പ്രിയപ്പെട്ട ആഷിക്കും , റീമയും അറിയാന്‍ ………..

finalആഷിക് അബു എന്ന സംവിധായകന്‍റെ “സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ” ഒഴിച്ച് ഒരു ചിത്രത്തേയും ഞാന്‍ അകമഴിഞ്ഞ് അനുമോദിച്ചിട്ടില്ല . ആഷിക് എന്ന സംവിധായകന്‍ പലപ്പോഴും തന്‍റെ കലാസൃഷ്ടികളിലൂടെ കഴിവ് തെളിയിച്ചപ്പോഴും അദ്ദേഹം തന്‍റെ ചിത്രങ്ങളിലൂടെ പുറംതള്ളിയിരുന്ന സാമൂഹിക മാലിന്യങ്ങള്‍ എന്നിലെ സമൂഹ സ്നേഹിയെ ആശങ്കാകുലനാക്കി . അതിനാല്‍ തന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന അത്തരം ആശയങ്ങളെ ഞാന്‍ എന്നും വിമര്‍ശിച്ചിട്ടെയുള്ളൂ . ആഷിക് സിനിമ വഴിയല്ലാതെ മുഖ പുസ്തകം വഴിയും പലരുടേയും വെറുപ്പ്‌ ആവോളം സമ്പാദിച്ചു . അദ്ദേഹത്തിന്‍റെ അവസാനത്തെ ചിത്രം “ഇടുക്കി ഗോള്‍ഡ്‌ ” ഒരു കലാസൃഷ്ടിയെന്ന നിലയില്‍ കുറച്ചൊക്കെ മികവ് തെളിയിച്ചുവെങ്കിലും ആ ചിത്രവും , പുറം തള്ളേണ്ട പല സാമൂഹിക തിന്മകളെയും സാമാന്യവത്ക്കരിക്കുകയും , കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തു . റീമയേയും കുറച്ചൊക്കെ അറിയാവുന്നതിനാല്‍ അവരുടേയും ജീവിതശൈലിയില്‍ തുടക്കം മുതലേ ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് . ഒരു പക്ഷെ , ആഷിക് – റീമ ബന്ധത്തെക്കുറിച്ച് വിമര്‍ശനാത്മകമായി മുഖപുസ്തകത്തില്‍ വന്ന ആദ്യത്തെ സുദീര്‍ഘമായ കുറിപ്പ് എന്റെതായിരിക്കാം ….

ആഷിക് ഇത്തരത്തില്‍ സ്ത്രീപുരുഷ ബന്ധങ്ങളെ ഇഷ്ടം പോലെ വ്യാഖ്യാനിക്കുന്നത് കണ്ടപ്പോള്‍ സ്വന്തം ജീവിതത്തിലെ ചെയ്തികളെ ന്യായീകരിക്കാനാണോ എന്ന് സംശയം തോന്നുകയും ചെയ്തു . എന്നാല്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ആഷിക്കും , റീമയും വിവാഹിതരായി . അവര്‍ വിവാഹിതരായതിന്‍റെ ആനന്ദാശ്രുക്കള്‍ അടക്കാനാകാതെയൊന്നുമല്ല ഞാനീ കുറിപ്പെഴുതുന്നത് . മറിച്ച് , അവര്‍ കല്യാണം കഴിച്ച രീതിയും , ആഘോഷിച്ച രീതിയും ആണ് ഈ കുറിപ്പിന് ആധാരം .

എത്ര വലിയ ആദര്‍ശ വാദിയും സ്വന്തം കാര്യം വരുമ്പോള്‍ പറഞ്ഞതൊക്കെ കാറ്റില്‍ പറത്തുക സ്വാഭാവികമാണ് . കേരളത്തിലെ ഒരു കാലത്തെ യുവജനങ്ങളുടെ മനസ്സില്‍  വിപ്ലവാവേശം നിറച്ച , കേരള ജനതയുടെ മുന്‍പില്‍ വിപ്ലവം പ്രസംഗിച്ച , എഴുതിയ , പാടിയ ഒരു കവി , സ്വന്തം മകള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചപ്പോള്‍ വികാരക്ഷോഭം അടക്കാനാവാതെ ആശുപത്രിയിലായ കഥ പലര്‍ക്കുമറിയാമായിരിക്കും. എന്നാല്‍ , ഇവിടെ താന്‍ എടുക്കുന്ന സിനിമകളിലെ നായകന്മാരെപ്പോലെയാകാതെ തന്‍റെ കാമുകിയെ അന്തസ്സായി കൂടെ കൂട്ടിയിരിക്കുന്നു ആഷിക് .

