെ  ഏറ്റവും  മോശം  ചിത്രമായ “അച്ഛാ ദിനും ” ശേഷം  മാര്‍ത്താണ്ഡന്‍ സംവിധാനം  ചെയ്ത “പാവാട” യില്‍  മുന്‍ ചിത്രങ്ങളേക്കാള്‍  മികവ് പുലര്‍ത്താന്‍  അദ്ദേഹത്തിനായിട്ടുണ്ട് . പക്ഷെ , ആദ്യപകുതിയില്‍  കഥാപാത്രങ്ങളെ കയറൂരി വിട്ടതിന്‍റെ  ഉത്തരവാദിയും  അദ്ദേഹം  തന്നെ . ബെസ്റ്റ്  ആക്ടര്‍ , 1983 എന്നീ  പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍ക്ക് ശേഷം  ബിപിന്‍  ചന്ദ്രന്‍ തൂലിക ചലിപ്പിച്ച ഈ  ചിത്രം പക്ഷെ  തന്‍റെ  മുന്‍ തിരക്കഥകള്‍ക്ക് ഒപ്പമെത്തിക്കാന്‍  അദ്ദേഹത്തിന്  കഴിഞ്ഞിട്ടില്ല.  (കഥയെഴുത്തില്‍  ഷിബിന്‍ ഫ്രാന്‍സിസ് എന്നൊരു കൂട്ടാളി  കൂടി ബിപിന്‍  ചന്ദ്രന് ഉണ്ടായിരുന്നു )  . എങ്കിലും  വ്യത്യസ്തമായ മറ്റൊരു  പ്രമേയം കൂടി മലയാള  സിനിമക്ക് നല്‍കാന്‍  കഴിഞ്ഞ അദ്ദേഹം ഭാവിയില്‍ നമുക്ക് ഉറ്റുനോക്കാന്‍ കഴിയുന്ന മികച്ചൊരു  എഴുത്തുകാരനാണ്‌  എന്ന കാര്യത്തില്‍ തര്‍ക്കമില്ല . ആദ്യപകുതിയിലെ ഹാസ്യ രംഗങ്ങള്‍ തിയേറ്ററില്‍  ചിരികളും , പൊട്ടിച്ചിരികളും  നിറയ്ക്കുന്നുണ്ടെങ്കിലും സംഭാഷണങ്ങളില്‍ അല്പം കൂടി മിതത്വം പുലര്‍ത്താമായിരുന്നുവെന്നും തോന്നി . പൃഥ്വിയെന്ന മലയാള സിനിമയുടെ  രാജകുമാരനല്ലായിരുന്നു പാമ്പ് ജോയിയെങ്കില്‍ ഇതെല്ലാം സിനിമയെ നെഗറ്റീവായി  ബാധിക്കുമായിരുന്നുവെന്നും  അദ്ദേഹം  ഓര്‍ക്കുന്നത്  നന്നായിരിക്കും . പക്ഷെ രണ്ടാം പകുതിയിലെ വികാരനിര്‍ഭരമായ കുടുംബരംഗങ്ങളിലും , ആവേശം വിതറുന്ന  കോടതി രംഗങ്ങളിലും ബിപിന്‍ ചന്ദ്രന്‍റെ  എഴുത്ത്  ഒരുപടി  മുന്നില്‍ നില്‍ക്കുകയും  ചെയ്തു .    പ്രദീപ്‌ നായരുടെ ക്യാമറക്കോ,  എഡിറ്റിംഗ് നിര്‍വ്വഹിച്ച  ജോണ്‍കുട്ടിക്കോ പ്രത്യേകമായ സംഭാവനകള്‍ പകര്‍ന്നുനല്‍കാന്‍  ആയിട്ടില്ല . വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സമീറ സനീഷ് , കലാസംവിധായകന്‍ സുജിത് രാഘവ് എന്നിവര്‍ക്കും  കാര്യമായൊന്നും  ചെയ്യാനുണ്ടായിരുന്നില്ല . ചമയത്തിന്‍റെ  കാര്യത്തില്‍  പ്രദീപ്‌ രംഗന്‍ അല്പം കൂടി ശ്രദ്ധ  ചെലുത്തിയിരുന്നുവെങ്കില്‍  എന്നും  ആഗ്രഹം തോന്നി .  ഗോപി സുന്ദറിന്‍റെ പശ്ചാത്തല  സംഗീതവും , അബി ടോം സിറിയക്കിന്‍റെ ഈണങ്ങളും  ശരാശരിയില്‍ ഒതുങ്ങി . ജയസൂര്യ  ആലപിച്ച ഗാനം  മാത്രമാണ്  ഓര്‍മ്മയില്‍  തങ്ങുന്നത് . ജയസൂര്യ  എന്ന ബഹുമുഖ പ്രതിഭയെ  ഈ  ചിത്രത്തിലെത്തിച്ചത്  പൃഥ്വിയുടെ  നിര്‍ബന്ധമാണെന്നത് യുവതാരങ്ങളുടെ  മാതൃകാപരമായ സൗഹൃദത്തിനും നിദര്‍ശനമായി .

