ഇനിയും വരുമോ ആ മഴക്കാലം ?

മഴ കനത്തുതുടങ്ങുന്നു. മാധ്യമങ്ങളിൽ പ്രളയത്തിന്‍റെയും, ദുരിതത്തിന്‍റെയും വാർത്തകൾ നിറയുന്നു. അവയ്ക്ക് ആമുഖമായി വെള്ളം കുതിച്ചൊഴുകുന്നതിന്‍റെയും, വഴികൾ മൂടുന്നതിന്‍റെയും, മതിലുകൾ ഇടിഞ്ഞുവീഴുന്നതിന്‍റെയും ചടുലലദൃശ്യങ്ങൾ സംയോജിപ്പിച്ച് പ്രളയാന്തരീക്ഷം സൃഷ്ടിക്കുന്നു. ആളുകൾ മഴക്കാറു കാണുമ്പോഴേ ഭയന്നുതുടങ്ങുന്നു. മഴ പെയ്യുമ്പോഴേ നാം എന്തുകൊണ്ടാണിപ്പോൾ പ്രളയം എന്നു പറഞ്ഞു നിലവിളിക്കുന്നത്?

ജൂലൈ 3 മുതലാണ് ഈ വർഷം മഴ കനത്തത്. ജൂലൈ 3 ക്രിസ്ത്യാനികൾക്ക് സെന്റ് തോമസ് ഡേ അഥവാ ദുക്റാന തിരുനാൾ ആണ് . എന്റെ ചെറുപ്പകാലത്ത് ആരും ദുക്റാന എന്നു നാക്കുളുക്കി ഒന്നും പറഞ്ഞു കേട്ടിട്ടില്ല. തോറാന എന്നാണ് സർവ്വസാധാരണമായ പ്രയോഗം. അന്നൊക്കെ മഴ ജൂൺ ഒന്നിനു തന്നെ തുടങ്ങും. ഈ മഴ തിരുവാതിര ഞാറ്റുവേല ആവുമ്പോൾ ശക്തിപ്രാപിക്കും.. ” തിരുവാതിര ഞാറ്റുവേലയ്ക്ക് തിരുമുറ്റത്തും മുള്ളാം ” എന്നാണ് വെപ്പ്. കാരണം മഴ സവിശേഷമായ ഒരു സ്ഥായിയിൽ ഇങ്ങനെ പെയ്തു കൊണ്ടേയിരിക്കും. തുള്ളി തോരില്ല. എന്നാൽ ആർത്തലച്ച് പെയ്യുകയുമില്ല.. കുരുമുളക് വള്ളി മുരിക്കിൻ കാലിനു ചുവട്ടിൽ നടുന്നത് തിരുവാതിര ഞാറ്റുവേലയ്ക്കാണ്. പാളത്തൊപ്പിവച്ചും , പ്ലാസ്റ്റിക് ചൂടിയും നടന്നു കൊടിയിടുകയും ,പുല്ലു പറിക്കയും, ആടുമേയ്ക്കയും ചെയ്യുന്ന മനുഷ്യരും കുട ചൂടിയും ,ചൂടാതെയും മഴ നനഞ്ഞും കുഴഞ്ഞും കിലോമീറ്ററുകൾ താണ്ടി സ്കൂളിൽ പോകുന്ന പിള്ളേരും സാറന്മാരുമൊക്കെ സ്ഥിരം കാഴ്ചയായിരുന്നു.. മഴ മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു….സ്വാഭാവികമായിരുന്നു..!
ജൂലൈ ആവുമ്പോഴേയ്ക്കും മഴയുടെ ഭാവം മാറും. കനക്കും .. രൗദ്രം വരും. അതുകൊണ്ടാണ് ” തോറാനയ്ക്കാറാന തോടേ പോകും ” എന്ന ചൊല്ലുണ്ടായത്. അതായത് കൊച്ചുതോടുകളിൽ പോലും ആന ഒഴുകിപ്പോകാൻ മാത്രം വെള്ളവും ശക്തിയായ ഒഴുക്കും ഉണ്ടാവുമെന്ന് .. അതിനുമാത്രം വലിയ മഴ തോരാമഴ പെയ്യുമെന്ന് …!! എന്നിട്ട് ആരേലും പേടിച്ചിരുന്നോ .. ഇല്ല … കാലത്ത് കോരിച്ചൊരിയുന്ന മഴയത്ത് ആരാധനാലയങ്ങളില്‍ പോകും .. മഴയിലൂടെ നടന്നും ഒറ്റത്തടിപ്പാലം കടന്നും തൂക്കുപാലത്തിനൊപ്പം ഊഞ്ഞാലാടിയും പോകേണ്ടിടങ്ങളിൽ പോയി . പിള്ളേർ നനഞ്ഞൊലിച്ച് പള്ളിക്കൂടം പൂകി.. മിഥുനം കർക്കടകം മാസങ്ങളിൽ മഴ പെയ്യരുതെന്ന് ആരും പറഞ്ഞില്ല .. മഴയെ കാത്തിരുന്നു .. കരുതലോടെ .. !കാലം പോകെ എന്നു മുതലാണു കാലവർഷം നമുക്കു മഴക്കെടുതിയായി പരിണമിച്ചത്? ദൃശ്യമാധ്യമങ്ങൾ വന്നതു മുതലാണോ? കൃത്യമായി ഓർത്തെടുക്കാൻ പറ്റുന്നില്ല … ഏതായാലും അമ്പതു വർഷം മുന്‍പും കേരളത്തിൽ കാലവർഷം ഉണ്ടായിരുന്നു … തുള്ളി തോരാത്ത മഴ ഉണ്ടായിരുന്നു .. തുള്ളിക്കൊരുകുടം പേമാരിയും ഉണ്ടായിരുന്നു .. മഴയ്ക്കിണങ്ങുംവിധം വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു ..വെള്ളം കേരളത്തിന്‍റെ അഴകാണ്; കരുത്താണ്; വേരുകളിലേക്കു പകർന്ന് ചില്ലകളിലേക്കു പടരുന്ന തഴപ്പാണ്. പകുത്ത ഒരു പാവയ്ക്കയുടെ ആകൃതിയിൽ ആകാശക്കാഴ്ചയിൽപ്പോലും കരിംപച്ച നിറത്തിൽ ഈ നാടു വേറിട്ടു കാണുന്നെങ്കിൽ അതിനു മൂലകാരണം ജലമാണ്. നാല്പത്തിനാലു പുഴകളും അവയുടെ എണ്ണമറ്റ കൈവഴികളും തോടുകളും കുളങ്ങളും തടാകങ്ങളും അതിരു കാക്കുന്ന കടലും ചേർന്ന ജലവ്യൂഹത്തിനുള്ളിലെ തുരുത്തുകളെയെല്ലാം ചേർത്താണു കേരളം എന്നു നാം പറഞ്ഞുപോരുന്നത്. ജലം തരുന്ന സമൃദ്ധിയുടെ ഊറ്റത്തിലാണു നാം വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും കണക്കുകൾ പറയുന്നത്.

ഒരുപക്ഷെ 2018- ഇലെ പ്രളയം മുതലാകാം മലയാളി മഴയെ ഇത്രമാത്രം ഭയപ്പെട്ടു തുടങ്ങിയത് . അത് ശരിക്കുമൊരു
ദുരിതകാലം തന്നെയായിരുന്നു . എന്നാല്‍ അതിനുശേഷം മണ്ണും , ചെളിയും നീക്കാത്ത പുഴകളും , തോടുകളും , ഡാമുകളും ചെറിയ മഴയത്ത് പോലും പ്രളയപ്രതീതി സൃഷ്ടിച്ചു . കട്ടന്‍ ചായയും , കായ വറുത്തതും
കഴിച്ച് മഴയുടെ സംഗീതം ശ്രവിക്കാന്‍ കാത്തിരിക്കുന്ന ആ കാലം ഇനിയും വരുമോ ?

This entry was posted in movie. Bookmark the permalink.

ഒരു അഭിപ്രായം ഇടൂ