ഉമ്മന്‍ ചാണ്ടി …..

ഉമ്മൻ ചാണ്ടി നാടിന് നല്കിയ ഏറ്റവും വലിയ സംഭാവന വിയോജിപ്പുകളോടും വിമർശനങ്ങളോടുമുള്ള ഉന്നതമായ ജനാധിപത്യ ബോധത്തിലധിഷ്ഠിതമായ സമീപനമാണ്.
നിരന്തരം വിമർശിച്ച മാധ്യമ പ്രവർത്തകർ ആരോടും അദ്ദേഹം മുഖം തിരിച്ചില്ല.
അണികളെക്കൊണ്ട് തെറി വിളിപ്പിക്കലും നുണപ്രചാരണവും നടത്തിയില്ല.
മറിച്ചദ്ദേഹം മനുഷ്യരുടെ വിയോജിക്കാനുള്ള അവകാശത്തിൻ്റെ സംരക്ഷകനായി.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ പല വികസന പ്രവര്‍ത്തനങ്ങളോടും നമ്മള്‍ വിയോജിച്ചു , ഇപ്പോഴും വിയോജിപ്പ് തുടരുന്നു .
എന്നാലും ആരോടും പകയില്ലാതെ അദ്ദേഹം ജീവിച്ചു. വിയോജിച്ചവരേയും ചേര്‍ത്ത് നിര്‍ത്തി .ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരുന്നിരുന്നെങ്കിൽ ആദ്യം ഡിജിപിയെ വിളിച്ച് വിനായകനെതിരായ കേസ് പിൻവലിക്കാനാവശ്യപ്പെടുമായിരുന്നു.
ലിബറലുകളും വിപ്ളവകാരികളും പോലും സമഗ്രാധിപത്യ പ്രവണതകൾ കാണിക്കുന്ന ഒരു കെട്ടകാലത്തിലാണ് ചേർത്ത് പിടിക്കലിൻ്റെ ആ വിശാല മനുഷ്യത്വം മാഞ്ഞ് പോകുന്നത്.
ഭരണാധികാരിയെന്ന നിലയിൽ വിയോജിപ്പുകൾ ഒരുപാട് ബാക്കിയുണ്ട്. പക്ഷെ ഒരു മനുഷ്യനും ജനാധിപത്യവാദിയുമെന്ന നിലയിൽ ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത വ്യക്തിത്വമാണ്.
ബഹുഭൂരിപക്ഷം ജനങ്ങളും നിസ്വരും ആവലാതിക്കാരും നീതി നിഷേധിക്കപ്പെടുന്നവരുമായി തുടരുന്ന ഒരു നാട്ടിൽ ഒരു മുഖ്യമന്ത്രി വില്ലേജോഫീസറുടെ അത്രയെങ്കിലും ഉയരത്തിൽ പ്രവർത്തിക്കണമെന്നദ്ദേഹം ബോധ്യപ്പെടുത്തി.
വൻ പദ്ധതികളും , അദാനിയുമല്ല ഉമ്മൻ ചാണ്ടിയ്ക്ക് ആദരമർപ്പിക്കാൻ മണിക്കൂറുകൾ കാത്തു നിന്നത്.
തങ്ങളുടെ ആവലാതികൾ കേൾക്കാൻ തയ്യാറായ നേതാവിനോട് നന്ദിയുള്ള സാധു മനുഷ്യരായിരുന്നു.

This entry was posted in movie. Bookmark the permalink.

ഒരു അഭിപ്രായം ഇടൂ