ലാ സ്റ്റ് വേര്‍ഡ്‌ :-
————–

പൃഥ്വി  എന്ന  സൂപ്പര്‍താരത്തിന്‍റെ  കൊടിയേറ്റമാണ്  “പാവാട” . പാമ്പ്  ജോയി  എന്ന കഥാപാത്രത്തിലൂടെ  വ്യത്യസ്തയുടെ  പര്യായമായി  മാറുകയാണ്‌  പൃഥ്വി . തന്‍റെ  ബലഹീനതകളെ  ശക്തിസ്രോതസ്സാക്കി  മാറ്റാനുള്ള  അദ്ദേഹത്തിന്‍റെ സമീപകാല  ശ്രമങ്ങളുടെ  ഏറ്റവും  പുതിയ  എടുമാണ് “പാവാട” . എങ്കിലും  ആദ്യ  പകുതിയിലെ  രംഗങ്ങളില്‍ നഷ്ടമാകുന്ന സ്വാഭാവികതയാണ്‌  സിനിമയുടെ  ചെറിയ നെഗറ്റീവ് . പൊതുവേ  തറവാടിത്തം പുലര്‍ത്തുന്ന (തറവാടിത്തം  എന്നത്  സവര്‍ണ്ണബിംബം ആണെന്നൊന്നും  പറയരുതേ 🙂 . അത്   മലയാള ഭാഷയിലെ  വെറുമൊരു  പ്രയോഗം മാത്രമാണ് ) പൃഥ്വി ചിത്രങ്ങള്‍ക്ക്  വിരുദ്ധമായി  ഈ  ചിത്രത്തില്‍  നിറയുന്ന  ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍  മാത്രം  അല്പം  നിയന്ത്രിക്കാമായിരുന്നെന്നും തോന്നി . രണ്ടാം പകുതിയില്‍ അതിന്  പരിഹാരം ചെയ്യാനും , വ്യത്യസ്തമായൊരു  സിനിമാനുഭവം  പകര്‍ന്നുതരാനും  സിനിമക്ക്  കഴിയുന്നുമുണ്ട് . മുഖപുസ്തകത്തില്‍  കാണുന്ന  അഭിപ്രായങ്ങളുടെ ധാരാളിത്തത്തില്‍  മയങ്ങാതെ അമിത  പ്രതീക്ഷകളുമായി  പോകാതിരുന്നാല്‍  തീര്‍ച്ചയായും  രസിപ്പിക്കുന്ന  കുടുംബ  ചിത്രമാണ്‌  “പാവാട” . നിങ്ങള്‍  പൃഥ്വി  ആരാധകനാണെങ്കില്‍  ഈ  ചിത്രം  നിങ്ങള്‍ക്ക്  ഉത്സവവുമായിരിക്കും ..

MY RATING :- 3 / 5 .

ചുമ്മാ !!!!!
———-

ഇത് പാമ്പും , പാവാടയും  വാഴുന്ന  സിനിമയാണ് … ചിരിപ്പിക്കാന്‍  വേണ്ടിയും  കുടിക്കും , കരയിപ്പിക്കാന്‍ വേണ്ടിയും കുടിക്കും…..

 

 

Posted in movie | Tagged , , , , , , , , , , , | ഒരു അഭിപ്രായം ഇടൂ

മംമ്ത ഇപ്പോള്‍ എന്ത് ചെയ്യുന്നു ? — സിനിമാക്കഥയെ വെല്ലുന്ന മംമ്തയുടെ ജീവിതം

new post poster

ശാലീന  വേഷങ്ങളും , അള്‍ട്രാ  മോഡേണ്‍  വേഷങ്ങളും  ഒരുപോലെ  കൈകാര്യം  ചെയ്യാന്‍  കഴിവുള്ള  മലയാളത്തിലെ  ചുരുക്കം ചില നടിമാരില്‍  ഒരാളാണ്  മംമ്ത. കാന്‍സര്‍  എന്ന  മഹാവ്യാധിയോട്  പടവെട്ടി  ജീവിതത്തിലേക്കും , സിനിമയിലേക്കും  തിരിച്ചുവരികയും , ആ  രണ്ടാം  വരവ്  ശക്തമായി  രേഖപ്പെടുത്തുകയും  ചെയ്ത   ഘട്ടത്തിലാണ്  രോഗം അവരുടെ  ജീവിതത്തില്‍  വീണ്ടും  കരിനിഴല്‍  വീഴ്ത്തിയത് . ഒരു വര്‍ഷം  മാത്രം നീണ്ടു  നിന്ന ദാമ്പത്യം അവരുടെ വ്യക്തിജീവിതത്തിലേറ്റ  മറ്റൊരു  തിരിച്ചടിയായി . കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ “വിത്ത്‌ ലവ് നൂറ ” , “വര്‍ഷം” എന്നീ  ചിത്രങ്ങളില്‍  മാത്രം  പ്രത്യക്ഷപ്പെട്ട  മംമ്ത 2015 അവസാനം “2 കണ്‍ട്രീസിലൂടെ ” വീണ്ടുമൊരു ഉജ്ജ്വല  തിരിച്ചുവരവ്‌  നടത്തിയിരിക്കുന്നു . കഴിഞ്ഞ വര്‍ഷങ്ങളില്‍  മംമ്ത എവിടെയായിരുന്നു ?