കല്യാണ ദിവസം തിരഞ്ഞെടുക്കുന്ന കാര്യം തൊട്ട് ആഷിക് – റീമ ജോടികള്‍ മലയാളിത്തവും , ലാളിത്യവും ഒരുപോലെ കാത്തുസൂക്ഷിച്ചു . എല്ലാ മതസ്ഥരും രഹസ്യമായി നാളും , മുഹൂര്‍ത്തവും നോക്കുന്ന ഇക്കാലത്ത് , മലയാളിത്തവും , കേരളീയതയും വാചകക്കസര്‍ത്തുകള്‍ മാത്രമാകുന്ന ഇക്കാലത്ത് , കേരളപ്പിറവി ദിനത്തില്‍ മുഹൂര്‍ത്തത്തിന്‍റെ തീട്ടൂരങ്ങളില്ലാതെ രണ്ടു റോസാപുഷ്പാലംകൃതമായ മാലകള്‍ പരസ്പരം അണിയിച്ച് ലളിതമായി അവര്‍ വിവാഹിതരായപ്പോള്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന പല മാമൂലുകളും തകര്‍ന്നു വീണു .

മാത്രമോ , കല്യാണത്തിന് തലേദിവസം ആഷിക് – റീമ ജോടികള്‍ 10 ലക്ഷം രൂപ കാന്‍സര്‍ രോഗികളുടെ ചികിത്സാചെലവിനായി സംഭാവന ചെയ്തു . വിവാഹത്തലേന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കുള്ള നാലുനേരത്തെ ഭക്ഷണത്തിന്‍റെ ചെലവും വഹിച്ചു . ആശുപത്രിയില്‍ അഡ്മിറ്റായിട്ടുള്ള 521 പേര്‍ക്കാണ് ഇവരുടെ സഹായത്തോടെ ഭക്ഷണം നല്‍കിയത് . പ്രശസ്തരുടെ വിവാഹങ്ങള്‍ വിവാഹമാമാങ്കങ്ങള്‍ ആയിമാറുന്ന ഇക്കാലത്ത് വന്‍കിട അതിഥികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നതിന് പകരം സമൂഹത്തിലെ താഴെക്കിടയിലുള്ള വേദന അനുഭവിക്കുന്ന ഒരു പറ്റം മനുഷ്യരോട് ഈ ദമ്പതികള്‍ കാണിച്ച കരുണ തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്നു . ഇതൊന്നും കൂടാതെ , രണ്ടുപേരും അവരവരുടെ മതങ്ങളില്‍ തന്നെ തുടരാന്‍ തീരുമാനിച്ച് യുവജനങ്ങള്‍ക്ക് മാതൃകയാകാനും അവര്‍ക്ക് കഴിഞ്ഞു .

ഞാന്‍ ഈ രണ്ടു ദിവസങ്ങളില്‍ വ്യക്തിപരമായ ചില കാരണങ്ങളാല്‍ വിഡ്ഢിപ്പെട്ടി കാണുവാന്‍ പോലും കഴിയാതിരുന്നതിനാല്‍ ഇന്നലെ മുഴുവന്‍ ചാനലുകളും മാറി മാറി ഈ വാര്‍ത്തക്കായി വച്ചു നോക്കി . എന്നാല്‍ അവരെല്ലാം ശ്വേതാമേനോന്‍റെ പിറകെ പോയതിനാലോ എന്തോ എവിടേയും ഈ വാര്‍ത്ത കണ്ടില്ല . അല്ലെങ്കിലും സമൂഹത്തിന് മാതൃകയാവുന്ന നല്ല വാര്‍ത്തകള്‍ ആര്‍ക്കും വേണ്ടല്ലോ .

ഞാന്‍ ആഷിക്കിനേയും , ആഷിക് പ്രതിനിധാനം ചെയ്യുന്ന ആദര്‍ശങ്ങളെയും പലപ്പോഴും എതിര്‍ത്തിട്ടുണ്ട് . കലാകാരി സമൂഹത്തിന്‍റെ  പൊതുസ്വത്താണ് എന്ന സ്വാതന്ത്ര്യത്തില്‍  റീമയേയും പലപ്പോഴും ഞാന്‍ തുറന്ന് എതിര്‍ത്തിട്ടുണ്ട് . അപ്പോള്‍ , അവര്‍ സമൂഹത്തിന് മാതൃകയായി ആദര്‍ശ പൂര്‍ണ്ണമായ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ അഭിനന്ദിക്കുകയും ചെയ്യേണ്ടേ ? വിമര്‍ശിക്കാന്‍ മാത്രമുള്ളതല്ലല്ലോ നമ്മുടെ തൂലികകള്‍ .

മൊത്തം സമൂഹത്തിനും മാതൃകാപരമായ ഈ പ്രവര്‍ത്തിക്ക് അഭിനന്ദനങ്ങള്‍ ആഷിക് – റീമ … ആഷിക്കിന്‍റെ സിനിമയിലെ കുടുംബ ബന്ധങ്ങള്‍ പോലെയാകാതിരിക്കട്ടെ നിങ്ങളുടെ ദാമ്പത്യജീവിതം . നിങ്ങളുടെ കുടുംബ ജീവിതവും , നിങ്ങളുടെ വിവാഹം പോലെ സമൂഹത്തിന് മാതൃകയാവട്ടെ ……………….

This entry was posted in movie and tagged , , . Bookmark the permalink.

ഒരു അഭിപ്രായം ഇടൂ