Hodgkin’s lymphoma എന്ന കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന മംമ്ത മുന്‍പ് കമ്മിറ്റ്  ചെയ്തതിന്‍ പ്രകാരമാണ് “വര്‍ഷ”ത്തിന്‍റെ  സെറ്റില്‍  ജോയിന്‍ ചെയ്തത് . ഷൂട്ടിംഗ് തുടങ്ങുന്നതിനു  തലേദിവസം ഭയങ്കരമായ നടുവേദന  ആരംഭിച്ചു . ഷൂട്ടിംഗ് മുടങ്ങരുത്‌  എന്ന ആഗ്രഹത്തോടെ  വേദന സഹിച്ച് മംമ്ത തന്‍റെ  ഭാഗം അഭിനയിച്ചു . ഷൂട്ടിംഗ് ലൊക്കേഷനില്‍  തന്‍റെ  വേദന മറ്റുള്ളവര്‍ അറിയാതെയും  അവര്‍ സൂക്ഷിച്ചു .

ഇതിനിടയില്‍ തന്നെ അടുത്തഘട്ട  ചികിത്സയെക്കുറിച്ച് മംമ്ത അന്വേഷണമാരംഭിച്ചു . മുന്‍പ് അമേരിക്കയില്‍ വച്ച് പരിചയപ്പെട്ട ഡോ. നീല്‍ ശങ്കറുമായി രോഗ വിവരങ്ങള്‍ ചര്‍ച്ച ചെയ്തു . അപ്പോഴാണ്‌ ഡോക്ടര്‍ ഒരു നിര്‍ദ്ദേശം  മുന്നോട്ടു വയ്ക്കുന്നത് — ഡ്രഗ് ടെസ്റ്റിംഗ് . കാന്‍സര്‍ ചികിത്സാരംഗത്ത്‌ ചില പരീക്ഷണങ്ങള്‍  നടക്കുന്നുണ്ട് . പക്ഷെ , ഗ്യാരന്റിയൊന്നും പറയുവാന്‍ കഴിയില്ല . തന്‍റെ ശരീരം ഒരു പരീക്ഷണത്തിന് വിട്ടു കൊടുക്കാന്‍ മംമ്ത തീരുമാനിച്ചു . ഷൂട്ടിംഗ് കഴിഞ്ഞയുടനെ ഒറ്റയ്ക്ക് അമേരിക്കയിലേക്ക് പറന്നു .

യൂനിവേര്‍സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ് എന്ന മെഡിക്കല്‍ സ്കൂളില്‍ കാന്‍സര്‍ സംബന്ധിച്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് . ആദ്യം എലിയിലും , പിന്നീട് ചിമ്പന്‍സിയിലും വിജയിച്ച ചികിത്സ ഇനി മനുഷ്യരിലാണ് പരീക്ഷിക്കേണ്ടത്‌ . ശരിക്കും  ഇതൊരു ട്രയലാണ് . വിജയത്തിനും , പരാജയത്തിനുമുള്ള സാധ്യത തുല്യമാണ് . പക്ഷെ , മംമ്ത സധൈര്യം ആ പരീക്ഷണത്തിന്‌  തയ്യാറായി . ഈ  ചികിത്സ മുഴുവനായി ഇമ്മ്യൂണോ തെറാപ്പിയാണ് . കീമോ എജന്റ്റ് ഇതിലില്ല . nivolumab (market name : opdivo) എന്നാണ്  മരുന്നിന്‍റെ  പേര് … ഈ മരുന്നിന്‍റെ  ട്രയലിന്  വിധേയയാകുന്ന  ആദ്യ ഇന്ത്യനും മംമ്ത തന്നെയായിരുന്നു !!!

ആദ്യ ഡോസ് എടുത്തപ്പോള്‍ മംമ്ത അസഹ്യമായ വേദന അനുഭവപ്പെട്ടു . പ്രതീക്ഷകള്‍ തകര്‍ന്നു . പക്ഷെ , ആദ്യത്തെ രാത്രിയിലെ വേദന സഹിച്ചു കഴിഞ്ഞ മംമ്തയെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് മുതല്‍ വേദന പമ്പ കടന്നു . ഇന്നേവരെ പിന്നെ വേദന അനുഭവിക്കേണ്ടിവന്നിട്ടില്ല . ആദ്യ ഡോസ് കഴിഞ്ഞ് ഓരോ അഞ്ചാഴ്ച കൂടുന്തോറും സ്കാനിംഗ്‌ ഉണ്ടായിരുന്നു . അവസാനം എടുത്ത സ്കാനിംഗില്‍ കാന്‍സര്‍ കലകള്‍ തീരെ കാണുന്നുണ്ടായിരുന്നില്ല . ഇപ്പോള്‍ മംമ്ത മരുന്നിന്‍റെ  രണ്ടാം ഘട്ട പരീക്ഷണത്തില്‍  ആണ് . മനുഷ്യന് മരുന്നിന്‍റെ എത്ര ഡോസ് മരുന്നില്‍ രോഗനിയന്ത്രണം സാധിക്കും എന്ന് കണക്കാക്കാനാണ് രണ്ടാം ഘട്ടം . അതുകൂടി അറിഞ്ഞാലേ ഇനി എത്രകാലം മരുന്ന് ഉപയോഗിക്കണം എന്നറിയാന്‍ കഴിയൂ . എങ്കിലും , ഈ ചികിത്സ വിജയിക്കും എന്ന വിശ്വാസം പരീക്ഷണം നടത്തുന്നവര്‍ പങ്കുവച്ചിട്ടുണ്ട് .

ഈ മരുന്ന് വിജയിച്ചാല്‍ തുടക്കത്തില്‍  അതിന്‍റെ  ഗുണം അമേരിക്ക , ജപ്പാന്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമേ  സാധ്യമാകൂ .

ഇപ്പോള്‍ ലോസ് ഏഞ്ചല്‍സ് എന്ന മഹാനഗരത്തില്‍ നഗരമധ്യത്തിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ച്  ചികിത്സ തുടരുകയാണ് മലയാളികളുടെ ഈ പ്രിയപ്പെട്ട അഭിനേത്രി . സൈക്കിളില്‍ നഗരം കറങ്ങുന്ന മംമ്ത വാടകയ്ക്ക് എടുത്ത കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ചികിത്സക്കായി ആശുപത്രിയില്‍ പോകുന്നത് . കൈവിട്ട ചിരിയും , സന്തോഷവും തിരിച്ചുവന്ന മംമ്തയുടെ പ്രചോദനാത്മകമായ  ജീവിതം കൂടുതല്‍ പ്രകാശമാനമാകട്ടെയെന്ന്  പ്രാര്‍ത്ഥിക്കുന്നു   …

Posted in movie | Tagged , , , | ഒരു അഭിപ്രായം ഇടൂ

മനസ്സില്‍ ഊര്‍ജ്ജം നിറച്ച് “ചാര്‍ലി “

10

 

“സ്നേഹം കാറ്റ് പോലാണ്  … നിങ്ങള്‍ക്കത്  കാണുവാന്‍ കഴിയില്ല . അനുഭവിക്കാനേ ആകൂ ” എ വാക്ക് ടു റിമംബര്‍ — നിക്കോളാസ് സ്പാര്‍ക്സ് ..

കഴിഞ്ഞ  രണ്ടുമാസത്തെ  നിര്‍ത്താതെയുള്ള  യാത്രകള്‍ മനസ്സിനും , ശരീരത്തിനുമേല്‍പ്പിച്ച  മുറിവുകളേക്കാള്‍,  അവ എനിക്ക് നിഷേധിച്ച സിനിമകളുടെ നീണ്ട നിരയാണ് നഷ്ടബോധം വളര്‍ത്തുന്ന കുറ്റബോധമായി എന്നില്‍ നിറഞ്ഞത്‌ . പക്ഷെ , ഈ ചിത്രം നഷ്ടപ്പെടുത്തുക  വയ്യതന്നെ . സിനിമയിലെ മുന്നണിയിലും , പിന്നണിയിലുമുള്ള  പ്രഗത്ഭരുടെ നിരയാണോ , എന്നിലെ ദുല്‍ഖര്‍ ആരാധകനാണോ , അണിയറയിലെ സുഹൃത്തുക്കളുടെ സാന്നിധ്യമാണോ , ഈ ചിത്രത്തിന്‍റെ പ്രൊമോഷന്‍ ജോലികളുടെ ഭാഗമായതാണോ , അതോ  ഇതെല്ലാം കൂടിച്ചേര്‍ന്നാണോ  എന്താണ്  ഈ  സിനിമയിലേക്ക് എന്നെ  കാന്തം പോലെ വലിച്ചടുപ്പിക്കുന്നത് എന്ന് വിവേചിച്ച്‌  നിര്‍വ്വചിക്കാന്‍  ഞാന്‍ അശക്തനാണ് … ജീവിതത്തിരക്കുകള്‍ എല്ലാം  മാറ്റിവച്ച് , ചലച്ചിത്രകാഴ്ചയുടെ പുതിയ വസന്തത്തിനായി , മുന്‍വിധികളുടെ ഭാണ്ഡക്കെട്ടുകള്‍ പേറാതെ , മനസ്സിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ട്‌,  തുടിക്കുന്ന ഹൃദയവും , മിടിക്കുന്ന മനസ്സുമായി ഞാനും “ചാര്‍ലി ” പ്രേക്ഷകരില്‍  ഒരാളായി …

തിയേറ്റര്‍ അന്തരീക്ഷം :-
———————-

മലയാള സിനിമയിലെ “പ്രേക്ഷക കാന്തം ” ആരെന്ന ചോദ്യത്തിന്‍റെ ഉത്തരം കൃത്യമായി വ്യക്തമാക്കുന്ന യുവാക്കളുടെ ആവേശം അണപൊട്ടിയൊഴുകുന്ന ഉത്സവാന്തരീക്ഷത്തില്‍ തിയേറ്റര്‍ പരിസരം മുങ്ങിനിവര്‍ന്നു . അവരുടെ ആവേശത്തിന്‍റെ നിലയ്ക്കാത്ത അലകള്‍ എന്നിലും ഒരു ഉന്മാദമായി  പടര്‍ന്നു  … എല്ലാ ഹൃദയങ്ങളിലും തീപടര്‍ത്തുന്ന  ഒരൊറ്റ മന്ത്രം മാത്രം — ചാര്‍ലി ….

 

പ്രമേയം :-
———-

“കാറ്റിനെ പിടിക്കാന്‍ പോകുന്നത് പോലെയാണ് അവന്‍റെ കാര്യം , പിടി കിട്ടത്തില്ല ” … ഈ സംഭാഷണ ശകലത്തിലുണ്ട് ചാര്‍ലിയുടെ കഥാപാത്രത്തിന്‍റെ സ്കെച്ച് …അവന്‍ എത്തിടുന്നിടമെല്ലാം  ഉത്സവം … ജീവിതോത്സവം …  അതാണ്‌ ചാര്‍ലി … അപ്പൂപ്പന്‍താടി പോലെ പറന്നുനടക്കുന്ന   ചാര്‍ലിയുടെ ജീവിതത്തിന്‍റെ മോഹിപ്പിക്കുന്ന  നേര്‍ക്കാഴ്ചയാണ്  ചാര്‍ലി …

സിനിമയുടെ ഉള്ളറകള്‍ :- 
———————

സഹോദരന്‍റെ വിവാഹനിശ്ചയത്തലേന്നാണ്  ടെസ്സ വീട്ടിലെത്തിയത് . പട്ടം പോലെ ജീവിതത്തില്‍ പറന്നുനടക്കാന്‍ ആഗ്രഹിക്കുന്ന അവള്‍ വീടെന്ന കാരാഗൃഹത്തില്‍ നിന്നും ഊര്‍ന്നിറങ്ങി ചേക്കേറിയത് വേറൊരു ലോകത്തായിരുന്നു …. അത്  ചാര്‍ലിയുടെ  കിളിക്കൂടായിരുന്നു … ഒരു ദേശാടനപക്ഷി പോലെ  പറന്നുനടക്കുന്ന ചാര്‍ലിയുടെ കിളിക്കൂട് … ആദ്യം ഒരു അത്ഭുതവും , പിന്നീട് ഒരു ഭ്രമാത്മകതയുമായി ചാര്‍ലി  നിറഞ്ഞപ്പോള്‍ അവന്‍റെ ഭൂതവും , വര്‍ത്തമാനവും തേടി  അവളിറങ്ങി …

ആദ്യപകുതിയില്‍ പല  കഥാപാത്രങ്ങളുടെ മനസ്സുകളുടെ ഉള്ളറകളില്‍ നിന്ന്  ചാര്‍ലി പുനര്‍ജ്ജനിക്കുമ്പോള്‍ നര്‍മ്മവും , ആവേശവും , ആത്മഹര്‍ഷവും പ്രേക്ഷകര്‍ക്ക്‌ അനുഭവവേദ്യമാകുന്നു . ഓരോ കഥാപാതവും തിരശ്ശീലയില്‍ വരച്ചിരുന്ന വ്യത്യസ്ഥാനുഭവങ്ങളിലൂടെ ഊളിയിട്ട് ടെസ്സക്ക് പിടിതരാതെ വഴുതിമാറുന്ന  ചാര്‍ലി ഒരു മരീചികയായി  പ്രേക്ഷകരിലും നിറയുന്നു . പലപ്പോഴും മനസ്സിന്‍റെ  വിങ്ങലടക്കാന്‍ പാടുപെടുന്ന  പ്രേക്ഷകരെ പൊട്ടിച്ചിരിക്കാനും ചിത്രം പ്രാപ്തമാക്കുന്നുണ്ട് . ട്രെയിലറിലെ  പല  ചോദ്യങ്ങള്‍ക്കും  ഉത്തരം നല്‍കിക്കൊണ്ട് ആവേശകരമായി ഇടവേളക്ക് തിരശ്ശീല വീഴുമ്പോള്‍ “കണ്ടത് സുന്ദരം … കാണാത്തത്  അതിസുന്ദരം”  എന്ന് മനസ്സ്  മന്ത്രിക്കുന്നുണ്ടായിരുന്നു .

ചാര്‍ലിയുടെ ജീവിതദര്‍ശനങ്ങള്‍ കൂടുതല്‍  വ്യക്തമാക്കുന്ന ; പ്രേക്ഷകരുടെയും , ടെസ്സയുടേയും മനസ്സിനെ മഥിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടുന്ന രണ്ടാം പകുതിയും മനസ്സ് നിറയ്ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നമാണ് . ദുരൂഹതയുടെ വാതായനങ്ങള്‍  ഒന്നൊന്നായി  തുറക്കപ്പെടുമ്പോള്‍ ടെസ്സയിലെന്ന പോലെ പ്രേക്ഷകരിലും ചാര്‍ലി ഒരു ആവേശമായി  പടരുന്നു . ജീവിതത്തിന്‍റെ എല്ലാ ചങ്ങലക്കെട്ടുകളില്‍   നിന്നും മുക്തനായി  സര്‍വ്വസ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഒരു അപ്പൂപ്പന്‍താടി പോലെ പറന്നുനടക്കുന്ന ചാര്‍ലിയുടെ ജീവിതം നമ്മെ കൊതിപ്പിക്കും . പരമ്പരാഗത ശീലങ്ങളേയും , വ്യവസ്ഥാപിത ചട്ടക്കൂടുകളേയും തിരസ്ക്കരിച്ചുകൊണ്ട്‌  മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന അവന്‍റെ കാഴ്ചപ്പാടുകള്‍ നമ്മുടെ ആത്മാവിനെ മൂടിയിരിക്കുന്ന അന്ധത തുടച്ചുനീക്കും … ചിത്രം  കഴിയുമ്പോള്‍ സ്വന്തം  ആത്മാവിനെ കൃത്രിമത്വത്തിന്‍റെ ഉടുവസ്ത്രമണിയിക്കാതെ പറന്നുനടക്കാന്‍,  ഹൃദയമുള്ള ആരും സ്വയമറിയാതെ  കൊതിച്ചുപോകും …
ചിത്രത്തിന്‍റെ ഒഴുക്കില്‍ സുഖകരമായി നീന്തിത്തുടിക്കുന്ന പ്രേക്ഷകരുടെ മുന്നില്‍ പെട്ടെന്ന്‍ വന്നെത്തുന്ന തടയണയെന്നോണം  പ്രത്യക്ഷപ്പെടുന്ന ക്ലൈമാക്സ്‌ തുടക്കത്തില്‍  നിരാശപ്പെടുത്തിയെങ്കിലും  പിന്നീട്  പുതുമയെ കൈയ്യെത്തിപ്പിടിച്ച് വ്യത്യസ്തമായ  അവതരണത്തിലൂടെ ഹൃദ്യമായി …

പ്രകടനങ്ങള്‍ :-
————–

സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം കൃത്യമായ വ്യക്തിത്വം നല്‍കിയതിനാല്‍    ശക്തമായ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചാര്‍ലി . സീത , KPAC ലളിത , പി.ബാലചന്ദ്രന്‍ , രണ്‍ജി പണിക്കര്‍ , നായികയുടെ കൂട്ടുകാരി , ചാര്‍ലിയുടെ അച്ഛന്‍ , അപര്‍ണ്ണ ഗോപിനാഥ് , നെടുമുടി വേണു എന്നിങ്ങനെ വേഷമിട്ടവരെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ മികവുറ്റതാക്കി . ടോവീനോക്ക് സ്ക്രീന്‍ സമയവും , പ്രകടനത്തിനുള്ള സാധ്യതകളും കുറവായിരുന്നുവെങ്കിലും രൂപഭാവങ്ങളില്‍ സ്റ്റൈലിഷ് ആയിരുന്നു . കൊച്ചിക്കാരനായ യുവാവായി നീരജ് മാധവും , പരുക്കനായ ഗുണ്ടയായി ചെമ്പന്‍ വിനോദ് ജോസും തങ്ങളുടെ കഥാപാത്രങ്ങള്‍ ഓര്‍മ്മയില്‍ തങ്ങും വിധം അവതരിപ്പിച്ചു . നിഷ്ക്കളങ്ക  ഹാസ്യത്തിലൂടെ സൗബിന്‍ ഷാഹിറും പൊളിച്ചടുക്കി . എന്നാല്‍ , ഞെട്ടിച്ചത് ഏതാനും മിനുട്ടുകള്‍ മാത്രം സ്ക്രീന്‍ പങ്കിടുന്ന കല്‍പ്പനയാണ്‌ . അടുത്തകാലത്ത് കല്‍പ്പനക്ക്  ലഭിച്ച ഏറ്റവും ശക്തമായ കഥാപാത്രം സിനിമ കഴിയുമ്പോഴും ഒരു നൊമ്പരമായി പ്രേക്ഷകരെ പിന്തുടരും .

ചാര്‍ലിക്ക് പിറകെ ഒരു ശലഭത്തെപ്പോലെ അലയുന്ന സുന്ദരിയായി പാര്‍വ്വതി ഉജ്ജ്വല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌ . “എന്ന് നിന്‍റെ മൊയ്തീനിലെ ” നാട്ടിന്‍പുറത്തുകാരിയായ കാഞ്ചനമാലയില്‍ നിന്നും നഗരത്തിന്‍റെ പ്രതിനിധിയായ ടെസ്സയിലേക്കുള്ള ദൂരം പാര്‍വ്വതി നിഷ്പ്രയാസം നടന്നു കയറിയിരിക്കുന്നു .  ഏതു റോളും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന പുതുതലമുറയിലെ സാന്നിധ്യമായി പാര്‍വ്വതി വളര്‍ന്നിരിക്കുന്നു .

ഓരോ ഫ്രേമിലും നിലയ്ക്കാത്ത ഊര്‍ജ്ജപ്രവാഹമായി  നിറയുന്ന  ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ ജീവാത്മാവും , പരമാത്മാവും .  ചാര്‍ലിയുടെ പല ഗെറ്റപ്പുകളിലും അറിയാതെ നാം മമ്മൂക്കയെ ദര്‍ശിച്ചുപോകുന്നത് യാദൃശ്ചികമല്ല . തന്നേക്കാള്‍ പ്രായവും , പക്വതയും , അനുഭവസമ്പത്തുമുള്ള കഥാപാത്രത്തിലേക്ക് അനായാസം   ദുല്‍ഖര്‍  പരകായപ്രവേശം നടത്തിയിരിക്കുന്നു . ഈ കഥാപാത്രത്തിന്‍റെ സ്വഭാവസവിശേഷതകള്‍ മുഴുവനായും മനസ്സിലും , ശരീരത്തിലും ആവാഹിക്കാനാകാം ഒരുപക്ഷെ ദുല്‍ഖര്‍ മറ്റൊരു സിനിമക്കും പിറകേ പോകാതെ ചാര്‍ലിയായി തപസ്സിരുന്നത് .  ഒരു കഥാപാത്രത്തിനായി മമ്മൂക്ക നടത്തുന്ന  ആത്മസമര്‍പ്പണം നേരിട്ട് അനുഭവിച്ചിട്ടുള്ള ദുല്‍ഖര്‍ ഒരുപക്ഷെ ആ മഹാനടന്‍റെ മികവിന്‍റെ മിഴിവേറിയ പാത പിന്തുടര്‍ന്നതുമാകാം … വെള്ളച്ചാട്ടത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങി ത്രസിപ്പിക്കുന്ന , വെള്ളക്കുതിരകള്‍ക്കൊപ്പം മറ്റൊരു യാഗാശ്വത്തെ പോലെ കുതിക്കുന്ന , അയഞ്ഞുതൂങ്ങിയ ബൊഹീമിയന്‍ കുര്‍ത്തകളില്‍ ജ്വലിക്കുന്ന ചാര്‍ലിയായി മറ്റൊരു നടനേയും  സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തത്ര പരിപൂര്‍ണ്ണമായ പ്രകടനത്തിലൂടെ ദുല്‍ഖര്‍ തന്നിലെ  നടനെ  ഉയരങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു .

ലാസ്റ്റ് വേര്‍ഡ്‌ :-
————–

മാസ്സ്  കോലാഹലങ്ങളുടെ അകമ്പടികളില്ലാതെ  ;   പകിട്ടുകളുടെയൊ  , ഭ്രമാത്മക സങ്കല്‍പ്പങ്ങളുടെയൊ ധാരാളിത്തമില്ലാതെ ,  പച്ചയായ  ജീവിത യഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന സത്യസന്ധമായ സിനിമയാണ് ചാര്‍ലി . എന്നാല്‍ ,  അവാര്‍ഡ്‌ സിനിമകളുടെ മൂടുപടമോ , കച്ചവട സിനിമകളുടെ കെട്ടുകാഴ്ചകളോ ഇല്ലാതെ  സാധാരണ പ്രേക്ഷകരെ നല്ല സിനിമകളുടെ പാതയിലേക്ക് കൈപിടിച്ചു നടത്തുന്ന   ലാളിത്യമുള്ള സിനിമയുമാണ്  ചാര്‍ലി .  ഉണ്ണി . ആര്‍ , മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥ  തന്നെയാണ് സിനിമയുടെ ശക്തി . ഉണ്ണിയുടെ മനസ്സില്‍ തൊടുന്ന സംഭാഷണങ്ങളും , തിരക്കഥയിലെ ഹൃദയത്തില്‍ മുറിപ്പാട് തീര്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളും സിനിമ കഴിഞ്ഞാലും പ്രേക്ഷകമനസ്സുകളെ  വിട്ടൊഴിയില്ല. പക്ഷെ , രണ്ടാം പകുതിയിലെ തിരക്കഥയിലെ ചില ബലഹീനതകള്‍ ചിത്രത്തെ ചെറുതായി വലിപ്പിക്കുന്നുണ്ട്. മനോഹരമായ ദൃശ്യങ്ങളാല്‍ ജ്വലിക്കുന്ന രണ്ടാം പകുതിയിലെ ഒരു  ഗാനം സിനിമയുടെ ഒഴുക്കിനെ പിറകോട്ട് വലിച്ചതായും , ചാര്‍ലിക്ക് നല്‍കിയിരിക്കുന്ന ചില സ്വഭാവസവിശേഷതകള്‍ വീരാരാധന സ്വഭാവം വച്ചുപുലര്‍ത്തുന്നതായും തോന്നി . എങ്കിലും ഇതിനെയെല്ലാം  അദമ്യമായ  പോസിറ്റീവ് ഊര്‍ജ്ജപ്രവാഹത്താല്‍ മറികടക്കാനും ചിത്രത്തിനാകുന്നുണ്ട് .

പല കഥാപാത്രങ്ങളുടെ മനസ്സുകളിലൂടെ സങ്കീര്‍ണ്ണമായി  ഉരുക്കഴിക്കുന്ന സിനിമയുടെ ഒഴുക്കിന് നേരിയ ഭംഗം പോലും ഏല്‍പ്പിക്കാത്ത   ചടുലമായ ചിത്രസംയോജനത്തിലൂടെ ഷമീര്‍ മുഹമ്മദ്‌ തന്‍റെ അരങ്ങേറ്റം അവിസ്മരണീയമാക്കി . ചാര്‍ലി എന്ന ചിത്രത്തെ തുടക്കം മുതല്‍ പ്രേക്ഷകരുടെ ആവേശമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച സമീറ സനീഷിന്‍റെ വസ്ത്രാലങ്കാരവും ഗംഭീരം . നമ്മുടെ പെണ്‍കുട്ടികള്‍ കുറേക്കാലം ആ “മൂക്കുത്തി ” തേടിയലയാന്‍ സാധ്യതയുണ്ട് …

പല രംഗങ്ങളും പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാന്‍ ദൃശ്യങ്ങളിലെ മൂര്‍ച്ചയും , ലൈറ്റിംഗിലെ നിഗൂഡതയും വലിയ പങ്കുവഹിക്കുന്നുണ്ട് . ഇത്രകാലം കൊച്ചിയില്‍  ജീവിച്ചിട്ടും കാണാത്ത ഫോര്‍ട്ട്‌ കൊച്ചിയുടെയും , മട്ടാഞ്ചേരിയുടേയും യൂറോപ്യന്‍ സൗന്ദര്യവും , മൂന്നാറിലെ മഞ്ഞണിഞ്ഞ മലകളുടെ വന്യതയും  ഏതൊരു സഞ്ചാരിയേയും കൊതിപ്പിക്കുംവണ്ണം മനോഹരമായി ചിത്രീകരിക്കാനും ജോമോന് കഴിഞ്ഞിട്ടുണ്ട് . ഓരോ രംഗത്തും ഊര്‍ജ്ജം നിറയ്ക്കുന്ന പശ്ചാത്തല സംഗീതമൊരുക്കിയ ഗോപിസുന്ദറിന്‍റെ ഈണങ്ങളും മനോഹരം .

യുവത്വം തുളുമ്പുന്ന , ലാളിത്യവും  , കുളിര്‍മ്മയും  , പുതുമയുമുള്ള  ഒരു കൊച്ചു പ്രണയചിത്രമാണ് ചാര്‍ലി  . അശ്ലീല സംഭാഷണങ്ങളോ(തുടക്കത്തിലെ ചില സംഭാഷണങ്ങള്‍ ഒഴിച്ചാല്‍ ) , ദൃശ്യങ്ങളോ  , ബുദ്ധിജീവി നാട്യങ്ങളോ ഇല്ലാത്ത ഈ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും , യുവാക്കള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ് . എന്നാല്‍ യാതൊരു തെറ്റുകുറ്റങ്ങളും ഇല്ലാത്ത മഹത്തായ ഒരു ചിത്രമോ , അടിയും , വെടിയും പുകയുന്ന മാസ്സ്  ചിത്രമോ അല്ല ഇതെന്നും ഓര്‍മ്മിപ്പിക്കട്ടെ . അമിത പ്രതീക്ഷകളുടെയും , ഹൈപ്പുകളുടെയും ഭാരം ഹൃദയത്തില്‍ പേറാതെയും  , ആസ്വാദനത്തിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടും   , മുന്‍വിധികള്‍ക്ക് അവധി കൊടുത്തും   ഈ ചിത്രം കാണുക ..  ചാര്‍ലി ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല .

MY RATING :- 3.25 / 5 

സ്റ്റോപ് ദ പ്രസ്സ് :-
—————

ചാര്‍ലി  എന്ന പേരും , ദുരൂഹമായ രൂപഭാവാദികളും , നിഗൂഡമായ ഫ്രെയിമുകളും , പിന്നെ  ആ പിരിച്ചുവച്ച മീശയും ഒരു മാസ്സ് ചിത്രമെന്ന ലേബല്‍ ചിത്രത്തിന് ചാര്‍ത്തിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് . പക്ഷെ ,  മാസ്സെന്നാല്‍  വെറും അടിയും , ഇടിയും , വെടിയും , പുകയും , മസാല കുത്തിനിറച്ച ദൃശ്യവിഴുപ്പുകളും  മാത്രമാണോ ? മറിച്ച് , ചാര്‍ലി മുന്നോട്ടുവയ്ക്കുന്ന പുതിയ ദൃശ്യഭാഷയല്ലേ , പുതിയ അവതരണ സംസ്ക്കാരമല്ലേ , ജീവിത ദര്‍ശനങ്ങളല്ലേ  യഥാര്‍ത്ഥ  മാസ്സ് ? ജീവിതത്തിന്‍റെ ചൂടും , ചൂരും , നോവും , വേവും, സന്തോഷവും , സന്താപവും  ആലങ്കാരികതകളുടെ കടും ചായങ്ങളില്‍ മുക്കിയെടുക്കാതെ , മസാലക്കാഴ്ച്ചകളുടെ പൊള്ളപ്പടപ്പുകളില്‍ അഭിരമിക്കാതെ പ്രേക്ഷകരില്‍  ആവേശമായി പടര്‍ത്തുന്ന ഈ മാജിക്കല്ലേ യഥാര്‍ത്ഥ  മാസ്സ്  ….

ഒരുവാക്ക് :-
————

സിനിമ  എന്ന കലാരൂപം പലരിലും വ്യത്യസ്തമായ  ആസ്വാദനതലങ്ങള്‍ തീര്‍ക്കുകയെന്നത് സ്വാഭാവികമാണ് . എന്നാല്‍ , ശരാശരിക്കും മേലെ നില്‍ക്കുന്ന ഒരു സിനിമയെ എഴുതി തോല്‍പ്പിക്കാനെന്നവണ്ണമുള്ള പലരുടെയും വ്യഗ്രത അത്ഭുതപ്പെടുത്തുന്നു , നിരാശപ്പെടുത്തുന്നു , ആശങ്കാകുലനാക്കുന്നു … മലയാള സിനിമയുടെ ശോഭനമായ ഭാവിക്ക് യുവതാരങ്ങളുടെ ആരാധകരെങ്കിലും ഈ അധമ സംസ്ക്കാരത്തില്‍ നിന്നും വിട്ടുനിന്നിരുന്നുവെങ്കില്‍ …. ഫാന്‍ പോരാട്ടങ്ങളില്‍ നല്ല സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നോര്‍ക്കുക — ഇന്ന് ഞാന്‍ നാളെ നീ .

 

Posted in movie | Tagged , , , , , , , , , | ഒരു അഭിപ്രായം ഇടൂ